ചാലയിലെ സ്വർണക്കവർച്ച; പ്രതികൾ ഒളിപ്പിച്ച സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ച കേസിലെ പ്രതികൾ ഒളിപ്പിച്ചുവച്ച സ്വർണം അന്വേഷകസംഘം കണ്ടെത്തി. വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജാണ് ഇവിടെ കുഴിച്ചിട്ടത്. അനൂപ് തന്നെയാണ് സ്വർണം എടുത്ത് നൽകിയത്. 1.7 കിലോയോളം കണ്ടെടുത്തതായാണ് പ്രാഥമിക നിഗമനം. കൂടുതൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാൻ അനിൽ പ്രസാദ് (ഷാഡോ അനിൽ), അനൂപ്, വിനോദ് ആന്റണി, ശ്രാവൺ എന്നിവരെ ചോദ്യം ചെയ്യുകയാണ്.
പ്രതികളെ വയനാട്ടിൽനിന്ന് പിടികൂടുമ്പോൾ പൊലീസ് 488 ഗ്രാം സ്വർണം കണ്ടെത്തിയിരുന്നു. രണ്ട് കിലോ സ്വർണം നഷ്ടപ്പെട്ടതായാണ് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ പരാതിയിലുള്ളത്. ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതികൾ സ്വർണം ഒളിപ്പിച്ചതെന്നാണ് വിവരം. സ്വർണക്കവർച്ചയിൽ മുഖ്യസൂത്രധാരൻ ആറ്റുകാൽ ഗോൾഡ് സിൽവർ ടെസ്റ്റിങ് ഉടമ അമൂൽ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. സുഹൃത്തായ ദിലീപും മാളവിക ജ്വല്ലറി ഉടമ ജയറാമുമായി ചേർന്നാണ് അമൂൽ കവർച്ചയ്‌ക്ക് പദ്ധതിയിട്ടത്. പ്രതികളെ അമൂലിനൊപ്പമിരുത്തി ചോദ്യംചെയ്യുകയാണ്.
ജയറാമും പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ മറ്റ് ചില സാമ്പത്തിക തട്ടിപ്പ് പരാതികളും ലഭിച്ചിട്ടുണ്ട്. കണക്കിൽപ്പെടാത്ത സ്വർണമായതിനാൽ നന്ദകുമാർ പൊലീസിനെ സമീപിക്കില്ലെന്നാണ് കരുതിയതെന്ന് പ്രതികൾ പറഞ്ഞു. എന്നാൽ, കവർച്ച നടന്ന രാത്രിതന്നെ നന്ദകുമാർ പൊലീസിലറിയിച്ചു.
സ്വർണക്കവർച്ചയ്ക്കുള്ള ഗൂഢാലോചന നടന്നത് പനവിളയിലെ ആഡംബര ഹോട്ടലിലാണെന്നും അന്വേഷകസംഘം കണ്ടെത്തി. ഒരുമാസം മുമ്പാണ് അമൂൽ, ദിലീപ്, ജയറാം, അനൂപ് എന്നിവർ ഗൂഢാലോചന ആരംഭിച്ചത്. 25 ലക്ഷം രൂപയ്ക്കാണ് സംഘം ക്വട്ടേഷൻ ഉറപ്പിച്ചതെന്നും അനിലിന് ബാങ്ക് വഴി ആദ്യഘട്ടമായി നാലുലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തി. ദിലീപ് വഴിയാണ് അമൂൽ പണം കൈമാറിയത്. രണ്ടുദിവസത്തെ ട്രയലിനുശേഷമാണ് പ്രതികൾ സ്വർണം കവർന്നത്. വയനാട് പടിഞ്ഞാറത്തറയിൽനിന്ന് സംഘത്തെ അറസ്റ്റ് ചെയ്യുമ്പോൾ കാറിൽ നിന്നിറങ്ങി ഓടിയ ശ്രാവൺ പിന്നീട് കീഴടങ്ങിയിരുന്നു. അനിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ദിലീപ് വിളപ്പിൽശാല സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്.
ജയറാമിനെതിരെ സാമ്പത്തികത്തട്ടിപ്പ് കേസുകളും
സ്വർണക്കവർച്ച കേസിൽ കസ്റ്റഡിയിലുള്ള മാളവിക ജ്വല്ലറി ഉടമ ജയറാമിനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് പരാതികളുണ്ടെന്ന് പൊലീസ്. ഇയാൾ കസ്റ്റഡിയിൽ തുടരുന്നതിനിടയിലാണ് ജ്വല്ലറിയുടെ മറവിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുകളും ചെക്ക് കേസ് പരാതികളും പുറത്തുവരുന്നത്.
സ്വർണം വാങ്ങിയ വകയിൽ പലർക്കും നൽകാനുള്ള പണം ജയറാം നൽകിയിരുന്നില്ല. ഇടപാടുകാർക്ക് നൽകിയ ചെക്കുകൾ പലതും പണമില്ലാതെ മടങ്ങിയിരുന്നു. ജയറാം കസ്റ്റഡിയിലാണെന്നറിഞ്ഞതോടെ, നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. സാമ്പത്തിക ബാധ്യതകളും തട്ടിപ്പുകളും മൂലം പല ഇടപാടുകാരും ജയറാമുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചിരുന്നു.
20 വർഷത്തിലധികമായി ചാലയിൽ സ്വർണ വ്യാപാരം നടത്തുന്ന വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളർച്ചയാണ് ജയറാമിനെയും കൂട്ടാളികളെയും പ്രകോപിപ്പിച്ചത്. മറ്റ് വ്യാപാരികളെക്കാളും ഉയർന്ന വിലനൽകി നന്ദകുമാർ സ്വർണം വാങ്ങിയിരുന്നത് വ്യാപാരികൾക്കിടയിൽ ശത്രുത വളർത്തിയിരുന്നു.








0 comments