പച്ചക്കറിയിൽ തൊട്ടാൽ കൈപൊള്ളും

സ്വന്തം ലേഖിക
Published on Aug 19, 2026, 01:52 AM | 1 min read
കൊല്ലം
പച്ചക്കറിയിൽ തൊട്ടാൽ കൈപൊള്ളും, സർക്കാർ വിപണിയിൽ ഇടപെടാതായതോടെ വില ദിവസവും കുതിക്കുകയാണ്. ഓണത്തിന് ആറ് ദിവസംമാത്രം ബാക്കിനിൽക്കെ വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടി. ബീൻസ്, കാരറ്റ്, കൊച്ചുള്ളി, സവാള, ഏത്തയ്ക്ക, വെളത്തുള്ളി, തേങ്ങ എന്നിവയ്‌ക്കാണ് ഏറ്റവും വില കൂടുതൽ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കഴിഞ്ഞ 10വർഷവും പൊതുവിപണിയിൽ വിലനിയന്ത്രിക്കാനായതതും ഓണം, അടക്കമുള്ള ആഘോഷ വേളകളിൽ ഹോർട്ടികൾച്ചർ, വിഎഫ്‌പിസികെ മുഖേന ന്യായവിലയിൽ പച്ചക്കറികള്‍ ഉൾപ്പെടെ എത്തിക്കാനും ഇടപെട്ടിരുന്നു. എന്നാൽ, യൂഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഹോർട്ടികൾച്ചർ മിഷനും വിഎഫ്പിസികെയും നോക്കുകുത്തികളായി. വില ദിവസവും കുതിക്കുന്നതിനാൽ പച്ചക്കറി കടകളിൽ വിൽപ്പന വളരെ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. സാധനങ്ങൾ വാങ്ങാൻ ആളുകൾ കന്പോളത്തിലേക്ക് വരാത്ത സ്ഥിതിയാണ്. വിപണിയിൽ ഇടപെട്ട് വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ജെ അൻവർ പറഞ്ഞു. പുണെയിൽ നിന്നുള്ള സവാളയാണ് കൊല്ലം കന്പോളത്തിൽ എത്തുന്നത്. സവാള സീസൺ കഴിഞ്ഞതാണ് വിലക്കയറ്റത്തിനു പ്രധാന കാരണം. നിലവിൽ നേരത്തെ സംഭരിച്ച സവാളയാണ് എത്തുന്നത്. അടുത്ത സീസണിലേ വിലകുറയാൻ സാധ്യതയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം നഗരത്തിലെ മൊത്ത വ്യാപാര കടകളിൽ ചൊവ്വാഴ്‌ച ചുവന്നുള്ളി വിറ്റത് 80–85 രൂപയ്ക്കാണ്. കഴിഞ്ഞ ആഴ്‌ചവരെ 65–70രൂപയായിരുന്നു. രണ്ടു ദിവസം മുന്പ് 40–45രൂപ വിലയുണ്ടായിരുന്ന സവാളയ്‌ക്ക് 50–55രൂപയായി. പൂരാടം ഉത്രാടം ദിനങ്ങളിൽ കൊച്ചുള്ളി വില100രൂപയിലും സവാള വില 85രൂപയിലുമെത്താൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ബീൻസ് വില 90മുതൽ 110വരെയാണ്. കാരറ്റ് 100, കഴിഞ്ഞ ആഴ്‌ച 165രൂപയായിരുന്ന വെളത്തുള്ളിയ്‌ക്ക് 200–210ആയി. 63–64രൂപ വിലയായിരുന്ന നാടൻ തേങ്ങയ്‌ക്ക് 70–72ആയി. പാണ്ടി ഏത്തക്കായ്‌ക്ക് 63–65രൂപയാണ്. നാടന് 80ഉം. ചില്ലറ വിൽപ്പനക്കടകളിൽ എത്തുന്പോൾ വില ഇതിലും വർധിക്കും. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതൽ പച്ചക്കറികളെത്തുന്നത്. ജില്ലയിൽ ചിലയിടങ്ങളിൽ പഴം, പച്ചക്കറികൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നുണ്ടെങ്കിലും പ്രാദേശിക വിപണികൾക്കുപോലും തികയില്ല.










0 comments