കടയുടമ കസ്റ്റഡിയിൽ
മിഠായി മോഷ്ടിച്ചെന്നാരോപിച്ച് 8–ാം ക്ലാസുകാരന് മർദനം

അഞ്ചൽ
ഏരൂർ ജിഎച്ച്‌എസ്‌എസിന് എതിർവശത്തുള്ള കടയുടമ എട്ടാംക്ലാസ് വിദ്യാർഥിയെ മർദിച്ചതായി പരാതി. മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തിൽ കടയുടമ അയിലറ സ്വദേശി സന്തോഷിനെ(45) ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളി വൈകിട്ടായിരുന്നു സംഭവം. കടയിൽ കൂട്ടുകാർക്കൊപ്പം മിഠായി വാങ്ങാനെത്തിയതായിരുന്നു വിദ്യാർഥി. ഇതിനിടെ കുട്ടികളിലാരോ കടയിൽനിന്ന് മിഠായി ഭരണി എടുത്ത് മറ്റൊരു കുട്ടിയുടെ ബാഗിൽ വയ്ക്കുകയായിരുന്നു. എന്നാൽ, ഈ കൃത്യം ചെയ്തത് പരാതിക്കാരനായ വിദ്യാർഥിയാണെന്നാരോപിച്ച് കടയുടമ കുട്ടിയുടെ കരണത്തടിക്കുകയും കടയിൽനിന്ന് പുറത്തേക്ക് പിടിച്ചുതള്ളുകയും ചെയ്തെന്നാണ് പരാതി. സംഭവത്തെ തുടർന്ന് സ്കൂളിന് മുന്നിൽ ഗതാഗത നിയന്ത്രണത്തിലുണ്ടായിരുന്ന ഹോം ഗാർഡിനോട് കുട്ടി വിവരം ധരിപ്പിച്ചു. ഉടൻ തന്നെ സ്റ്റേഷനിൽനിന്ന് പൊലീസെത്തി കടയുടമയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ പി ഹാഷിം പൊലീസിൽ പരാതി നൽകി.








0 comments