തമിഴ്‌നാട്ടിലെ ഫാക്ടറിയിൽ വാതക ചോർച്ച: അഞ്ച് തൊഴിലാളികളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ടു

Photo Credit: ANI
ചെന്നൈ: തമിഴ്‌നാട്ടിലെ ഫാക്ടറിയിൽ വാതകം ചോർന്ന് അഞ്ച് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവള്ളൂരിലെ സ്വകാര്യ മത്സ്യ ഭക്ഷണ കയറ്റുമതി ഫാക്ടറിയിൽ അമോണിയ വാതക ചോർന്നാണ് അപകടമുണ്ടായത്. പെരിയപാളയത്തിനടുത്തുള്ള കന്നിഗൈപെയർ-മഞ്ജംഗരനൈ പ്രദേശത്താണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. അപകടത്തിൽ മരിച്ച അഞ്ച് സ്ത്രീകളും ഒഡിഷയിലെ കിയോഞ്ജർ സ്വദേശികളാണ്.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് സംയുക്ത അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ പ്രാഥമിക റിപ്പോർട്ടും, മൂന്ന് ദിവസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ടും സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
വാതകചോർച്ചയിൽ ആകെ 74 തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതിൽ 67 പേർ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണ്.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
മൃതദേഹങ്ങൾ എത്രയും വേഗം ഒഡിഷയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഒഡിഷ സർക്കാർ ആരംഭിച്ചു. ഒഡീഷയിലെയും തമിഴ്‌നാട്ടിലെയും ചീഫ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും തമ്മിൽ നിരന്തരം ബന്ധപ്പെടുകയും ഏകോപനം നടത്തുകയും ചെയ്യുന്നുണ്ട്. ചികിത്സ, പോസ്റ്റ്‌മോർട്ടം നടപടികൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാൻ ഒഡീഷയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം തമിഴ്‌നാട്ടിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.










0 comments