ദേശീയപാത കൊറ്റുകുളങ്ങര– കൊല്ലം ബൈപാസ് റീച്ച്
നിർമാണം മുടങ്ങി; നാളത്തെ ഡല്‍ഹിയോഗം നിർണായകം

കൊല്ലം
ദേശീയപാത 66ൽ കായംകുളം കൊറ്റുകുളങ്ങര – കൊല്ലം ബൈപാസ് (കാവനാട്) റീച്ചിൽ നിർമാണം മുടങ്ങിയിരിക്കെ ചൊവ്വാഴ്‌ച ഡൽഹിയിൽ ചേരുന്നയോഗം നിർണായകമാകും. കരാർ കന്പനിയായ വിശ്വസമുദ്ര കൺസ്‌ട്രക്‌ഷൻ ചെയർമാനെ ദേശീയപാത അതോറിറ്റി ഡൽഹിക്ക് വിളിപ്പിച്ചു. യോഗത്തിൽ എൻഎച്ച്‌എഐ ചെയർമാനും പങ്കെടുക്കുന്നുണ്ട്. നിർമാണം രണ്ടുമാസത്തിനകം ഉൗർജിതപ്പെടുത്തണമെന്ന് കാണിച്ച് എൻഎച്ച്‌എഐ ആഗസ്‌ത് 19ന് നൽകിയ കത്തിന്റെ പുരോഗതി യോഗത്തിൽ പരിശോധിക്കും. എന്നാൽ, കത്ത് ലഭിച്ചശേഷവും നിർമാണത്തിൽ ഒരുമാറ്റവും ഉണ്ടായിട്ടില്ല. നിർമാണ അവസ്ഥ മാസങ്ങൾക്കു മുന്പ് നിലച്ചിടത്തു തന്നെയാണ് ഇപ്പോഴും. രണ്ടുമാസത്തിനകം നിർമാണത്തിൽ പുരോഗതിയില്ലെങ്കിൽ തുടർ നടപടിയുണ്ടാവുമെന്നും എൻഎച്ച്‌എഐ കരാർ കന്പനിക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു. കന്പനിക്ക് വീണ്ടും കത്തുനൽകി കരാറിൽനിന്നും ഒഴിവാക്കുമെന്നാണ് സൂചന. ഇതേത്തുടർന്ന് വിശ്വസമുദ്രയെ കരിന്പട്ടികയിലും ഉൾപ്പെടുത്തും. ഇതിന് നിരവധി നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. അതിനിടെ കായംകുളം കൊറ്റുകുളങ്ങര– കൊല്ലം ബൈപാസ് (കാവനാട്) റീച്ചിൽ ആദ്യ രൂപരേഖ പ്രകാരമുള്ള നിർമാണം പൂർത്തീകരിക്കാമെന്നും കൂട്ടിച്ചേർത്ത പുതിയ നിർമാണ പ്രവൃത്തികൾക്ക് പുതിയ കരാറും സമയവും വേണമെന്നും വിശ്വസമുദ്ര കൺസ്‌ട്രക്‌ഷൻ കന്പനിയും ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യവും ചൊവ്വാഴ്‌ചത്തെ ഡൾഹി യോഗത്തിൽ ചർച്ചയാകും. എന്നാൽ, കരാർ കന്പനിയായ വിശ്വസമുദ്രയ്ക്ക് സമയം നീട്ടിക്കൊടുക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. അധിക നിർമാണ പ്രവൃത്തികൾ പ്രഖ്യാപിച്ചതിനാൽ കൊറ്റുകുളങ്ങര– കൊല്ലം ബൈപാസ് റീച്ചിൽ നിർമാണം നിർത്തിവയ്‌ക്കാൻ എൻഎച്ച്‌എഐ വിശ്വസമുദ്രയോട് ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. വിശ്വസമുദ്ര ഏറ്റെടുത്തിട്ടുള്ള കൊറ്റുകുളങ്ങര –ആലപ്പുഴ തുറവൂർ, കണ്ണൂർ ജില്ലയിലെ വളപട്ടണം– മുഴുപ്പിലങ്ങാട് എന്നീ റീച്ചുകളുടെയും നിർമാണവും ഇഴയുകയാണ്. കൊറ്റുകുളങ്ങര– കൊല്ലം ബൈപാസ് 31.5 കിലോമീറ്ററാണ്. ഇതിൽ 7.5 കിലോമീറ്ററിലാണ് പുതിയ നിർമാണം കൂട്ടിച്ചേർത്തിട്ടുള്ളത്. ഇതിലെ സാന്പത്തിക പ്രതിസന്ധി കമ്പനിക്ക് കനത്ത ആഘാതമായി. 31.5 കിലോമീറ്റർ 22 കിലോമീറ്ററിൽ കന്പനി നിർമാണം 60ശതമാനം പൂർത്തീകരിച്ചിരുന്നു. എന്നാൽ ഇവിടങ്ങളിൽ ടാറിങ് പലയിടത്തും പൂർത്തീകരിച്ചിട്ടില്ല. 2022 നവംബറിൽ ആണ് നിർമാണം ആരംഭിച്ചത്.








0 comments