ഭരണഘടനാ സ്ഥാപനങ്ങൾ ഭരിക്കുന്നവരുടെ ചട്ടുകങ്ങൾ


സ്വന്തം ലേഖകൻ
Published on Sep 28, 2026, 03:49 AM | 1 min read
ന്യൂഡൽഹി
: ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്വതന്ത്ര സംവിധാനങ്ങളുടെയും സ്വയംഭരണാധികാരം ഇല്ലാതാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ആയുധമാക്കി മോദിസർക്കാർ. 12 വർഷമായി തുടരുന്ന മോദി ഭരണം തെരഞ്ഞെടുപ്പ് കമീഷൻ, നീതിന്യായ സംവിധാനം, കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി), ഗവർണർ ഓഫീസുകൾ, കേന്ദ്ര അന്വേഷണ ഏജൻസികൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും നിഷ്‌പക്ഷതയും ഘട്ടംഘട്ടമായി തകർത്തു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യത്തെ സംരക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്തമുള്ള കമീഷനെ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും ഹീനമായ രാഷ്ട്രീയതാൽപ്പര്യങ്ങൾ സംരക്ഷിക്കാനും അധികാരത്തുടർച്ച സുഗമമാക്കാനുമുള്ള സംവിധാനമായി അധഃപതിപ്പിച്ചു. അശോക് ലവാസയെപോലെ സ്വതന്ത്ര നിലപാടുകളുള്ള ഉദ്യോഗസ്ഥരെ പുകച്ചു പുറത്തുചാടിച്ച്, ഗ്യാനേഷ്‌കുമാറിനെ പോലെയുള്ള ആജ്ഞാനുവർത്തികളെ താക്കോൽസ്ഥാനങ്ങളിൽ പ്രതിഷ്‌ഠിച്ചു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ മോദിക്കും അമിത്‌ഷായ്‌ക്കും എതിരായ പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ നടപടി വേണമെന്ന കർശനനിലപാടെടുത്ത അശോക് ലവാസയെ സർക്കാരും ബിജെപിയും വേട്ടയാടി. ഗത്യന്തരമില്ലാതെ രാജിവെച്ച ലവാസ പിന്നീട് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് വൈസ് പ്രസിഡന്റായി. രാജിവെച്ചില്ലായിരുന്നെങ്കിൽ അശോക് ലവാസ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകുമായിരുന്നു.
തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിൽ സുതാര്യത ഉറപ്പാക്കാൻ നിയമനസമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കൂടി അംഗമാക്കണമെന്ന 2023ലെ സുപ്രീംകോടതിയുടെ ചരിത്രവിധിയുണ്ടായിരുന്നു. എന്നാൽ ഇത് അട്ടിമറിച്ച് പ്രധാനമന്ത്രി ശുപാർശ ചെയ്യുന്ന കേന്ദ്രമന്ത്രിയെ സമിതിയിൽ അംഗമാക്കി.
2024 മാർച്ചിൽ മോദിയും അമിത്‌ഷായും അംഗങ്ങളായ സമിതിയാണ് ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചത്. 2025 ഫെബ്രുവരിയിൽ രാജീവ്‌കുമാർ വിരമിച്ചപ്പോൾ ഗ്യാനേഷ്‌കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറാക്കി. ഇതിനുശേഷം, ഗ്യാനേഷ് കുമാർ സ്വീകരിച്ച ഓരോ നടപടിയും തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്‌പക്ഷതയും വിശ്വാസ്യതയും കളഞ്ഞുകുളിക്കുന്നതായിരുന്നു. കേന്ദ്രസർക്കാരിന്റെ ജഡ്‌ജി നിയമന നിയമം (എൻജെഎസി) ഭരണഘടനാബെഞ്ച് റദ്ദാക്കിയതിന് ശേഷം സുപ്രീംകോടതി ജഡ്‌ജിമാരുടെ നിയമനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ വരുത്തിയ അനാവശ്യ കാലതാമസവും മറ്റും നീതിന്യായസംവിധാനത്തെ കടുത്ത സമ്മർദത്തിലാക്കി.









0 comments