ad
Deshabhimani

മേഘാലയയിൽ പ്രളയക്കെടുതി രൂക്ഷം; 526 മില്ലിമീറ്റർ മഴ, വ്യാപക നാശനഷ്ടം

Meghalaya.jpg

ചിത്രം: എഎൻഐ

വെബ് ഡെസ്ക്

Published on Jun 22, 2026, 03:26 PM | 1 min read

ഷില്ലോങ്: മേഘാലയയിൽ കാലവർഷം കനത്ത നാശം വിതയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറാമിൽ മാത്രം 526.4 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്.


ഇതോടെ സംസ്ഥാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശമായി മൗസിൻറാം മാറി. ഈസ്റ്റ് ഖാസി ഹിൽസ് മേഖലയിലാണ് മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. ഇവിടെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സോഹ്‌റയിൽ (ചിറാപുഞ്ചി) 470.4 മില്ലിമീറ്ററും സൗത്ത് വെസ്റ്റ് ഖാസി ഹിൽസിലെ മൗകിർവതിൽ 385 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.


മൗഫ്ലാങ്, ഖ്ലീഹ്രിയാത്, ഷെല്ല, വില്യംനഗർ തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഖാസി, ജയന്തിയ ഹിൽസ് മേഖലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.


തുടർച്ചയായ മഴയെത്തുടർന്ന് മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതകൾ വർധിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോടും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ദുരന്തനിവാരണ സേന നിർദ്ദേശം നൽകിയിട്ടുണ്ട്.


അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും യാത്ര ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അസം അതിർത്തിയോട് ചേർന്നുള്ള അന്തരീക്ഷ ചുഴലിയും വടക്കുകിഴക്കൻ മേഖലയിൽ ശക്തമായ മൺസൂൺ പാത്തി നിലനിൽക്കുന്നതുമാണ് മേഘാലയയിൽ ഇത്രയും കനത്ത മഴയ്ക്ക് കാരണമായി കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. സ്ഥിതിഗതികൾ സങ്കീർണ്ണമാകുന്ന പശ്ചാത്തലത്തിൽ ദുരന്തനിവാരണ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home