ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം; 24 മണിക്കൂറിനിടെ നാലാമത്തെ സംഭവം

മസ്കറ്റ്: ഒമാന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പൽ കടൽബോംബിൽ തട്ടി തീപിടിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയിൽ നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. കപ്പലിന് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായി ഇറാൻ നാവികസേനയും സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ മേഖലയിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് കപ്പലിന്റെ പ്രവർത്തനം നിലയ്ക്കുകയും എഞ്ചിൻ റൂമിന് തീപിടിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
നിരോധിത മേഖലയിലൂടെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്ത് സഞ്ചരിച്ച കപ്പലാണ് അപകടത്തിൽപ്പെട്ടതെന്ന് ഇറാൻ നാവികസേന അറിയിച്ചു. സൈന്യത്തിന്റെ അനുമതിയില്ലാതെയും നിയമങ്ങൾ ലംഘിച്ചും സഞ്ചരിച്ചാൽ ഇത്തരം അപകടങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ യാത്രയ്ക്ക് ഇറാൻ സേനയുമായി ഏകോപനം ആവശ്യമാണെന്നും നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
തലേദിവസം പനാമ പതാകയുള്ള 'ഓൺ ഫീനിക്സ്' എന്ന എണ്ണക്കപ്പലിന് നേരെ ഒമാൻ തീരത്തിന് സമീപം അജ്ഞാത പ്രൊജക്റ്റൈൽ ആക്രമണമുണ്ടായി തീപിടിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് മുൻപ് നിരോധിത പാതയിലൂടെ കടക്കാൻ ശ്രമിച്ച മറ്റ് രണ്ട് എണ്ണക്കപ്പലുകളും കടൽബോംബിൽ തട്ടി തീപിടിച്ചിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങളും സംഘർഷങ്ങളും തുടരുകയാണ്. നിർദിഷ്ട പാതയിലൂടെ മാത്രം കപ്പലുകൾ സഞ്ചരിക്കണമെന്ന് ഇറാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.








0 comments