വിലക്കയറ്റം രൂക്ഷം
ഓണത്തിന്റെ നിറംകെടുത്തുമോ

കൊച്ചി
ഓണാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് നാട്.
അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് വില കൂടിയത് ഓണത്തിന്റെ പ്രധാന ആകർഷണമായ സദ്യയൊരുക്കലിനെ ബാധിക്കുമോ എന്നതാണ് ഏറെ ആശങ്കക്കിടയാക്കുന്നത്. ഹോട്ടലുകളിലെ ഓണസദ്യക്ക് കഴിഞ്ഞതവണ 150–500 രൂപവരെയാണ് ഇൗടാക്കിയിരുന്നത്. സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ഇത്തവണ വില കൂട്ടേണ്ട സാഹചര്യമാണെന്ന് വ്യാപാരികൾ പറഞ്ഞു.
രണ്ടുതരം പായസവും കറികളും ഉൾപ്പടെ 20–24 വിഭവങ്ങളാണ് ഹോട്ടലുകളിലെ സദ്യയിൽ ഉണ്ടാകാറുള്ളത്. ചോറ്, ശർക്കരവരട്ടി, ഉപ്പേരി, മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ, ഇഞ്ചി പുളി, പച്ചടി, കിച്ചടി, അവിയൽ, തോരൻ, കൂട്ടുകറി, കാളൻ, സാന്പാർ, രസം, പച്ചമോര്, പായസം, പഴം, പപ്പടം എന്നിവയാണ് പ്രധാന വിഭവങ്ങൾ. വാഴയില, ഉപ്പ് എന്നിവയും ഒപ്പമുണ്ടാകും.
വിഭവങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിലയിലും വ്യത്യാസംവരും. മിക്ക ഹോട്ടലുകളിലും പുറമെനിന്ന് പാചകക്കാരെ വിളിച്ചാണ് സദ്യ തയ്യാറാക്കുന്നത്. ഇതിന് വലിയ തുക ചെലവാകും. കൂടാതെ പാൽ, പച്ചക്കറി, പലചരക്കുസാധനങ്ങളുടെ വിലക്കയറ്റവും തൊഴിലാളികളുടെ ശന്പളം കൂടിയതും തിരിച്ചടിയായി. വിഭവങ്ങൾ പാഴ്‌സലായി നൽകുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾക്കും ചെലവേറെയാണ്.
ഓണക്കാലത്ത് സദ്യയും പായസമേളയും ഹോട്ടലുകളുടെ പ്രധാന വരുമാനമാർഗമാണ്. ഏഴുമുതൽ പത്ത് ദിവസംവരെയാണ് സദ്യ തയ്യാറാക്കുന്നത്. ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. നഗരമേഖലകളിലുള്ളവരാണ് ആവശ്യക്കാരിൽ ഏറെയും. ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ഓണാഘോഷ പരിപാടികൾക്കും കൂടുതൽ ആശ്രയിക്കുന്നത് ഹോട്ടലുകളെ തന്നെ. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ വിഭവങ്ങളുടെ എണ്ണം കുറച്ച് സദ്യ തയ്യാറാക്കേണ്ട അവസ്ഥയിലാണ്. വിലകൂട്ടിയാൽ ആവശ്യക്കാർ കാറ്ററിങ് യൂണിറ്റുകളെ ആശ്രയിക്കുമോയെന്നും ഹോട്ടൽ വ്യാപാരികൾക്ക് ആശങ്കയുണ്ട്.










0 comments