ad
Deshabhimani

ചരിത്രമല്ല, ഇത്‌ ജീവിതം

PREETHA

്രീതാകുമാരി ടൈപ്പ്‌റൈറ്ററിൽ ടെെപ്പ് ചെയ്യുന്നു

avatar
അശ്വതി ജയശ്രീ

Published on Sep 14, 2026, 12:15 AM | 1 min read


പത്തനംതിട്ട
സുപ്രധാന രേഖയിലുള്ള പേരിലെ അക്ഷരത്തെറ്റ്‌ തിരുത്താൻ നാടാകെ ടൈപ്പ്‌റൈറ്റർ അന്വേഷിച്ചുനടന്ന ഒരു കുടുംബം തന്നെ തേടിയെത്തിയത്‌ ഓർക്കുകയാണ്‌ പ്രീതാകുമാരി. വർഷങ്ങൾക്കുമുമ്പ്‌ ടൈപ്പ്‌റൈററ്ററിൽ ചെയ്‌തെടുത്ത രേഖയിൽ ഒരു അക്ഷരം കൂട്ടിച്ചേർക്കുകയായിരുന്നു അവരുടെ ആവശ്യം. മുൻകാല ഡിടിപി കേന്ദ്രങ്ങളിലെല്ലാം അന്വേഷിച്ചുവെങ്കിലും ടൈപ്പ്‌റൈറ്റർ ഉപയോഗിക്കുന്ന ആരുമുണ്ടായിരുന്നില്ല. പറഞ്ഞും കേട്ടും അവരൊടുവിൽ പ്രീതാകുമാരിയെ തേടിയെത്തുകയായിരുന്നു.
പതിറ്റാണ്ടുകൾ പഴക്കമുള്ള ഗോദ്‌റേജ്‌ പ്രൈമ ടൈപ്പ്‌റൈറ്റർ ഇന്നും ഡിടിപി സെന്ററിൽ സൂക്ഷിക്കുന്ന പ്രീതാകുമാരിയെ തേടി ആവശ്യക്കാർ ഇടയ്ക്കിടെ എത്താറുണ്ട്‌. പതിനഞ്ചാം വയസിലാണ്‌ ടൈപ്പ്‌റൈറ്ററുമായി കൂട്ടുകൂടിയത്‌. ഇംഗ്ലീഷിലും മലയാളത്തിലും ലോവറും ഹൈയറും പാസായി. വിദ്യാർഥിയായും അധ്യാപികയായും തിളങ്ങി. ഒരു കാലം നിരവധിപേരെ ടൈപ്പിങ്‌ പഠിപ്പിച്ച ഇ സി പ്രീതാകുമാരിക്ക്‌ ഇന്നും ടൈപ്പ്‌റൈറ്ററോടുള്ള സ്‌നേഹത്തിന്‌ കുറവില്ല. പത്തനംതിട്ട നഗരത്തിലെ തന്റെ കുഞ്ഞൻ ഡിടിപി സെന്ററിൽ കമ്പ്യൂട്ടറുകൾക്കിടയിൽ ടൈപ്പ്‌റൈറ്ററിനും ഒരു സ്ഥാനം നൽകിയിട്ടുണ്ട്‌. രണ്ടെണ്ണം ഓമല്ലൂരിലെ വീട്ടിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.
പതിനാറാം വയസിൽ ടൈപ്പിങ്ങിൽ ഹയർ പഠിക്കുന്നതിനിടെ അതേ സ്ഥാപനത്തിൽ അധ്യാപികയായും ജോലിചെയ്‌തു. ടൈപ്പിങ്ങാണ്‌ തന്റെ മേഖലയെന്ന്‌ മനസിലാക്കി സ്വന്തമായൊരു സ്ഥാപനം തുടങ്ങുകയാണ്‌ പിന്നീട്‌ ചെയ്തത്‌. മൂന്ന്‌ സെക്കൻഡ്‌ ഹാൻഡ്‌ ടൈപ്പ്‌റൈറ്റർ വാങ്ങിയായിരുന്നു ആ തുടക്കം. ഇന്നും അതേ യന്ത്രങ്ങളാണ്‌ കടയിലും വീട്ടിലുമായി സൂക്ഷിച്ചിരിക്കുന്നത്‌.
സർക്കാർ രേഖകളെല്ലാം ഓൺലൈനിലേക്ക്‌ മാറിയതോടെയാണ്‌ ടൈപ്പ്‌റൈറ്റർ ഓർമയായതെന്ന്‌ പ്രീതാകുമാരി പറയുന്നു. എല്ലാം കമ്പ്യൂട്ടറിലേക്ക്‌ മാറിയതോടെ സിനിമ തിരക്കഥകളും കോടതി രേഖകളും മറ്റും മാത്രമായി ടൈപ്പിനെത്തുക. രേഖകൾ രഹസ്യമായിരിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരും തന്നെതേടി വരാറുണ്ടെന്ന്‌ പ്രീതപറയുന്നു.    
സ്കൂൾ വിദ്യാർഥിയായിരിക്കെ എസ്‌ബിടിയിൽ ജീവനക്കാരി ടൈപ്പ്‌റൈറ്റർ ഉപയോഗിക്കുന്നത്‌ കണ്ടാണ്‌ ആദ്യമായി താൽപ്പര്യമുണ്ടായത്‌. അത്‌ പിന്നീട്‌ ജീവിതമായി. 2010വരെയും അധ്യാപികയായി പ്രവർത്തിച്ചിരുന്നു. സ‍ൗദിയിൽ ജോലി ചെയ്യുന്ന ദിവാകരനാണ്‌ ഭർത്താവ്‌.
​ടൈപ്പ്‌റൈറ്റർ 
ചോദിച്ചുവന്നത്‌ 
നിരവധിപേർ
വർഷങ്ങൾ പഴക്കമുള്ള ടൈപ്പ്‌റൈറ്റർ വിലയ്ക്ക്‌ വാങ്ങാൻ ആഗ്രഹുമായി നിരവധിപേർ എത്തിയിരുന്നു. എന്നാൽ മരണം വരെ അതുപേക്ഷിക്കില്ലെന്നും ജീവന്റെ വിലയാണ്‌ തന്റെ ഇ‍ൗ യന്ത്രങ്ങൾക്കെന്നും പ്രീത പറയുന്നു. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home