ഓണം കളറാക്കാൻ ആശ്രാമം മൈതാനത്ത് പാരഡൈസ് പാര്‍ക്ക്

കൊല്ലം
ഓണത്തിന് ആശ്രാമം മൈതാനത്ത് വിസ്മയങ്ങളുടെ വിരുന്നൊരുക്കി ‘പാരഡൈസ് പാര്‍ക്ക്'. വ്യത്യസ്തമായ കാഴ്ചകള്‍ക്ക് കൊല്ലം ആശ്രാമം മൈതാനം സാക്ഷ്യംവഹിക്കുമെന്ന് ഇവന്റ്‌സ് മാനേജിങ് ഡയറക്ടര്‍ എ കെ നായര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 21-നു വൈകിട്ട് ആറിന് സിനിമാനടി വീണ നന്ദകുമാര്‍ ഉദ്ഘാടനംചെയ്യും. ഭീമാകാരന്മാരായ ദിനോസറുകളുടെയും മുതലകളുടെയും അനിമട്രോണിക് രൂപങ്ങള്‍ ജീവന്‍ തുടിക്കുന്ന രീതിയില്‍ ഇവിടെ പുനഃസൃഷ്ടിക്കും. ഇന്ത്യയുടെ ദേശീയ ജലജീവിയായ ഡോള്‍ഫിനുകളുടെ നയനമനോഹരമായ ദൃശ്യവിരുന്ന് അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ശീതീകരിച്ച പന്തലില്‍ എട്ടുലക്ഷത്തോളം ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച മാണിക്യ പൂന്തോട്ടം, പുഷ്പങ്ങളാല്‍ നിര്‍മിച്ച മനോഹരമായ താജ്മഹള്‍ എന്നിവയും ഒരുക്കും. സന്ദര്‍ശകര്‍ക്കായി വിശാലമായ എയര്‍ കണ്ടീഷന്‍ഡ് സ്റ്റാളുകളില്‍ അടുക്കള ഉപകരണങ്ങള്‍ 10രൂപ മുതല്‍ ലഭ്യമാകുന്ന ഷോപ്പിങ് മേളയും രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേളയും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാന്‍ ജെയിന്റ് വീല്‍, കൊളംബസ്, സ്‌ക്രീന്‍ ടവര്‍, സുനാമി തുടങ്ങി നിരവധി അമ്യൂസ്‌മെന്റുകളും സജ്ജമാണ്. പ്രവേശന ഫീസ് 199 രൂപയാണ്. പ്രവൃത്തിദിവസങ്ങളില്‍ പകൽ രണ്ടു മുതല്‍ രാത്രി ഒന്പതുവരെയും അവധി ദിവസങ്ങളില്‍ പകൽ 11 മുതല്‍ രാത്രി ഒന്പതുവരെയുമാണ് സന്ദര്‍ശന സമയം. 40ദിവസം പാരഡൈസ് പാര്‍ക്ക് ഉണ്ടാകും. മാനേജര്‍ പ്രഭാകരന്‍, ചെക്കാലയില്‍ നാസര്‍ എന്നിവരും പങ്കെടുത്തു.










0 comments