അവധിയില്ലാതെ പവർകട്ട് വലഞ്ഞ് ജനം

കൊല്ലം
അവധി ദിനത്തിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി യുഡിഎഫ് സര്‍ക്കാരിന്റെ അപ്രഖ്യാപിത പവർകട്ട്. ചിങ്ങത്തിലെ അവസാനത്തെ ഞായറാഴ്ചയിൽ നിരവധി വിവാഹ ചടങ്ങുകളും ഉത്സവങ്ങളും ഉണ്ടായിരുന്നതിനാൽ പകൽ ഇടക്കിടെ ഉണ്ടായ പവർകട്ട് ജനങ്ങളെ നട്ടംതിരിച്ചു. പകൽ പവര്‍കട്ട് ഉണ്ടാകില്ലെന്ന വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. ജനറേറ്ററോ ഇൻവർട്ടറോ ഉപയോഗിക്കേണ്ടി വരുമെന്നതിനാൽ നിരവധി വ്യാപാര കേന്ദ്രങ്ങൾ ഞായറാഴ്‌ച തുറന്നില്ല. എൽടി മെയിന്റനൻസിന്റെ പേരിൽ മുൻകൂട്ടി ഫോണില്‍ മെസേജ് നൽകി പവർകട്ട് ചെയ്യാതിരിക്കാൻ അധികൃതർ ശ്രദ്ധിച്ചു. എന്നാൽ, മുന്നറിയിപ്പ് ഒന്നുമില്ലാതെ വിവിധ സെക്ഷൻ പരിധിയിൽ പത്തുതവണയെങ്കിലും വൈദ്യുതി മുടങ്ങി. കൂടുതൽ ചൂട് അനുഭവപ്പെടുന്ന മലയോരമേഖലയിൽ വൈദ്യുതി നിയന്ത്രണം കടുത്ത പ്രതിസന്ധിയുണ്ടാക്കി. കനത്ത പ്രതിഷേധമാണ് മേഖലയില്‍ ഉയരുന്നത്. സന്ധ്യയായാൽ കട അടച്ചിടുകയാണ് വ്യാപാരികൾ. രാത്രി പത്തുവരെ തുറന്ന് പ്രവർത്തിച്ചിരുന്ന കടകളാണ് ഒരാഴ്‌ചയായി പ്രവർത്തന സമയം കുറച്ചത്. വൈദ്യുതി മുടക്കം ചെറുകിട വ്യവസായങ്ങളെ ഏറെ ദോഷമായി ബാധിക്കുന്നു.തയ്യൽകടകൾ, ബാർബർ ഷോപ്പുകൾ, പ്രിന്റിങ് പ്രസുകൾ, കൂൾബാറുകൾ തുടങ്ങി എല്ലാ ചെറുകിട സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നു. ഇതിനിടെ തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലിക്കാർ വ്യത്യസ്‌ത തരത്തിൽ ഭീഷണി നേരിടുന്നുണ്ട്. മുന്നറിയിപ്പില്ലാതെ പവർകട്ട് എത്തിയതിനാൽ അച്ചാർ മിക്‌സിങ് മെഷീനിൽ കൈ കുടുങ്ങി കിളികൊല്ലൂർ സ്വദേശിയായ യുവതിക്ക് ഗുരുതരപരിക്കേറ്റിരുന്നു. ഡിടിപി സെന്ററുകൾ, അക്ഷയകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ യുപിഎസ് സംവിധാനം ഉണ്ടെങ്കിലും പകൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ ഇന്റർനെറ്റ് റൂട്ടറുകൾ ഓഫായി അപേക്ഷകൾ പൂർത്തിയാക്കാന്‍ പറ്റാതാവുകയാണ്. ആധുനിക സജ്ജീകരണങ്ങളുള്ള സലൂണുകളിൽ വലിയ ജനറേറ്ററുകൾ വാടകയ്‌ക്ക് എടുക്കേണ്ട അവസ്ഥയാണെന്ന് ഉടമകൾ പറയുന്നു. രാത്രി വെളിച്ചമില്ലാത്തത് മോഷണ സാധ്യത വർധിപ്പിക്കുന്നു. റെയിൽവേ സ്റ്റേഷനുകളിലും ബസ്‌സ്‌റ്റാൻഡുകളിലും കാത്തിരിക്കേണ്ടിവരുന്ന യാത്രക്കാർ ഭയപ്പാടിലാണ്. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് ചെറിയതോതിലെങ്കിലും ജനറേറ്റർ പ്രവർത്തിക്കുന്നത്.
പവർകട്ടിൽ കട്ടായി പഠനം
പവർകട്ടിൽ പഠനവും കട്ടാകുന്നതോടെ വിദ്യാർഥികളും സമ്മർദത്തിലാണ്. പരീക്ഷാ തയ്യാറെടുപ്പുകളെയും സ്കൂൾ, കോളേജ് പഠനത്തെയും ഇത് സാരമായി ബാധിക്കുന്നു. ഈ പ്രതിസന്ധി കുട്ടികളിൽ മാനസ്സികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ആധുനിക പഠനരീതികൾ ഭൂരിഭാഗവും ഇന്റർനെറ്റിനെയും ഡിജിറ്റൽ ഉപകരണങ്ങളെയും ആശ്രയിച്ചാണ്. വൈദ്യുതി ഇല്ലാതാകുന്നതോടെ ഈ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ബുദ്ധിമുട്ടാകുന്നു. വൈ-ഫൈ കണക്‌ഷനുകൾ വിച്ഛേദിക്കപ്പെടുന്നതും തിരിച്ചടിയാണ്.








0 comments