മുഴങ്ങും, ആ വാക്കുകൾ രാജ്യമാകെ

ഭരണഘടനയാണ് പരമോന്നതമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്‌ണ ഗവായ് വ്യാഴാഴ്‌ച മഹാരാഷ്‌ട്രയിലെ അമരാവതിയിൽ പറഞ്ഞത് ഏറ്റവും ഉചിതമായ ഒരു ചരിത്രസന്ധിയിലാണ്. ഭരണഘടനയെ കീറിയെറിഞ്ഞുകൊണ്ട് 1975 ജൂൺ 25ന് അർധരാത്രിക്ക് തൊട്ടുമുമ്പ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50–-ാം വാർഷികം ആചരിക്കുന്ന ഘട്ടത്തിലാണ് ഈ പ്രസംഗമെന്നതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസവും മതനിരപേക്ഷതയും ഒഴിവാക്കണമെന്ന ആർഎസ്‌എസിന്റെ ഏറെക്കാലമായുള്ള ആവശ്യം ആ മതതീവ്രവാദ സംഘടനയുടെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ ആവർത്തിച്ച ദിവസത്തിൽത്തന്നെയാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ഭരണഘടനയുടെ ഔന്നത്യത്തിനും അതിന്റെ അജയ്യതയ്‌ക്കും അടിവരയിട്ടത്. ഭരണഘടനയോ രാജ്യത്തെ ഏതെങ്കിലും നിയമങ്ങളോ അംഗീകരിക്കാത്ത ഒരു ചിത്രം ദേശീയ ചിഹ്നമെന്ന മട്ടിൽ ഔദ്യോഗിക ചടങ്ങുകളിൽ ഉൾക്കൊള്ളിച്ച, ഭരണഘടനാപദവിയുള്ള കേരള ഗവർണർക്കുകൂടിയുള്ള ഒരു മുന്നറിയിപ്പാണ് ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ.
ചീഫ് ജസ്റ്റിസ് അമരാവതിയിൽ പറഞ്ഞത് ഇതാണ്: ‘‘ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റാനാകില്ല. മതനിരപേക്ഷത, സോഷ്യലിസം എന്നീ അടിസ്ഥാന മൂല്യങ്ങളെ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് അടർത്തി മാറ്റാനാകില്ലെന്ന മുന്നറിയിപ്പാണത്. പാർലമെന്റാണ് ഏറ്റവും ഉന്നതമെന്നാണ് പലരുടെയും പക്ഷം. എന്നാൽ, എന്റെ അഭിപ്രായത്തിൽ ഭരണഘടനയാണ് പരമോന്നതം. എക്‌സിക്യൂട്ടീവ്, ലെജിസ്‌ലേച്ചർ, ജുഡീഷ്യറി എന്നിവ ഭരണഘടനയ്‌ക്ക് കീഴിലാണ്. ഭരണഘടന നിർണയിച്ച പരിധികൾക്കപ്പുറം രാഷ്‌ട്രത്തിന്റെ ഒരു സ്ഥാപനത്തിനും പ്രവർത്തിക്കാനാകില്ല.’’
ലോകത്തിലെ എല്ലാ സ്വേച്ഛാധിപതികളും വെറുക്കുന്ന മൂല്യങ്ങളാണ് തുല്യതയും മതനിരപേക്ഷതയും. ഇന്ത്യൻ സ്വേച്ഛാധിപതികൾക്ക് അതുകൊണ്ടുതന്നെ ഈ രണ്ടു മൂല്യവും ആലേഖനം ചെയ്‌ത ഭരണഘടനയോട് തെല്ലും ബഹുമാനമുണ്ടാകില്ലെന്ന് 50 വർഷംമുമ്പ് ഇന്ദിരാഗാന്ധിയും ഇപ്പോൾ സംഘപരിവാറും തെളിയിച്ചുകൊണ്ടിരിക്കുന്നു.
അധികാര കേന്ദ്രീകരണത്തിലും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിലും ജീവൽപ്രശ്നങ്ങളുയർത്തി ജനങ്ങൾ നടത്തുന്ന സമരങ്ങളെ വിഭാഗീയതയും വർഗീയതയും പറഞ്ഞ് ദുർബലമാക്കുന്നതിലും കോൺഗ്രസിനും ബിജെപിക്കും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ല. ആ പാഠമാണ് അടിയന്തരാവസ്ഥയ്‌ക്കുശേഷമുള്ള 50 വർഷത്തിൽ ഇന്ത്യൻ ജനത പഠിച്ചത്.
ഭരണഘടനയല്ല, മനുസ്‌മൃതിയാണ് ആധാരശിലയെന്ന് ഉദ്‌ഘോഷിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിന്റെ വക്താക്കൾക്കും ലക്ഷക്കണക്കിന് മനുഷ്യരെ കൊല്ലാക്കൊല ചെയ്‌ത അടിയന്തരാവസ്ഥക്കാലത്തെ കഷ്‌ടപ്പെട്ട് ന്യായീകരിക്കുന്ന കോൺഗ്രസ് നേതാക്കൾക്കും ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ രസിക്കണമെന്നില്ല.
അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധിയുടെ അമിതാധികാര പ്രവണതയ്‌ക്കെതിരെ ശക്തമായി പോരാട്ടം നടത്തിയെന്ന് അവകാശപ്പെടുന്ന ആർഎസ്‌എസിന്റെ സർസംഘ്‌ചാലക്, ഇന്ദിരാഗാന്ധിയോട് പലവട്ടം മാപ്പ് അപേക്ഷിച്ചിരുന്നെന്ന വസ്‌തുത ഇപ്പോൾ പലതലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അടിയന്തരാവസ്ഥയിലെ അധികാര കേന്ദ്രീകരണത്തെ ആർഎസ്‌എസ് എല്ലാ അർഥത്തിലും അനുകൂലിച്ചു എന്നാണ് ഇതിൽനിന്ന് തെളിയുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത വി ഡി സവർക്കർമുതൽ എ ബി വാജ്‌പേയിവരെയുള്ളവരാണ് ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിന്റെ വക്താക്കൾ എന്നുകൂടി ഓർക്കണം.
അടിയന്തരാവസ്ഥയെ വിമർശിക്കുന്നെന്ന വ്യാജേനയാണ് ദത്താത്രേയ ഹൊസബളെ ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടത്.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ നാനൂറിലേറെ സീറ്റ് നേടുമെന്ന മോദിയുടെ പ്രഖ്യാപനം നടപ്പായിരുന്നെങ്കിൽ ഭരണഘടനയെ മാറ്റി പകരം മനുസ്‌മൃതി പുനഃസ്ഥാപിക്കാനുള്ള ആർഎസ്‌എസിന്റെ പ്രഖ്യാപിത ലക്ഷ്യം അനായാസം സാധ്യമാകുമായിരുന്നു. ഒറ്റയ്‌ക്ക് ഭൂരിപക്ഷം കിട്ടാത്ത ബിജെപി, ഘടകകക്ഷികളുടെ ഔദാര്യത്തിൽ ഭരിക്കുമ്പോൾ ഭരണഘടനാ ഭേദഗതി എളുപ്പമല്ല. എങ്കിലും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ആവർത്തിച്ച് പറഞ്ഞുകൊണ്ട് അതിനുള്ള അന്തരീക്ഷം ഒരുക്കിയെടുക്കാനുള്ള ശ്രമമാണ് ആർഎസ്‌എസ് നടത്തുന്നത്.
പതിനൊന്ന് വർഷമായി ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെയും ദുർബലപ്പെടുത്തുന്നത് ശീലമാക്കിയിരിക്കുകയാണ്. സമത്വവും നീതിയും നിഷേധിക്കപ്പെടുന്നവർക്ക് ഭരണഘടനയുടെ വിമോചനത്തിന്റെ വഴി കാണിക്കുന്ന മഹദ്‌ഗ്രന്ഥമാണ് ഭരണഘടന. ‘നിങ്ങൾ എത്ര ഉയരത്തിലെത്തുന്നുവോ അതിനേക്കാളും ഉയരത്തിലായിരിക്കും രാജ്യത്തെ ഭരണഘടനയും നിയമവ്യവസ്ഥയും’ എന്ന് കേശവാനന്ദഭാരതി കേസിന്റെ വാദത്തിൽ നാനി പാൽക്കിവാല പറഞ്ഞത് ഈ ഘട്ടത്തിൽ ആവർത്തിച്ച് പറയേണ്ടതുണ്ട്.










0 comments