മരുന്നില്ല, ഡോക്ടർമാരും ഡിഎംഒമാരും ഇല്ല, ആരോഗ്യവകുപ്പ് തലപ്പത്ത് കസേരകളി; എന്താണ് നിക്ഷിപ്തതാൽപര്യമെന്ന് പ്രതിപക്ഷനേതാവ്

പിണറായി വിജയൻ
തിരുവനന്തപുരം: പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ താഴെത്തട്ടിലുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പൂർണപരാജയമായെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. മരുന്നുകൾ ലഭ്യമാകുന്നില്ല, പിഎസ്‍സി അഡ്വൈസ് ലഭിച്ച ഡോക്ടർമാർക്ക് നിയമനം ലഭിക്കുന്നില്ല, അഞ്ച് ജില്ലകളിൽ ഡിഎംഒമാരില്ല. എന്താണ് ഇതിന് പിന്നിലുള്ള നിക്ഷിപ്തതാൽപര്യമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ട് നിപാ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷമുള്ള നടപടികളിൽ കാലതാമസമുണ്ടായി. മാരകമായ പ്രഹരശേഷിയുള്ള രോഗമാണ് നിപാ. മറ്റെല്ലാം മാറ്റിവെച്ച് ഏകോപനത്തിന് നേതൃത്വം കൊടുക്കേണ്ടയാൾ ആരോഗ്യമന്ത്രിയാണ്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞാണ് മന്ത്രി കോഴിക്കോടെത്തിയത്. കഴിഞ്ഞ കാലങ്ങളിൽ എപ്പോഴെല്ലാം നിപാ രോഗം വന്നോ അപ്പോഴെല്ലാം ആരോഗ്യമന്ത്രി തൊട്ടടുത്തസമയം പ്രദേശത്തെത്തി എല്ലാ പ്രവർത്തനങ്ങൾക്കും ഏകോപനം നടത്തിയിട്ടുണ്ട്. നാടിനെയാകെ പ്രതിരോധത്തിൽ അണിനിരത്തി. സർക്കാർ മാത്രമെന്ന നിലയിലായിരുന്നില്ല, എല്ലാവരെയും ചേർത്താണ് പ്രതിരോധപ്രവർത്തനങ്ങൾ എൽഡിഎഫ് സർക്കാർ നടത്തിയതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കാലവർഷത്തിന് മുൻപ് ചെയ്യേണ്ട പ്രതിരോധപ്രവർത്തനങ്ങളിൽ അന്ന് അധികാരത്തിലുണ്ടായിരുന്ന എൽഡിഎഫ് സർക്കാർ ഒന്നുംചെയ്തില്ലെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ ആരോപണത്തിനും പിണറായി മറുപടി നൽകി. അന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ ഒരു ഉദ്യോഗസ്ഥരെയും വിളിച്ചുകൂട്ടാൻ അധികാരമുണ്ടായിരുന്നില്ല. എന്നാൽ ഫെബ്രുവരിയിൽ ഉൾപ്പെടെ യോയം ചേരുകയും സർക്കാർ ചെയ്യേണ്ടകാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുമുണ്ട്. പക്ഷേ പുതിയ സർക്കാർ അധികാരത്തിൽവന്നശേഷം യോഗങ്ങൾ നടത്തിയില്ല.
ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ഏകോപനത്തിനില്ലെന്ന് മന്ത്രിതന്നെ പറയുന്നു. എന്നാൽ എൽഡിഎഫിന്റെ അനുഭവം ഇത്തരം സാഹചര്യങ്ങളിൽ മുൻപ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫലപ്രദമായി സഹകരിച്ചു എന്നതാണ്. അവിടെയൊന്നും രാഷ്ട്രീയം പ്രശ്നമായിട്ടില്ല. മന്ത്രി ഒരു കാര്യം പറയുന്നു, ഉദ്യോഗസ്ഥർ മറ്റൊരുകാര്യം പറയുന്നു. പരക്കെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയാണ്. ഫലപ്രദമായി ആരോഗ്യവകുപ്പ് പ്രവർത്തിത്തേണ്ട ഘട്ടത്തിലാണ് ഈ സ്ഥലംമാറ്റം. കേരളം മുൻപ് കാണാത്തവിധം ആരോഗ്യവകുപ്പിന്റെ തലപ്പത്തുപോലും കസേരക്കളി നടക്കുകയാണ്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാൻ സർക്കാരിനാകണം. ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നവിധത്തിലുള്ള കൂട്ടസ്ഥലംമാറ്റങ്ങൾ ഒഴിവാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി.










0 comments