ad
Deshabhimani

വിദ്യാർഥികളെ ദ്രോഹിക്കുന്ന കേന്ദ്ര ഏജൻസി

editorial today
വെബ് ഡെസ്ക്

Published on Aug 19, 2026, 01:01 AM | 2 min read

ദേശീയതലത്തിൽ വിവിധ മത്സരപരീക്ഷകൾ നടത്താൻ കേന്ദ്രസർക്കാർ എട്ടുവർഷംമുമ്പ്‌ രൂപീകരിച്ച നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻടിഎ) പൂർണപരാജയമാണെന്ന്‌ ആവർത്തിച്ച്‌ തെളിയുകയാണ്‌. നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയ്‌ക്കുപിന്നാലെ എൻടിഎ നടത്തിയ യുജിസി–നെറ്റ്‌ പരീക്ഷയിലും ഗുരുതരവീഴ്‌ച സംഭവിച്ചു. ഇംഗ്ലീഷ്‌, കൊമേഴ്‌സ്‌, സോഷ്യോളജി എന്നീ മൂന്ന്‌ വിഷയങ്ങളുടെ പരീക്ഷ റദ്ദുചെയ്‌ത എൻടിഎ, ഇപ്പോൾ പുനഃപരീക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇ‍ൗ മൂന്ന്‌ വിഷയങ്ങളിൽ പരീക്ഷയെഴുതിയ ഒന്നരലക്ഷത്തോളം വിദ്യാർഥികളെയാണ്‌ എൻടിഎ ദ്രോഹിക്കുന്നത്‌.


നീറ്റിലും യുജിസി–നെറ്റ്‌ പരീക്ഷയിലും മാത്രം ഒതുങ്ങുന്നതല്ല എൻടിഎയുടെ വീഴ്‌ചകൾ. 2018 സെപ്‌തംബറിൽ പ്രവർത്തനം ആരംഭിച്ചതുമുതൽ എൻടിഎ സംഘടിപ്പിക്കുന്ന പരീക്ഷകളിൽ തുടർച്ചയായി പാളിച്ചകളും വീഴ്‌ചകളും സംഭവിക്കുകയാണ്‌. നീറ്റ്‌, ജെഇഇ, സിയുഇടി, യുജിസി–നെറ്റ്‌ തുടങ്ങി രാജ്യത്തെ സുപ്രധാന പരീക്ഷകളുടെ നടത്തിപ്പുചുമതലയാണ്‌ എൻടിഎയ്ക്കുള്ളത്‌. 2024ൽമാത്രം എൻടിഎ സംഘടിപ്പിച്ച 14 മത്സരപരീക്ഷകളിൽ അഞ്ചെണ്ണത്തിൽ ഗുരുതരവീഴ്‌ച സംഭവിച്ചതായി പാർലമെന്റിന്റെ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി കണ്ടെത്തിയിരുന്നു. അക്കൊല്ലം നീറ്റ്‌, യുജിസി–നെറ്റ്‌, സിയുഇടി അടക്കമുള്ള പ്രവേശനപരീക്ഷകളിലാണ്‌ പാളിച്ച സംഭവിച്ചത്‌. 2024ലെ നീറ്റ്‌ പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നത്‌ വലിയ വിവാദമായി. ചോർച്ച ഉണ്ടായില്ലെന്ന്‌ എൻടിഎ അവകാശപ്പെട്ടെങ്കിലും സിബിഐ അന്വേഷണത്തിൽ ചോർച്ച സ്ഥിരീകരിച്ചു. ആ വർഷംതന്നെ വിവിധ വിഷയങ്ങളിലെ യുജിസി–നെറ്റ്‌ പരീക്ഷ അപ്പാടെ എൻടിഎ റദ്ദാക്കി. എന്താണ്‌ കാരണമെന്നുപോലും വ്യക്തമാക്കാതെയായിരുന്നു റദ്ദാക്കൽനടപടി. 11 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ അക്കൊല്ലം നെറ്റ്‌ പരീക്ഷ എഴുതിയത്‌. പുനഃപരീക്ഷയ്ക്ക്‌ എത്തിയത്‌ ഏഴുലക്ഷത്തിൽ താഴെമാത്രം വിദ്യാർഥികൾ. വീണ്ടും പരീക്ഷ എഴുതേണ്ടിവരുന്നത്‌ ലക്ഷക്കണക്കിന്‌ വിദ്യാർഥികൾക്ക്‌ താങ്ങാൻ കഴിയുന്നതല്ലെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. 2024ലെ സിഎസ്‌ഐആർ–യുജിസി പരീക്ഷയും കാരണം വ്യക്തമാക്കാതെ എൻടിഎ റദ്ദുചെയ്‌തു. ആ വർഷത്തെ സിയുഇടി പരീക്ഷയിലും ഗുരുതരവീഴ്‌ചകൾ സംഭവിച്ചു.


മുഖം രക്ഷിക്കാൻ ഐഎസ്‌ആർഒ മുൻ തലവൻ കെ രാധാകൃഷ്‌ണന്റെ അധ്യക്ഷതയിൽ ഉന്നതതലസമിതിക്ക്‌ രൂപംനൽകിയെങ്കിലും സമിതി മുന്നോട്ടുവച്ച നിർദേശങ്ങളിൽ എന്തു നടപടി സ്വീകരിച്ചുവെന്ന്‌ കേന്ദ്രം ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ നന്ദൻ നിലേക്കനി തലവനായി മറ്റൊരു ഉന്നതാധികാര കർമസമിതിക്ക്‌ കേന്ദ്രം രൂപംനൽകിയിരിക്കുന്നു.


വിദ്യാഭ്യാസമടക്കം എല്ലാ മേഖലകളുടെയും കേന്ദ്രീകരണം സംഘപരിവാർ അജൻഡയാണ്‌. ഇ‍ൗ ലക്ഷ്യം മുൻനിർത്തിയായിരുന്നു എൻടിഎ രൂപീകരണം. നിയമനിർമാണംവഴി രൂപീകരിക്കുന്നതിനുപകരം എൻടിഎയെ സർക്കാർ സൊസൈറ്റിയായാണ്‌ രജിസ്റ്റർ ചെയ്‌തത്‌. സ്വയംഭരണസ്ഥാപനമെന്ന ‘മേൽവിലാസ’മുണ്ടെങ്കിലും ഏജൻസിയെ പൂർണമായും നിയന്ത്രിക്കുന്നത്‌ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയമാണ്‌. ചെയർമാനെയും ഡയറക്ടർ ജനറലിനെയും പ്രധാന ഡയറക്ടർമാരെയും നിയമിക്കുന്നത്‌ കേന്ദ്രം. ഭരണസമിതിയിലേക്ക്‌ അംഗങ്ങളെ ശുപാർശ ചെയ്യുന്നതും സർക്കാർതന്നെ. സർക്കാരിന്റെ നയനിർദേശങ്ങൾ പ്രകാരമാകണം എൻടിഎയുടെ പ്രവർത്തനമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്‌.

നിലവിൽ എൻടിഎ ചെയർമാനായ പി കെ ജോഷി പ്രമുഖ ബിജെപി നേതാക്കളുടെ വിശ്വസ്‌തനായിരുന്നു. ബിജെപി ശുപാർശയിൽ ജോഷി മധ്യപ്രദേശ്‌ പിഎസ്‌സി ചെയർമാനായി; തുടർന്ന്‌ ഛത്തിസ്‌ഗഡ് പിഎസ്‌സിയുടെയും തലപ്പത്തെത്തി. മോദിസർക്കാർ അധികാരത്തിൽ എത്തിയശേഷം ആദ്യം യുപിഎസ്‌സി അംഗവും പിന്നീട്‌ യുപിഎസ്‌സി ചെയർമാനുമായി. 2023ലാണ്‌ എൻടിഎയുടെ തലപ്പത്തെത്തിയത്‌. ജോഷി ചുമതലയേറ്റശേഷം 15 വട്ടമെങ്കിലും പരീക്ഷാനടത്തിപ്പിൽ വീഴ്‌ച സംഭവിച്ചതായി പരാതി ഉയർന്നു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കേണ്ടി വന്നപ്പോഴും ജോഷിയുടെ സ്ഥാനത്തിന്‌ ഇളക്കമുണ്ടായില്ല. ജോഷി സംഘപരിവാറിന്‌ അത്രമാത്രം വേണ്ടപ്പെട്ടയാളെന്ന്‌ വ്യക്തം. ഐഎഎസ്‌ ഉദ്യോഗസ്ഥനായ അഭിഷേക്‌ സിങ്ങാണ്‌ എൻടിഎ ഡയറക്ടർ ജനറൽ.


നെറ്റ്‌ പരീക്ഷയുടെ റദ്ദാക്കൽകൂടിയായതോടെ എൻടിഎയുടെ പ്രസക്തിതന്നെയാണ്‌ ചോദ്യംചെയ്യപ്പെടുന്നത്‌. എൻടിഎ പിരിച്ചുവിടണമെന്ന ആവശ്യം ഇടതുപക്ഷ പാർടികളും വിദ്യാർഥിസംഘടനകളും മുന്നോട്ടുവച്ചിട്ടുണ്ട്‌. മത്സരപരീക്ഷകളുടെ വികേന്ദ്രീകൃതസ്വഭാവം പുനഃസ്ഥാപിക്കണം. പിഴവുകൾ ആവർത്തിക്കില്ലെന്ന്‌ ഉറപ്പുവരുത്തണം. അതല്ലെങ്കിൽ ജന്തർമന്തർ പ്രക്ഷോഭത്തിനുസമാനമായ വിദ്യാർഥി–യുവജന മുന്നേറ്റങ്ങളെയും ജനകീയരോഷത്തെയും തുടർന്നും സർക്കാരിന്‌ അഭിമുഖീകരിക്കേണ്ടതായി വരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home