Deshabhimani

സാഫ് ചാമ്പ്യൻഷിപ്പ്: പത്താം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; ഫൈനലിൽ പാകിസ്ഥാനെ നേരിടും

ind football team
വെബ് ഡെസ്ക്

Published on Nov 17, 2026, 07:12 AM | 2 min read

ധാക്ക: സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പത്താം കിരീടവും തുടർച്ചയായ മൂന്നാം കിരീടവും ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഫൈനലിൽ പാകിസ്ഥാനെ നേരിടും. ഇന്ന് ധാക്കയിൽ വൈകുന്നേരം 7.30 നാണ് ദക്ഷിണേഷ്യൻ ഫുട്ബോൾ പോരാട്ടത്തിലെ കലാശക്കളി. ആദ്യമായി ഫൈനലിലെത്തിയ പാകിസ്ഥാൻ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.


നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇതുവരെ ഒമ്പത് തവണ സാഫ് കിരീടം നേടിയിട്ടുണ്ട്. 1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023 വർഷങ്ങളിലാണ് ഇന്ത്യ കിരീടം ചൂടിയത്. 2003ൽ മാത്രമാണ് ഇന്ത്യക്ക് ഫൈനലിലെത്താൻ കഴിയാതിരുന്നത്.


ചരിത്രത്തിലാദ്യമായാണ് പാകിസ്ഥാൻ സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. സെമിഫൈനലിൽ ആതിഥേയരായ ബംഗ്ലാദേശിനെ 1-0ന് തോൽപ്പിച്ചാണ് പാകിസ്ഥാൻ കലാശപ്പോരിന് യോഗ്യത നേടിയത്. നേരത്തെ നാല് തവണ സെമിയിലെത്തിയിട്ടുണ്ടെങ്കിലും ഫൈനലിലെത്താൻ കഴിഞ്ഞിരുന്നില്ല.


ഗ്രൂപ്പ് ഘട്ടത്തിൽ നവംബർ അഞ്ചിന് ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 3-2ന് പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. സുഹൈൽ അഹമ്മദ് ഭട്ടിന്റെ ഇരട്ടഗോളുകളും മാംഗ്ലെന്താങ് കിപ്ഗന്റെ ഗോളുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 3-0ന് പിന്നിലായിരുന്ന പാകിസ്ഥാൻ ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചെങ്കിലും ഇന്ത്യ വിജയം കൈവിട്ടില്ല. തുടർന്ന് മാലിദ്വീപിനെ 3-0ന് തോൽപ്പിച്ച പാകിസ്ഥാൻ സെമിയിൽ ബംഗ്ലാദേശിനെയും കീഴടക്കി.


ഇന്ത്യൻ പരിശീലകൻ നൗഷാദ് മൂസ ഫൈനലിൽ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട പാകിസ്ഥാൻ ടീമിൽനിന്ന് ഇപ്പോഴത്തെ ടീമിന് വലിയ മാറ്റമുണ്ടെന്നും പുതിയ താരങ്ങളുടെ വരവ് എതിരാളികളെ കൂടുതൽ ശക്തരാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധത്തിലെ അച്ചടക്കം നിലനിർത്തുന്നതിനും നിർണായക ഘട്ടങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുക്കുന്നതിനുമാണ് ഇന്ത്യ പ്രധാന്യം നൽകുന്നതെന്നും മൂസ വ്യക്തമാക്കി.


സെമിഫൈനലിൽ ഭൂട്ടാനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഒമ്പതാം മിനിറ്റിൽ വിഷ്ണു പി വി ഇന്ത്യയെ മുന്നിലെത്തിച്ചു. 27-ാം മിനിറ്റിൽ ക്യാപ്റ്റൻ ചിംഗ്ലെൻസന സിങ് കൊൻഷാം ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഭൂട്ടാൻ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഇന്ത്യ വിജയം ഉറപ്പിച്ചു.


സീനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ ഇതുവരെ 30 തവണ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 17 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ പാകിസ്ഥാൻ നാല് മത്സരങ്ങളിൽ ജയിച്ചു. ഒമ്പത് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. എന്നാൽ സീനിയർ സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇരു ടീമുകളും ആദ്യമായാണ് നേർക്കുനേർ വരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home