"എല്ലാ രാജ്യങ്ങൾക്കിടയിലും സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ"; ബെൽജിയവുമായുള്ള മത്സരത്തിന് ശേഷം ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഇറാൻ ടീം

Photo Credit:Social Media
ലോസ് ഏഞ്ചൽസ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയവുമായുള്ള മത്സരത്തിന് ശേഷം ഡ്രെസ്സിംഗ് റൂമിൽ ഹൃദയസ്പർശിയായ സന്ദേശം ബാക്കി വെച്ച് ഇറാൻ ഫുട്ബോൾ ടീം.
ഗ്രൂപ്പ് ജി-യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ബെൽജിയത്തോട് ഗോളില്ലാ സമനില വഴങ്ങിയതിന് പിന്നാലെയാണ് ഇറാൻ താരങ്ങൾ കൈപ്പടയിൽ എഴുതിയ ഈ കുറിപ്പ് ഡ്രെസ്സിംഗ് റൂമിൽ ഉപേക്ഷിച്ചത്.
"എല്ലാ രാജ്യങ്ങൾക്കിടയിലും സമാധാനവും പരസ്പര ബഹുമാനവും സൗഹൃദവും നിലനിൽക്കട്ടെ" എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ആതിഥേയരായ യുഎസ് ഇറാനുമേൽ നടത്തുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇറാൻ ടീം ഈ ലോകകപ്പിൽ മത്സരിക്കുന്നത്.
ഞങ്ങൾ അഭിമാനത്തോടെയാണ് ലോസ് ഏഞ്ചൽസിലേക്ക് വന്നത്, അന്തസ്സോടെ മത്സരിച്ചു, മാന്യതയോടെ മടങ്ങുന്നു.
ലോസ് ഏഞ്ചൽസ് നൽകിയ സ്വീകരണത്തിന് നന്ദി. ഒപ്പം ഈ 180 മിനിറ്റുകളിലുടനീളം ഇറാനായി ഹൃദയവും ശബ്ദവും ആത്മാവും നൽകിയ ഓരോ ഇറാനിക്കും നന്ദി," ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
സംഘർഷത്തിന്റെ ആദ്യദിനം മിനാബിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 168 പേർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്.
സുരക്ഷാ പ്രശ്നങ്ങളും കർശനമായ യാത്രാ നിയന്ത്രണങ്ങളും കാരണം വലിയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇറാൻ ലോകകപ്പ് കളിക്കുന്നത്. വിസ വ്യവസ്ഥ പ്രകാരം മത്സരത്തിന് തലേദിവസം മാത്രം യുഎസിലേക്ക് പറക്കാനും മത്സരം കഴിയുന്ന ദിവസം തന്നെ രാജ്യം വിടാനുമാണ് ഇവർക്ക് അനുമതിയുള്ളത്.
ഇതിനാൽ തന്നെ ഈ ലോകകപ്പിലെ "ഏറ്റവും അവഗണന നേരിടുന്ന" ടീം തങ്ങളാണെന്ന് ഇറാന്റെ മുഖ്യ പരിശീലകൻ അമീർ ഖാലെനോയി മുൻപ് പ്രതികരിച്ചിരുന്നു.
ആദ്യ മത്സരത്തിൽ ന്യൂസിലൻഡുമായി 2-2 സമനില വഴങ്ങിയ ഇറാൻ, ജൂൺ 27-ന് സിയാറ്റിലിൽ വെച്ച് നടക്കുന്ന അവരുടെ മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരത്തിൽ ഈജിപ്തിനെ നേരിടും.









0 comments