print edition യുഎൻ രക്ഷാസമിതി വിപുലീകരിക്കണമെന്ന് ഗുട്ടെറസ്; പ്രമേയത്തിന് പിന്തുണ

ആന്റോണിയോ ഗുട്ടെറസ്
ന്യൂഡൽഹി: വർത്തമാനകാല ലോകക്രമം പ്രതിഫലിപ്പിക്കാൻ ഐക്യരാഷ്‌ട്ര രക്ഷാസമിതി വിപുലീകരിക്കണമെന്ന് സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്. ബ്രിക്‌സ് പ്രമേയത്തെ പിന്തുണച്ചാണ് ഉച്ചകോടിയിൽ ഗുട്ടെറസിന്റെ വാക്കുകൾ.
ഇന്നത്തെ സാമ്പത്തിക, ജനസംഖ്യ, ഭൗമ, രാഷ്ട്രീയ യാഥാർഥ്യങ്ങൾ 1945ലേതിന് സമാനമല്ലെന്നും അത് പ്രതിഫലിപ്പിക്കുന്ന രീതിയിൽ സ്ഥാപനഘടനകളെ പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വികസ്വര രാജ്യങ്ങൾ രക്ഷാസമിതി വിപുലീകരണത്തിനായി കാലങ്ങളായി വാദിക്കുകയാണ്. ഈ ആവശ്യത്തിൽ ഇന്ത്യ മുൻപന്തിയിലുണ്ട്. ഇന്നത്തെ ലോകത്തെ പ്രതിഫലിപ്പിക്കാൻ യുഎൻ രക്ഷാസമിതിയും പുനർനിർമാണത്തിനും വികസനത്തിനുമായി രൂപീകരിച്ച ബ്രട്ടൺ വുഡ്സ് സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവ പരിഷ്‌കരിക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന ആഗോളഘടന രൂപപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി അന്താരാഷ്‌ട്ര തലത്തിൽ ധനകാര്യ സംവിധാനത്തിൽ അഴിച്ചുപണി വേണം. സംഘർഷങ്ങൾ അവസാനിപ്പിച്ച് ലോകത്ത് സമാധാനം ഉറപ്പാക്കാനും ഗുട്ടെറസ് ആഹ്വാനം ചെയ്‌തു.





0 comments