Deshabhimani

അക്വൻ ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; ഒഡിഷയിൽ 74 രക്ഷാപ്രവർത്തന സംഘങ്ങളെ വിന്യസിച്ചു

akvan cyclone
വെബ് ഡെസ്ക്

Published on Nov 17, 2026, 07:56 AM | 2 min read

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അക്വൻ ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങുന്നതിനിടെ ഒഡിഷയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. സംസ്ഥാനത്ത് 74 രക്ഷാപ്രവർത്തന സംഘങ്ങളെ വിന്യസിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി.


മൂന്നാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് അക്വൻ. നവംബർ 19ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 20ന് ഉച്ചയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും തുനിക്കും ഇടയിൽ കരതൊടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശിയേക്കും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 145 കിലോമീറ്റർ വരെയാകാം.


തിങ്കളാഴ്ച വൈകിട്ട് 5.30ലെ കണക്കനുസരിച്ച് ഒഡിഷയിലെ ഗോപാൽപുരിന് 790 കിലോമീറ്റർ തെക്കായാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്തിരുന്നത്. മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിലാണ് നീങ്ങുന്നത്.


ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡിഷ ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരിയുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി. 60 ഒഡിആർഎഎഫ് സംഘങ്ങളെയും 14 എൻഡിആർഎഫ് സംഘങ്ങളെയുമാണ് വിന്യസിച്ചത്. ഗഞ്ചാം, ഗജപതി, കന്ധമാൽ, രായഗഡ, കോരാപുട്ട്, മൽക്കാൻഗിരി, പുരി ജില്ലകൾക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.


മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും നിർദേശിച്ചിട്ടുണ്ട്. ഗഞ്ചാം ജില്ലയിൽ 107 ഗർഭിണികളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.


നവംബർ 18 മുതൽ 21 വരെ ഒഡിഷയിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചില ജില്ലകളിൽ ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. എന്നാൽ ഒക്ടോബർ 28ന് ആന്ധ്രയിൽ കരതൊട്ട അർണബ് ചുഴലിക്കാറ്റിന്റെ സമയത്തുണ്ടായതുപോലെ അതിതീവ്ര മഴ ഇത്തവണ പ്രതീക്ഷിക്കുന്നില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര അറിയിച്ചു.


അർണബ് ചുഴലിക്കാറ്റിനെ തുടർന്ന് ഒഡിഷയിൽ 11 പേർ മരിക്കുകയും ആറുപേരെ കാണാതാകുകയും ചെയ്തിരുന്നു. ഇതിൽ പത്തുപേർ മണ്ണിടിച്ചിലിലാണ് മരിച്ചത്. ഇത്തവണ മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് കൂടുതൽ മുൻഗണന നൽകുന്നത്.


മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ദക്ഷിണ ഒഡിഷയിലെ വിവിധ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിട്ടു. നവംബർ 18 മുതൽ 20 വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home