ad
Deshabhimani

വാടകവീട്ടിൽനിന്ന്‌ 200 ചാക്ക് റേഷനരി പിടികൂടി

വന്യക്കോടിനടുത്ത് വാടകവീട്ടിൽനിന്ന് പിടികൂടിയ റേഷനരി മാറ്റുന്നു

വന്യക്കോടിനടുത്ത് വാടകവീട്ടിൽനിന്ന് പിടികൂടിയ റേഷനരി മാറ്റുന്നു

വെബ് ഡെസ്ക്

Published on Sep 14, 2026, 12:27 AM | 1 min read

പാറശാല

വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 200 ചാക്ക് റേഷനരിയും മൂന്ന് ചാക്ക് ഗോതമ്പും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പിടികൂടി. വന്യക്കോട് തമിഴ്നാട് കളിയിക്കാവിള സ്വദേശി വാടകയ്‌ക്കെടുത്ത വീട്ടിൽനിന്നാണ് അരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പാറശാല പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ ചാക്കുകൾ അടുക്കിവച്ച നിലയിലായിരുന്നു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഞായർ രാവിലെയെത്തി പരിശോധിച്ചപ്പോഴാണ് അനധികൃതമായി സൂക്ഷിച്ചിരുന്നത് റേഷനരിയാണെന്ന് കണ്ടെത്തിയത്. വീടിന്റെ അടുക്കളയിലും വർക്ക് ഏരിയയിലുമായി സുരേഖ, സോടെക്സ് തുടങ്ങിയ ബ്രാൻഡുകളുടെ പേരിലുള്ള ചാക്കുകളിലാണ് അരി സൂക്ഷിച്ചിരുന്നത്. പരിശോധന സമയം വീട്ടിൽ ആളില്ലായിരുന്നു. രണ്ട് നായകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‌ മുൻവശം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ അരി കളഞ്ഞുകിടന്നത് ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ കാറിലാണ് അരി കടത്തിക്കൊണ്ട്‌ വന്നതെന്നാണ് നിഗമനം. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി ഭാഗങ്ങളിലെ ഗോഡൗണുകളിൽ അടുത്തിടെ പരിശോധന കർശനമാക്കിയതോടെ അനധികൃതമായി സൂക്ഷിച്ച റേഷനരി വ്യാപകമായി പിടികൂടി. ഇതോടെയാണ്‌ ഇവർ വീടുകൾ വാടകയ്‌ക്കെടുത്ത് പുതിയ മാർഗം സ്വീകരിക്കുന്നത്. പരിശോധന കർശനമാക്കുമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടികൂടിയ അരി സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺകുമാർ, റേഷനിങ് ഇൻസ്പെക്ടർമാരായ ഗിരീഷ്ചന്ദ്രൻനായർ, ശ്രീജ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home