പഴച്ചാറുകൾ മുതൽ ആഡംബര കാറുകൾ വരെ എത്തും, ഇന്ത്യ യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍ ഡിസംബറോടെ

മുംബൈ: ഇന്ത്യയും 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം ഡിസംബറോടെ ഒപ്പുവെക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. കരാർ അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളോടെ പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുമായി നടത്തിയ ഒരു സംവാദ പരിപാടിയിലാണ് മന്ത്രി ഈ വിവരങ്ങൾ പങ്കുവെച്ചത്.
ദീർഘകാലമായി നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ, ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളുടെ സമാപനം ഈ വർഷം ജനുവരി 27-ന് പ്രഖ്യാപിച്ചിരുന്നു. വ്യാപാര മേഖലയിലെ 'ഏറ്റവും വലിയ കരാർ' എന്നാണ് ഈ ഉഭയകക്ഷി പങ്കാളിത്തം വിശേഷിപ്പിക്കപ്പെടുന്നത്.
കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ 93 ശതമാനത്തോളം വരുന്ന ഷിപ്പ്‌മെന്റുകൾക്ക് യൂറോപ്യൻ യൂണിയൻ വിപണിയിൽ നികുതിരഹിത പ്രവേശനം ലഭിക്കും. സമാനമായ നിലയിൽ ഇന്ത്യയിലേക്കും ഉത്പന്നങ്ങൾ എത്തും.ആഡംബര കാറുകൾ മുതൽ പഴച്ചാറും വൈനുകളും വരെ ഇങ്ങനെ എത്തും.
ലോകത്തെ ആകെ ജിഡിപിയുടെ 25% ഈ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രതിനിധാനം ചെയ്യുന്നു. ഇത് ഏകദേശം 33 ട്രില്യൺ ഡോളര്‍ വരുന്ന ലോകത്തെ ആകെ വ്യാപാരത്തിന്റെ മൂന്നിലൊന്ന് അഥവാ 11 ട്രില്യൺ വരും.
യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ വ്യാപാര കരാർ ചർച്ചകൾക്കായി ഈ ആഴ്ച ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം തന്നെ പൂർത്തിയാക്കാനുള്ള കനേഡിയൻ പ്രധാനമന്ത്രി പ്രകടിപ്പിച്ചതായി ഗോയൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ രണ്ടാം ഘട്ട ചർച്ചകൾ കഴിഞ്ഞ മേയ് മാസത്തിൽ നടന്നിരുന്നു.










0 comments