വിമാനത്തിന്റെ എമർജൻസി വാതിൽ തല്ലിത്തുറക്കാൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

ജംഷീർ
നെടുമ്പാശേരി
കൊച്ചി വിമാനത്താവളത്തിലിറങ്ങുന്നതിനിടെ ബാത്തിക് എയർ വിമാനത്തിന്റെ എമർജൻസി വാതിൽ തല്ലിത്തുറക്കാൻ ശ്രമിച്ച യാത്രികനെ അറസ്‌റ്റ് ചെയ്‌തു. പാലക്കാട് കൂറ്റനാട് അത്താണിക്കൽ ജംഷീറാണ് (34) പിടിയിലായത്. വ്യാഴം പുലർച്ചെ 2.40ന് വിമാനം ലാൻഡ് ചെയ്യാൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് ഇയാൾ വിമാനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.
കോലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ബാത്തിക് എയർ ഫ്ലൈറ്റ് ഒ ഡി 231 ലാണ് വൻ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകുന്ന സംഭവമുണ്ടായത്. എമർജൻസി വിൻഡോ സീറ്റിലിരുന്ന ജംഷീർ വിൻഡോ പാനലിന്റെ ഒരു പാളി അടിച്ചുപൊട്ടിക്കുകയും തുടർന്ന് വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്ന സഹയാത്രികരും വിമാന ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി.
വിമാനം ലാൻഡ് ചെയ്ത ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് കൂടുതൽ നിയമനടപടികൾക്കായി നെടുമ്പാശേരി പൊലീസിന് കൈമാറി. പ്രതിയെ റിമാൻഡ് ചെയ്തു.
യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തിൽ ബാത്തിക് എയർ കന്പനിയും നടപടി ആരംഭിച്ചിട്ടുണ്ട്. ജനൽ പാനലിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് സാങ്കേതിക പരിശോധനയും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയശേഷമാണ് വിമാനത്തിന് സർവീസ് തുടരാൻ അനുമതി നൽകിയത്. തുടർന്ന് വിമാനം മടക്ക സർവീസിനായി പുറപ്പെട്ടു.










0 comments