ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ടിവികെയുടെ സോഷ്യൽ മീഡിയ റീലുകൾക്ക് വേണ്ടി: ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഗവർണറുടെ പ്രസംഗം സർക്കാരിന്റെ നയരൂപരേഖയാകുന്നതിന് പകരം ഭരണകക്ഷിയുടെ സോഷ്യൽ മീഡിയ റീലുകൾ നിർമ്മിക്കാനുള്ള ഉള്ളടക്കം മാത്രമായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.
മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് സ്വന്തം പുകഴ്ത്തലുകൾ നടത്താനും സ്വയം പരസ്യം ചെയ്യാനും വേണ്ടി മാത്രമായി രൂപകൽപ്പന ചെയ്തതായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ പ്രസംഗമെന്ന് ഉദയനിധി ആരോപിച്ചു. 'മുഖ്യമന്ത്രി ഒന്നു വായ തുറക്കൂ' എന്ന ബാഡ്ജുകൾ ധരിച്ചാണ് ഡിഎംകെ എംഎൽഎമാർ നിയമസഭയിൽ എത്തിയത്.
ടിവികെ സർക്കാർ പൂർണ്ണമായും ഒരു 'കോപ്പി-പേസ്റ്റ്' സർക്കാരാണെന്ന് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. മുൻ ഡിഎംകെ സർക്കാരിന്റെ കാലത്തെ നേട്ടങ്ങളിലും പദ്ധതികളിലും പുതിയ സ്റ്റിക്കറുകൾ ഒട്ടിക്കുക മാത്രമാണ് ഈ സർക്കാർ ചെയ്യുന്നത്. ഒളിമ്പിക് പരിശീലന കേന്ദ്രങ്ങൾ, 69 ശതമാനം സംവരണം, ഇരുഭാഷാ നയം, ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിർപ്പ് എന്നിവയെല്ലാം മുൻ ഡിഎംകെ സർക്കാരിന്റെ നയങ്ങളായിരുന്നു.
മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പേരുമായി ബന്ധപ്പെട്ടിരുന്ന 'നാൻ മുതൽവൻ' പദ്ധതി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പുനർനാമകരണം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് ഡിഎംകെ ഭരണകാലത്ത് നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്ന ഗവർണർ, ഇത്തവണ ഒരു അക്ഷരം പോലും മാറ്റാതെ പൂർണ്ണമായി വായിച്ചതിൽ നിന്ന് കേന്ദ്രത്തിലെ ബിജെപിയും ടിവികെ സർക്കാരും തമ്മിലുള്ള രഹസ്യ ധാരണ വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പുതിയ സർക്കാർ അധികാരമേറ്റ് 38 ദിവസങ്ങൾ മാത്രമാകുമ്പോഴേക്കും സംസ്ഥാനത്ത് ക്രമസമാധാന നില പൂർണ്ണമായി തകർന്നുവെന്ന് ഡിഎംകെ ആരോപിച്ചു. ഈ ചുരുങ്ങിയ കാലയളവിൽ തമിഴ്‌നാട്ടിൽ 175 ലൈംഗിക അതിക്രമങ്ങളും 65 കൊലപാതകങ്ങളും നാല് ദുരഭിമാനക്കൊലകളും നടന്നു.
സംസ്ഥാനം ആയിരക്കണക്കിന് പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ, ടിവികെയുടെ സോഷ്യൽ മീഡിയ വിംഗുകാർ മുഖ്യമന്ത്രി ധരിച്ച വസ്ത്രത്തെക്കുറിച്ചും സെക്രട്ടേറിയറ്റിൽ അദ്ദേഹം കൊണ്ടുവന്ന ഉച്ചഭക്ഷണത്തെക്കുറിച്ചും റീലുകൾ ഉണ്ടാക്കുന്ന തിരക്കിലാണെന്ന് ഉദയനിധി പരിഹസിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഇപ്പോഴും പ്രചാരണ മൂഡിൽ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.










0 comments