ad
Deshabhimani

അയോധ്യയ്ക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട്; സിബിഐ അന്വേഷണത്തിന് ആവശ്യം

Mathura.jpg
വെബ് ഡെസ്ക്

Published on Jun 22, 2026, 04:22 PM | 1 min read

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് 200 കോടി രൂപയുടെ കൊള്ള നടന്നതായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെ, ഉത്തർപ്രദേശിലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോർട്ടുകൾ.


ക്ഷേത്രത്തിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളെച്ചൊല്ലി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ദിനേഷ് പഹലാഗിരി മഹാരാജും ക്ഷേത്ര മാനേജ്മെന്റും പരസ്പരം രംഗത്തെത്തിയതോടെ സംഭവം വലിയ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കുകയാണ്.


ക്ഷേത്രത്തിന് ലഭിക്കുന്ന ഭീമമായ ഫണ്ടുകൾ മാനേജ്മെന്റ് പരസ്യമായി വെട്ടിക്കുകയാണെന്ന് പൂജാരി ദിനേഷ് മഹാരാജ് ആരോപിച്ചു. വിഷയത്തിൽ നിഷ്പക്ഷമായ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


എന്നാൽ, പൂജാരിയുടെ ആരോപണങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ തന്നെ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്ര മാനേജ്മെന്റും രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മാനേജ്മെന്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.


അയോധ്യയിലെ അഴിമതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതുപോലെ മഥുരയിലെ ക്രമക്കേടുകളും പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. നിവേദ്യം, പൂജകൾ എന്നിവയുടെ മറവിലാണ് ക്ഷേത്രത്തിൽ വലിയ രീതിയിലുള്ള ഫണ്ട് വെട്ടിപ്പുകൾ നടന്നതെന്നാണ് സൂചന.


സംഭവവുമായി ബന്ധപ്പെട്ട് മഥുരയിലെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഇതിനകം തന്നെ പരാതികൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് വിടണമെന്ന ആവശ്യവും ശക്തമാവുകയാണ്. അയോധ്യയ്ക്ക് പിന്നാലെ മഥുരയിലും അഴിമതിക്കഥകൾ പുറത്തുവരുന്നത് യോഗി സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home