ബിജെപിക്ക് മണ്ണൊരുക്കുന്ന കോൺഗ്രസ്

കഴിഞ്ഞദിവസം 10 സംസ്ഥാനത്തെ 37 രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ കൂറുമാറ്റ വാർത്തകൾ മതനിരപേക്ഷ ജനാധിപത്യവിശ്വാസികളെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്‌ത്തിയത്. കോൺഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും ബിജെപിക്കുള്ള നിക്ഷേപമാണെന്ന വിമർശം ശരിയെന്ന് അവർതന്നെ ആവർത്തിച്ച് തെളിയിക്കുകയാണ്. കോൺഗ്രസ് എംഎൽഎമാരുടെ വോട്ടിൽ രണ്ടു ബിജെപി സ്ഥാനാർഥികൾകൂടിയാണ് രാജ്യസഭയിൽ എത്തിയത്. മുമ്പും ഇത്തരം കൂറുമാറ്റമുണ്ടായിട്ടും ബിജെപിക്കെതിരായ നിലപാടിൽ സ്വന്തം അംഗങ്ങളെ ഉറപ്പിച്ചുനിർത്താനോ വ്യതിചലനത്തിനെതിരെ ജാഗ്രത കാണിക്കാനോ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല എന്നതാണ് ഏറെ പരിതാപകരം.
ബിജെപിയുടെ വർഗീയ അജൻഡകൾക്കും കുതിരക്കച്ചവടരാഷ്ട്രീയത്തിനുമെതിരെ പോരാടാൻ തങ്ങൾക്കാകില്ലെന്ന് കോൺഗ്രസ് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. ജനങ്ങൾ നൽകിയ വോട്ടും അവർ ഏൽപ്പിച്ച വിശ്വാസവും അധികാരത്തിനും പണത്തിനും വേണ്ടി പണയപ്പെടുത്തുന്നതിൽ അവർക്ക് ഒരു മനഃസാക്ഷിക്കുത്തും അനുഭവപ്പെടുന്നില്ലെന്നതാണ് സത്യം.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിക്ക് വോട്ട് ചെയ്‌തത്. ഹരിയാനയിലെ അഞ്ചും ബിഹാറിലെയും ഒഡിഷയിലെയും മൂന്നുവീതവും കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്‌തപ്പോൾ ഹരിയാനയിലെ നാല് കോൺഗ്രസ് എംഎൽഎമാർ മനഃപൂർവം വോട്ട് അസാധുവാക്കി. ഇതിലൂടെ കോൺഗ്രസ് എൻഡിഎയ്ക്ക് ദാനം നൽകിയത് രണ്ട് അധിക രാജ്യസഭാ സീറ്റാണ്.
ഇതാദ്യമല്ല കോൺഗ്രസ് എംഎൽഎമാർ ബിജെപി സ്ഥാനാർഥികൾക്ക് കൂറുമാറി വോട്ട് ചെയ്യുന്നത്. 2016ൽ ഹരിയാനയിൽനിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി ആർ കെ ആനന്ദിന്റെ തോൽവി ഇക്കൂട്ടത്തിലുണ്ട്. കോൺഗ്രസിന്റെ 12 എംഎൽഎമാർ വോട്ട് അസാധുവാക്കിയതിലൂടെ ബിജെപി പിന്തുണച്ച സുഭാഷ്ചന്ദ്ര വിജയിച്ചു.
2017ൽ ഗുജറാത്തിൽ അഹമ്മദ് പട്ടേലിനെ തോൽപ്പിക്കാനുള്ള ശ്രമത്തിനും കോൺഗ്രസ് എംഎൽഎമാർ കൂട്ടുനിന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആറ് എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നു. രണ്ട് എംഎൽഎമാർകൂടി ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്‌തു. സാങ്കേതിക കാരണങ്ങളാൽ ഈ വോട്ടുകൾ തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കിയതുകൊണ്ടുമാത്രമാണ് അഹമ്മദ് പട്ടേൽ ജയിച്ചത്. 2024ൽ ഹിമാചൽപ്രദേശിൽ ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‌വി പരാജയപ്പെട്ടു. അന്ന് ആറ് കോൺഗ്രസ് എംഎൽഎമാരും കോൺഗ്രസിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും ബിജെപി സ്ഥാനാർഥി ഹർഷ് മഹാജനാണ് വോട്ട് ചെയ്തത്.
2024ൽത്തന്നെ ഉത്തർപ്രദേശിലും ആകെയുണ്ടായിരുന്ന രണ്ട് കോൺഗ്രസ്- എംഎൽഎമാരിൽ ഒരാൾ കൂറുമാറി. അത് ബിജെപി സ്ഥാനാർഥിയുടെ വിജയത്തിന് വഴിയൊരുക്കുകയും ചെയ്‌തു. ഇതിനുപുറമെ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗത്വം കാലാവധി തീരുന്നതിനുമുമ്പ് രാജിവച്ച് ബിജെപിയുടെ അംഗത്തിന് വഴിയൊരുക്കിയതും ചർച്ചയായി.
ഇന്ന് രാജ്യസഭയിലും ലോക്‌സഭയിലുമുള്ള പത്തിലൊന്ന് ബിജെപി എംപിമാരും കോൺഗ്രസിന്റെ മുൻ നേതാക്കളാണെന്നത് വസ്‌തുത. ജ്യോതിരാദിത്യ സിന്ധ്യ, അശോക് ചവാൻ, ജിതിൻ പ്രസാദ, നവീൻ ജിൻഡാൽ, രവ്നീത് സിങ് ബിട്ടു, കിരൺ ചൗധരി, ആർ പി എൻ സിങ് തുടങ്ങിയവരെല്ലാം കോൺഗ്രസ് മുൻ നേതാക്കളാണ്.
ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ ശബ്ദമായ രാജ്യസഭയ്ക്ക് ഭരണകക്ഷിയുടെ ഏകാധിപത്യപരമായ നിയമനിർമാണനീക്കം തടയുന്നതിൽ ഏറെ നിർണായകപങ്കുണ്ട്. 245 അംഗ രാജ്യസഭയിൽ 123 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞദിവസം 21 സീറ്റിൽ വിജയിച്ചതോടെ ആ കടമ്പയും എൻഡിഎയ്ക്ക് മറികടക്കാനായി. ബിജെപിക്ക് തനിച്ച് 106ഉം എൻഡിഎയ്‌ക്ക് 141ഉം അംഗങ്ങളായി. ഇതിൽ ആറ് അംഗങ്ങൾ കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതിലൂടെ കിട്ടിയതാണ്.
ഇതുവരെ ചില കക്ഷികളെ കൂട്ടുപിടിച്ചും പ്രതിപക്ഷത്തെ ഭിന്നിപ്പ് മുതലെടുത്തുമാണ് ബില്ലുകൾ കടത്തിവിടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നത്. ഭരണഘടനാ ഭേദഗതിക്ക് വേണ്ട മൂന്നിൽരണ്ട് ഭൂരിപക്ഷം ഇല്ലെന്നതാണ് ആശ്വാസം. പക്ഷേ, ബിജെപിയുടെ ലക്ഷ്യം അതാണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നില്ല. അധികാരത്തിനായി മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയും ഏത് വർഗീയശക്തിയുമായും ചങ്ങാത്തംകൂടുകയും ചെയ്യുന്ന കോൺഗ്രസ്, ബിജെപിക്ക് വളരാൻ വളക്കൂറുള്ള മണ്ണൊരുക്കുകയാണ്. കേരളത്തിലും മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായടക്കം കൂട്ടുകൂടുന്നതിലൂടെ കോൺഗ്രസ് ഇതുതന്നെയാണ് ചെയ്യുന്നത്. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടുള്ള ഇടതുപക്ഷ ബദലുകൾക്കുമാത്രമേ രാജ്യത്തെ ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കാനാകൂ എന്ന് ഈ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നു.










0 comments