print edition രാമക്ഷേത്രഫണ്ട് വെട്ടിപ്പ്; പുറത്തായത് സംഘപരിവാർമുഖം

അയോധ്യാപ്രസ്ഥാനത്തിലൂടെ വർഗീയത പടർത്തിയാണ് ഇന്ത്യയിൽ സംഘപരിവാറും ബിജെപിയും വളർന്നത്. ബാബ്‌റി മസ്‌ജിദ് പൊളിച്ച് അമ്പലം പണിയണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനകൾ രാജ്യത്താകെ രക്തപ്പുഴയൊഴുക്കി. പള്ളി പൊളിച്ചതിനുശേഷം ഭൂമിക്കായി വഴിവിട്ട നീക്കങ്ങൾ സജീവമാക്കി.
കേന്ദ്രത്തിലെ ഭരണസ്വാധീനം ദുരുപയോഗപ്പെടുത്തി സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധി നേടിയെടുത്തു. അന്യായമായി നേടിയെടുത്ത ഭൂമിയിൽ രാമക്ഷേത്രനിർമാണത്തിന് മോദിസർക്കാർതന്നെ കാർമികത്വം വഹിച്ചു. രാമക്ഷേത്രദർശനത്തിനായി തീർഥാടകരെ അയോധ്യയിലേക്ക് എത്തിക്കുന്ന ചുമതലയും സംഘപരിവാർ ഏറ്റെടുത്തു. ഭക്തരിൽനിന്ന് ദിവസവും കോടികൾ സംഭാവനയായി ഒഴുകിയെത്തി.
ക്ഷേത്രത്തിലേക്ക് സംഭാവനയായി എത്തിയ കോടിക്കണക്കിന് രൂപയിൽ നല്ലൊരു പങ്കും സംഘപരിവാർ നേതൃത്വംതന്നെ മോഷ്ടിച്ചുവെന്ന ഗുരുതരആരോപണമാണ് ഇപ്പോൾ ഉയരുന്നത്. സംഘപരിവാറിന് ഉള്ളിൽനിന്നുതന്നെയാണ് ആരോപണം. ബാബ്‌റി മസ്‌ജിദ് പൊളിക്കൽ കേസിൽ എൽ കെ അദ്വാനിക്കൊപ്പം കൂട്ടുപ്രതിയായിരുന്ന സന്തോഷ് ദൂബെയാണ് പ്രധാന പരാതിക്കാരൻ.
രാമക്ഷേത്രം ഫണ്ടിൽ 200 കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടന്നതായി ഉത്തർപ്രദേശ് പൊലീസിന് നൽകിയ പരാതിയിൽ ദൂബെ ചൂണ്ടിക്കാട്ടുന്നു. ദിവസവും ഒരുകോടിയിലേറെ രൂപ പണമായും സ്വർണം–വെള്ളി ആഭരണങ്ങളായുംമറ്റും ക്ഷേത്രഭണ്ഡാരത്തിലേക്ക് എത്തുന്നുണ്ട്. ഇതിൽ നല്ലൊരു പങ്കും ട്രസ്റ്റ് ഭാരവാഹികൾ അടിച്ചുമാറ്റുകയാണെന്നാണ് പരാതി.
മുതിർന്ന ബിജെപി നേതാവ് രജനീഷ് സിങ്ങും ദൂബെയുടെ പരാതി ശരിവയ്‌ക്കുന്നു. രാമക്ഷേത്രം ട്രസ്റ്റിലെ എല്ലാവരും കള്ളന്മാരാണെന്ന് അയോധ്യാപ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ബജ്‌റംഗദൾ സ്ഥാപകനും ബിജെപി നേതാവുമായ വിനയ് കത്യാർ തുറന്നടിച്ചു.
രാമക്ഷേത്രം അഴിമതിയെക്കുറിച്ച് തനിക്ക് പലതും അറിയാമെന്നും എന്നാൽ ട്രസ്റ്റ് ഭാരവാഹികൾ വമ്പന്മാരായതിനാൽ ഭയമാണെന്നും ബിജെപിയുടെ മുൻ എംപി ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങും മാധ്യമങ്ങളോട് പറഞ്ഞു.
രാമക്ഷേത്രം ട്രസ്റ്റിലെ ആർഎസ്‌എസ് നോമിനിയായ വിഎച്ച്‌പി നേതാവ് ചമ്പത് റായ്‌യിലേക്കാണ് ഫണ്ട് മോഷണത്തിന്റെ ആരോപണമുനകൾ നീളുന്നത്. ക്ഷേത്രം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയാണ് ചമ്പത് റായ്. ട്രസ്റ്റ് അംഗവും ആർഎസ്‌എസ് നേതാവുമായ അനിൽ മിശ്ര, ക്ഷേത്രം നിർമാണത്തിന്റെ ചുമതലക്കാരനായ ഗോപാൽ റാവു എന്നിവരും ആരോപണവിധേയരാണ്.
രാമക്ഷേത്രം അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണമാണ് സമാജ്‌വാദി പാർടി അടക്കമുള്ള പ്രതിപക്ഷപാർടികൾ ആവശ്യപ്പെടുന്നത്. കേന്ദ്ര–സംസ്ഥാന ഏജൻസികളിൽനിന്ന് നിഷ്‌പക്ഷ അന്വേഷണത്തിന് സാധ്യതയില്ലാത്തതിനാൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണവും പ്രതിപക്ഷം താൽപ്പര്യപ്പെടുന്നുണ്ട്.
ഇതിന് വഴങ്ങാതെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എസ്‌ഐടിയെ അന്വേഷണച്ചുമതല ഏൽപ്പിച്ചതിൽ ദുരൂഹതയുണ്ട്. ചമ്പത് റായ് അടക്കമുള്ള സംഘപരിവാർ നേതാക്കളുടെ സംരക്ഷണമാണ് കേന്ദ്ര–സംസ്ഥാന ബിജെപി സർക്കാരുകൾ താൽപ്പര്യപ്പെടുന്നതെന്ന് വ്യക്തം.
രാമക്ഷേത്രത്തെ ചുറ്റിപ്പറ്റി നേരത്തേയും അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. രാമക്ഷേത്രപ്രസ്ഥാനത്തിന്റെ ഘട്ടത്തിൽത്തന്നെ സംഭാവനയായി കിട്ടിയ ആയിരം കോടിയിലേറെ വിഎച്ച്‌പി തട്ടിയതായി ബാബ്‌റി കേസിലെ ആദ്യഹർജിക്കാരായ നിർമോഹി അഖാഡ ഉന്നയിച്ചിരുന്നു. സുപ്രീംകോടതി വിധിക്കുപിന്നാലെ വ്യാപകമായി ഭൂമിയിടപാട് ക്രമക്കേടും ഉയർന്നു.
രണ്ടരക്കോടിക്ക് വാങ്ങിയ ഭൂമി ദിവസങ്ങൾക്കുള്ളിൽ 18.5 കോടിക്ക് ട്രസ്റ്റിന് വിറ്റതിന്റെ രേഖകളടക്കം പുറത്തുവന്നിരുന്നു. ഇതെല്ലാം മൂടിയതിനുപിന്നാലെയാണ് ഇപ്പോഴത്തെ സംഭാവന തിരിമറി ആക്ഷേപം. ഉത്തർപ്രദേശ് അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ രാമക്ഷേത്രം അഴിമതി സംഘപരിവാറിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നു തീർച്ചയാണ്.
ആർഎസ്‌എസിലെയും ബിജെപിയിലെയും ഒരു വിഭാഗംതന്നെയാണ് പരാതിക്കുപിന്നിലെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിശ്വാസത്തെ കബളിപ്പിച്ച് അയോധ്യയിലൂടെ വലിയ രാഷ്ട്രീയനേട്ടം കൊയ്‌ത സംഘപരിവാർ, ഇപ്പോൾ അധാർമികമായ സാമ്പത്തികനേട്ടത്തിനും രാമക്ഷേത്രത്തെ കരുവാക്കുകയാണ്.










0 comments