'അമ്മ'യിൽ നാടകീയ നീക്കങ്ങൾ; ഇന്നലെ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചതായി റിപ്പോര്‍ട്ട്

ആശ അരവിന്ദ്
കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ അനിശ്ചിതത്വവും പൊട്ടിത്തെറിയും തുടരുന്നു. ജനറൽ ബോഡി യോഗത്തിലെ കൂട്ടരാജിയെ തുടർന്ന് സംഘടനയെ താൽക്കാലികമായി നയിക്കാൻ ഇന്നലെ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്നും നടി ആശ അരവിന്ദ് രാജിവെച്ചതായി റിപ്പോര്‍ട്ട്. കമ്മിറ്റി നിലവിൽ വന്ന് മണിക്കൂറുകൾക്കകമാണ് പുതിയ രാജി എന്നതും ശ്രദ്ധേയമാണ്.
തനിക്കൊപ്പം ജനറൽ ബോഡിയിലുണ്ടായിരുന്ന 17 അംഗ ഭരണസമിതിയും പൂർണമായി രാജിവെച്ച പശ്ചാത്തലത്തിലാണ് താനും അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമാകാനില്ലെന്ന് നിലപാടെടുത്തതെന്ന് ആശ അരവിന്ദ് വ്യക്തമാക്കി. എന്നാൽ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞാലും 'അമ്മ' സംഘടനയിലെ സാധാരണ അംഗമായി താൻ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ശ്വേത മേനോനും 17 അംഗ ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചതോടെയാണ് സംഘടനയിൽ വലിയ ഭരണപ്രതിസന്ധി രൂപപ്പെട്ടത്. തുടർന്ന് സംഘടനയെ മുന്നോട്ട് കൊണ്ടുപോകാൻ ഒരു താൽക്കാലിക സമിതി രൂപീകരിക്കാൻ മുതിർന്ന താരം ജഗദീഷിനെ പൊതുയോഗം ചുമതലപ്പെടുത്തുകയായിരുന്നു.
ജഗദീഷിന്റെ നേതൃത്വത്തിൽ നടന്ന ദ്രുതഗതിയിലുള്ള ചർച്ചകൾക്കൊടുവിലാണ് നടൻ രമേഷ് പിഷാരടിയെ അധ്യക്ഷനാക്കി 4 മാസത്തെ കാലാവധിയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. കൺവീനർമാരായി കെ.ബി. ഗണേഷ് കുമാർ, സാദിഖ്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, ഡോ. റോണി ഡേവിഡ്, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവർക്കൊപ്പം ആശ അരവിന്ദിനെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആശയുടെ അപ്രതീക്ഷിത പടിയിറക്കത്തോടെ താൽക്കാലിക സമിതിയുടെ പ്രവർത്തനവും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.










0 comments