Deshabhimani

'ഒരുമ്മ തരുമോ, പ്ലീസ്'; വിദേശ യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ

udaipur man misbehave
വെബ് ഡെസ്ക്

Published on Nov 17, 2026, 08:26 AM | 1 min read

ജയ്പുർ: വിദേശ വനിതാ യൂട്യൂബറോട് അപമര്യാദയായി പെരുമാറിയ യുവാവിനെ രാജസ്ഥാനിലെ ഉദയ്പുരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയ്പുർ സ്വദേശിയായ അഫ്താബ് എന്ന ഗബ്രു (23) ആണ് അറസ്റ്റിലായത്. തായ്‌ലൻഡ്–ഫ്രഞ്ച് യൂട്യൂബറായ ജസ്റ്റ്‌കെത്തിനെ പൊതുസ്ഥലത്തുവച്ച് ശല്യപ്പെടുത്തിയ സംഭവത്തിലാണ് നടപടി.


ഉദയ്പുരിലെ ടൗൺഹാൾ ഗാർഡനിൽ രാത്രിയിൽ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെയാണ് യുവാവ് യൂട്യൂബറെ സമീപിച്ചത്. ചുംബനം ആവശ്യപ്പെട്ട ഇയാൾ യുവതി നിരസിച്ചിട്ടും ആവർത്തിച്ച് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഒരുമിച്ച് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവതി സമ്മതിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.


വീഡിയോ 50 ലക്ഷത്തിലധികം പേർ കണ്ടതോടെ സംഭവം വലിയ ചർച്ചയായി. സ്ത്രീസുരക്ഷയും വ്യക്തികളുടെ സമ്മതവും സംബന്ധിച്ച ചർച്ചകൾക്കും വീഡിയോ കാരണമായി.


ടൗൺഹാൾ ഗാർഡനിൽ എത്തുന്ന വിനോദസഞ്ചാരികളെയും സന്ദർശകരെയും യുവാവ് അശ്ലീല ഗാനങ്ങൾ പാടി ശല്യപ്പെടുത്തുന്നതായി നവംബർ 16ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.


പ്രദേശത്തെയും സമീപ സ്ഥലങ്ങളിലെയും 150ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രഹസ്യവിവരങ്ങളും അന്വേഷണത്തിന് സഹായകമായി. വിദേശ വിനോദസഞ്ചാരിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാൽ പൊലീസ് സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിച്ചതായി ഉദയ്പുർ എസ്‌പി അമൃത ദുഹാൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home