തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്രം ഇല്ലാതാക്കുന്നു: പിണറായി

കയ്യൂർ തൊഴിലാളികൾ ത്യാഗപൂർണമായ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി കേന്ദ്ര സർക്കാർ ഇല്ലാതാക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പിണറായി വിജയൻ പറഞ്ഞു. സിപിഐ എം ആലന്തട്ട സെൻട്രൽ ബ്രാഞ്ച് ഓഫീസിനായി നിർമിച്ച ചീമേനി രക്തസാക്ഷി മന്ദിരം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ കോഡിലൂടെ അത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ പരിരക്ഷയും കോർപറേറ്റുകൾക്കാണ്. അവരുടെ കടം എഴുതിത്തള്ളുന്നു. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ പുതിയ നിയമനമില്ല. രാജ്യത്ത് അസമത്വം പെരുകുകയാണ്. സെൻസസിനെ സാധാരണ നിലയിൽ എതിർക്കേണ്ട കാര്യമില്ല. എന്നാൽ പൗരത്വത്തെയും ദേശീയ പൗരത്വ രജിസ്‌റ്റിനെയുമെല്ലാം ബന്ധിപ്പിച്ചുള്ള നീക്കമാണ് സെൻസസിന്റെ കാര്യത്തിൽ നടക്കുന്നത്. ഇൗ രാജ്യത്ത് പാരന്പര്യമായി ജീവിക്കുന്നവർക്ക് രാജ്യം നഷ്ടമാവുമോ എന്ന ആശങ്ക ഉണ്ടാവുകയാണ്. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ വ്യക്തമാക്കിയതാണ്. ഇത് തുടരാൻ യുഡിഎഫ് സർക്കാർ തയ്യാറുണ്ടോ. പിണറായി ചോദിച്ചു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ഗവർണറെ ഉപയോഗിച്ച് കൈപ്പിടിയിൽ ഒതുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രിയാണ് പേര് നൽകേണ്ടത്. അതനുസരിച്ച് നിയമനം നടത്താൻ ഗവർണർ ബാധ്യസ്ഥനാണ്. എംജി സർവകലാശാല വിസിയായി ഗവർണർ സംഘപരിവാറുകാരനെ നിയമിക്കുകയാണ്. അതിനെതിരെ ശബ്ദിക്കേണ്ടേ. ഇത്തരം വിഷയങ്ങൾ ഉണ്ടായപ്പോൾ എൽഡിഎഫ് നിയമ പോരാട്ടം നടത്തിയതാണ്. ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നു ഞങ്ങൾ ഗവർണറുമായി തർക്കത്തിനില്ല എന്ന് വെറുതെ തർക്കിക്കേണ്ട. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കണത്തെ തടയേണ്ടേ. പിണറായി പറഞ്ഞു.









0 comments