ബ്രിക്‌സ് ഉച്ചകോടി പകരുന്ന പ്രതീക്ഷ

അമേരിക്കയുടെ നേതൃത്വത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഏറ്റവും വൃത്തികെട്ടതും ഭ്രാന്തവുമായ ലോകക്രമത്തിന് ബദലായി ഉയർന്നുവരുന്ന ഏതു കൂട്ടായ്‌മയും പ്രതീക്ഷാജനകമാണ്. ഇന്നത്തെ ലോകക്രമം, ആഗോള ഭൗമരാഷ്‌ട്രീയത്തെ -ജനാധിപത്യവൽക്കരിക്കാനും അധിനിവേശ കടന്നാക്രമണങ്ങൾ തടയാനും പ്രകൃതിവിഭവങ്ങൾ എല്ലാ ജനതകൾക്കും നീതിപൂർവം വിതരണം ചെയ്യാനും ഉതകുന്നതല്ല. ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായതോടെ നാട്ടുനടപ്പ് എന്ന മട്ടിലാണ് സ്വതന്ത്ര പരമാധികാര രാഷ്‌ട്രങ്ങൾക്കുമേൽ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റം. ഡോളർ രാഷ്‌ട്രീയ ആയുധമാക്കി ലോകമെങ്ങും അമേരിക്കയുടെ പെരുംകൊള്ള നിത്യവും നടക്കുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം വർധിതവീര്യത്തോടെ ഭൂഗോളത്തെ അടക്കിഭരിക്കാൻ ശ്രമിക്കുന്ന അമേരിക്കയുടെ കുത്സിതനീക്കങ്ങൾക്ക് കടിഞ്ഞാണിടാൻ അങ്ങേയറ്റം ജനാധിപത്യപരവും വിപുലമായ പങ്കാളിത്തവും പ്രാതിനിധ്യവുമുള്ള അന്താരാഷ്‌ട്ര കൂട്ടായ്‌മ രൂപംകൊള്ളേണ്ടത് അനിവാര്യമായിരുന്നു. ഇൗ ദിശയിലുള്ള നീക്കങ്ങളിൽ തികച്ചും ആശാവഹമായ മുന്നേറ്റമാണ് ബ്രിക്‌സ്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങൾ ചേർന്ന് ബ്രിക് എന്ന പേരിൽ 2009ൽ രൂപീകരിച്ച കൂട്ടായ്‌മയിൽ 2011ൽ ദക്ഷിണാഫ്രിക്കയും ചേർന്നതോടെയാണ് ബ്രിക്‌സ് ആയത്. ഇന്നിപ്പോൾ ലോകത്തെ 11 പ്രമുഖ സന്പദ്‌ഘടനകളായ, വളർന്നുവരുന്ന രാഷ്‌ട്രങ്ങളുടെ പൊതുവേദിയാണ് ബ്രിക്‌സ്.
ലോക ജനസംഖ്യയുടെ 50 ശതമാനത്തെ ഉൾക്കൊള്ളുന്ന, ആഗോളവ്യാപാരത്തിന്റെ 26 ശതമാനം നിയന്ത്രിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സിന്റെ 18–ാം ഉച്ചകോടിയുടെ പ്രഖ്യാപനങ്ങൾ എന്തുകൊണ്ടും ശ്രദ്ധേയവും ആശ്വാസം പകരുന്നതുമാണ്. ഡൽഹിയിൽ ചേർന്ന ഉന്നതതല സമ്മേളനം, സമകാല ആഗോള രാഷ്‌ട്രീയ സാഹചര്യത്തിൽ അതീവ പ്രാധാന്യമർഹിക്കുന്ന പ്രതികരണങ്ങളാണ് നടത്തിയിരിക്കുന്നത്. ഏകധ്രുവ ലോകത്തിനുപകരം കൂടുതൽ ജനാധിപത്യപരമായ ആഗോളസാഹചര്യം സൃഷ്ടിക്കപ്പെടണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്‌തു. ഐക്യരാഷ്‌ട്ര സംഘടനയും ആഗോള സാമ്പത്തിക സ്ഥാപനങ്ങളും ലോകജനതയുടെ മുഴുവൻ അഭിപ്രായങ്ങളും താൽപ്പര്യങ്ങളും പ്രതിഫലിക്കുന്നവിധത്തിൽ പ്രവർത്തിക്കണം. പശ്‌ചിമേഷ്യൻ സംഘർഷം വഷളായി തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഉച്ചകോടി, ഗാസയിലെ ഇസ്രയേൽ കടന്നാക്രമണങ്ങളെ അപലപിച്ചു. 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായ സ്വതന്ത്രവും സുസ്ഥിരവുമായ പരമാധികാര പലസ്‌തീൻ രാഷ്‌ട്രം സ്ഥാപിക്കപ്പെടണമെന്ന് ഉച്ചകോടി നിലപാട് സ്വീകരിച്ചു. ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് വിമർശിച്ചില്ലെങ്കിലും അമേരിക്കയുടെ ആഗോള ആധിപത്യത്തെ ശക്തമായി ചോദ്യംചെയ്യുന്നതാണ് ‘ന്യൂഡൽഹി പ്രഖ്യാപനം’.
ഇന്ത്യക്കും ബ്രസീലിനും കൂടുതൽ ഉത്തരവാദിത്വം നൽകുംവിധം യുഎൻ രക്ഷാസമിതി വിപുലീകരിക്കണമെന്ന് ഉച്ചകോടി അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം എന്ന ഇന്ത്യയുടെ ദീർഘകാല ആവശ്യത്തിന് ലഭിച്ച പിന്തുണയാണിത്. ഐക്യരാഷ്‌ട്ര സംഘടനയിൽ ഏതെങ്കിലും രാജ്യത്തിനോ കൂട്ടത്തിനോ ആധിപത്യം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട ഉച്ചകോടി, യുഎൻ സെക്രട്ടറിയറ്റിൽ നീതിയുക്തമായ ഭൂമിശാസ്‌ത്ര പ്രാതിനിധ്യം സമയബന്ധിതമായി നടപ്പാക്കണമെന്നും നിർദേശിച്ചു.
രൂപംകൊണ്ടശേഷം ഇത്രയും സുവ്യക്തവും മൂർത്തവുമായ അഭിപ്രായപ്രകടനങ്ങൾ ബ്രിക്‌സിൽനിന്ന് അധികം ഉണ്ടായിട്ടില്ല. സാമ്പത്തിക സഹകരണവും ഗ്ലോബൽ സൗത്തിന്റെ നിലപാട് ഉറപ്പിക്കലും ആഗോള ധനപരിഷ്‌കാരങ്ങളും ലക്ഷ്യങ്ങളായി പറയുന്നുണ്ടെങ്കിലും ഇൗ മേഖലകളിൽ മുന്നോട്ടുപോകാൻ ബ്രിക്‌സിന് കഴിഞ്ഞിരുന്നില്ല. അംഗരാഷ്‌ട്രങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും അമേരിക്കൻ സമ്മർദവും ഇതിന് കാരണമായിട്ടുണ്ട്. ഇന്ന് അതെല്ലാം അതിജീവിച്ച് ശക്തമായ സന്ദേശം യോജിപ്പോടെ നൽകാൻ ബ്രിക്‌സിന് സാധിച്ചത് ചെറിയ കാര്യമല്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, അമേരിക്കയുടെ കടുംകൈയാണ് ഇത്തരമൊരു ഐക്യത്തിന് ബ്രിക്‌സ് അംഗരാജ്യങ്ങളെ പ്രേരിപ്പിച്ചത്. പല കാര്യങ്ങളിലും അമേരിക്കയുമായി ബന്ധവും സഹകരണവും പുലർത്തിപ്പോന്ന ഇൗജിപ്‌ത്, ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും ഇൗ കൂട്ടായ്‌മയുടെ ഭാഗമാണെന്നത് സവിശേഷ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞ വർഷംമുതൽ 10 പങ്കാളിത്ത രാഷ്‌ട്രങ്ങളും ബ്രിക്‌സിലുണ്ട്. ആഗോള ജിഡിപിയുടെ 40 ശതമാനം ഉൽപ്പാദിപ്പിക്കുന്ന ബ്രിക്‌സ് ഇനിയും വിപുലീകരിക്കണമെന്ന് ചെെന ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിക്‌സ് അപ്രായോഗികമാണെന്ന് വിധിച്ചവരുടെ കണ്ണ് തുറപ്പിക്കാൻ പുതിയ സംഭവവികാസങ്ങൾ കാരണമാകും.










0 comments