ad
Deshabhimani

മണ്ണുനീക്കുക, 
മറ്റൊരു മാർഗവുമില്ല

രാസമാലിന്യം നിക്ഷേപിച്ചതിനെത്തുടർന്ന്‌ കേടുബാധിച്ച തെങ്ങ്‌

രാസമാലിന്യം നിക്ഷേപിച്ചതിനെത്തുടർന്ന്‌ കേടുബാധിച്ച തെങ്ങ്‌

avatar
കെ എൻ സനിൽ ​

Published on Sep 14, 2026, 12:15 AM | 1 min read

തൃശൂർ

എറിയാട്‌ മേഖലയിൽ ഉരുണ്ടുകൂടിയ ആശങ്കയ്‌ക്ക്‌ അറുതിവരുത്താൻ എന്താണ്‌ മാർഗം? ഉത്തരം ഒന്നേയുള്ളൂ. നികത്താനുപയോഗിച്ച മണ്ണ്‌ പൂർണമായി നീക്കംചെയ്യുക. ഇത്‌ ആര്‌ എങ്ങനെ നടപ്പാക്കും എന്നതാണ്‌ ചോദ്യം. നികത്തിയ ഭൂമിയിൽ വലിയൊരു അളവിൽ കുളവും തോടുകളും ഉൾപ്പെട്ടത് പ്രശ്‌നത്തിന്റെ ഗ‍ൗരവം വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ പൊലീസും സർക്കാർ സംവിധാനങ്ങളും നടത്തുന്ന മെല്ലെപ്പോക്കാണ്‌ ആശങ്ക ജനിപ്പിക്കുന്നത്‌. മാലിന്യനീക്കത്തിന്റെ ഉത്തരവാദിത്തം ആദ്യം പഞ്ചായത്തിന്റെ തലയിലിട്ട്‌ തടിയൂരാനാണ്‌ കലക്ടർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചത്‌. പഞ്ചായത്തുകൾക്കാണ്‌ മാലിന്യനീക്കത്തിന്റെ ഉത്തരവാദിത്തം എന്ന ന്യായം പറഞ്ഞായിരുന്നു ഇത്‌. എന്നാൽ രാസമാലിന്യം സാധാരണ മാലിന്യം പോലെ കൈകാര്യം ചെയ്യാനാകില്ലെന്നും നീക്കംചെയ്യുന്ന മാലിന്യം എവിടെ നിക്ഷേപിക്കണം എന്നത്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിൽ പരിമിതിയുണ്ടെന്നും പഞ്ചായത്ത്‌ ഭരണസമിതി കലക്ടറെ ബോധ്യപ്പെടുത്തി. ഇതേത്തുടർന്ന്‌ മാലിന്യം നീക്കാൻ ‘കേരള എൻവിറോ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ (കെഇഐഎൽ) എന്ന സ്ഥാപനത്തോട്‌ കലക്ടർ ആവശ്യപ്പെട്ടു. ഇതിനുള്ള കരാർ ഒപ്പിടാൻ എത്തിയപ്പോഴാണ്‌ ഭാരിച്ച ചെലവ്‌ ഏറ്റെടുക്കേണ്ടിവരുമെന്ന്‌ പഞ്ചായത്ത്‌ അധികൃതർ അറിയുന്നത്‌. ഒരു ടൺ മാലിന്യം നീക്കാൻ 2300 രൂപ പഞ്ചായത്ത്‌ നൽകണം. മണ്ണ്‌ നീക്കിയശേഷം റവന്യൂ റിക്കവറിയിലൂടെ തുക തിരിച്ചുപിടിക്കണം എന്നാണ്‌ വ്യവസ്ഥ. വലിയ രണ്ടു പ്ലോട്ടുകളിൽ നിക്ഷേപിച്ച മണ്ണുനീക്കാൻ മാത്രം രണ്ടുകോടിയിലേറെ രൂപ വരും. ഇത്രയും വലിയ തുക നൽകാൻ പഞ്ചായത്തിനാവില്ല. ഇക്കാര്യംബോധ്യപ്പെട്ടതോടെ കലക്ടർ തുടർനടപടികൾക്കായി ആർഡിഒയെ ചുമതലപ്പെടുത്തി. മണ്ണുകൊണ്ടുവന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും നഷ്‌ടം കന്പനികളിൽനിന്ന്‌ ഇ‍ൗടാക്കാനും ആർഡിഒ ഇത്തരവിട്ടു. ഇ‍ൗ ഉത്തരവിനെതിരെ സ്ഥലമുടമ ഹൈക്കോടതിയിൽനിന്ന്‌ സ്‌റ്റേ സന്പാദിച്ചു. തുടർന്ന്‌ ബിനാനി സിങ്ക്‌, സുപ്രീം എയർ പ്രോഡക്ട്‌സ്‌ പ്രതിനിധികളുടെ യോഗം ആർഡിഒ വിളിച്ചുചേർത്തെങ്കിലും ഫലംകണ്ടില്ല. എറിയാട്‌ പഞ്ചായത്ത്‌ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ്‌ ഇപ്പോൾ നടപടികൾ മുന്നോട്ടുപോകുന്നത്‌. മണ്ണുകൊണ്ടുവന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ കൊടുങ്ങല്ലൂർ എസ്‌എച്ച്‌ഒയ്‌ക്ക്‌ അധികാരം നൽകിയിട്ടുണ്ടെങ്കിലും രണ്ടുടോറസുകൾ മാത്രമാണ്‌ പിടിച്ചെടുത്തിട്ടുള്ളത്‌. പ്രശ്‌നപരിഹാരത്തിന്‌ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും തദ്ദേശവകുപ്പുമന്ത്രിക്കും പഞ്ചായത്ത്‌ പരാതി നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home