ad
Deshabhimani

നീറ്റ് പുനഃപരീക്ഷ: ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കിൽ മൊബൈൽ ഒളിപ്പിച്ചു; ഹൈദരാബാദിൽ 18 കാരൻ പിടിയിൽ

വീഴ്‌ചയൊരുക്കിയ സുരക്ഷ ... നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റി വച്ച പരീക്ഷയ്ക്കായി കോഴിക്കോട് നടക്കാവ് ഗവ. വിഎച്ച്എസ്എസ്  ഫോര്‍ ഗേള്‍സിലെ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥിയെ പരിശോധിക്കുന്ന സെക്യൂരിറ്റി

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 22, 2026, 05:03 PM | 2 min read

ഹൈദരാബാദ്: രാജ്യവ്യാപകമായി കനത്ത സുരക്ഷയിൽ നടന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്കിടെ ഹൈദരാബാദിൽ പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു വെച്ച് കോപ്പിയടിക്കാൻ ശ്രമിച്ച 18 കാരനായ നീറ്റ് ഉദ്യോഗാർത്ഥിയെ ഹൈദരാബാദ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.


ആദിബത്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഗണ്ണഗുഡ സർക്കാർ സ്കൂൾ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. അച്ചാമ്പേട്ട് സ്വദേശിയായ വിദ്യാർത്ഥിയാണ് പിടിയിലായത്. കൃത്യമായ ആസൂത്രണത്തോടെയാണ് വിദ്യാർത്ഥി പരീക്ഷാ കേന്ദ്രത്തിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.


ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ തന്നെ സ്കൂളിലെത്തിയ വിദ്യാർത്ഥി, സ്കൂൾ കോമ്പൗണ്ട് മതിലിനോട് ചേർന്നുള്ള ശുചിമുറിയുടെ വെന്റിലേറ്ററിനുള്ളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു വെക്കുകയായിരുന്നു.


തുടർന്ന് 11 മണിയോടെ പരീക്ഷാ ഹാളിലേക്ക് കയറുന്നതിന് മുൻപ് വീണ്ടും ശുചിമുറിയിൽ പ്രവേശിച്ച് ഈ ഫോൺ ഒരു സിപ്പ്-ലോക്ക് കവറിലാക്കി ഫ്ലഷ് ടാങ്കിനുള്ളിൽ സുരക്ഷിതമായി ഒളിപ്പിച്ചു. രാവിലെ 6 മണിക്കും 11 മണിക്കും പരീക്ഷാ കേന്ദ്രത്തിൽ അധികൃതർ കർശന പരിശോധന നടത്തിയിരുന്നു.


കൂടാതെ വിദ്യാർത്ഥികളെ മുഴുവൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചാണ് ഉള്ളിലേക്ക് വിട്ടത്. എന്നാൽ ഫ്ലഷ് ടാങ്കിനുള്ളിൽ ഒളിപ്പിച്ച ഫോൺ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. പരീക്ഷ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ വിദ്യാർത്ഥിക്ക് വയറുവേദനയാണെന്ന് പറയുകയും ശുചിമുറിയിൽ പോകാൻ അനുവാദം ചോദിക്കുകയുമായിരുന്നു.


സ്കൂൾ കെട്ടിടത്തിൽ നിന്നും അല്പം മാറിയാണ് ഈ പൊതു ശുചിമുറി സ്ഥിതി ചെയ്യുന്നത്. എന്നാൽ ശുചിമുറിയിൽ കയറിയ വിദ്യാർത്ഥി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതോടെ സംശയം തോന്നിയ ഇൻവിജിലേറ്റർമാർ ജീവനക്കാരെ അയച്ച് പരിശോധിക്കുകയായിരുന്നു.


ഈ പരിശോധനയിലാണ് ഫ്ലഷ് ടാങ്കിൽ നിന്ന് ഫോണെടുത്ത് ഗൂഗിളിൽ ചോദ്യങ്ങളുടെ ഉത്തരം തിരയുകയായിരുന്ന വിദ്യാർത്ഥിയെ കയ്യോടെ പിടികൂടിയത്. പൊലീസ് സംഭവസ്ഥലത്തുനിന്നും മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.


ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പരീക്ഷാ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി ഗൂഗിൾ ക്രോം വ്യാപകമായി ഉപയോഗിച്ചതായും ഇൻസ്റ്റാഗ്രാം ആപ്പ് ലോഗിൻ ചെയ്തിരുന്നതായും കണ്ടെത്തി. ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി കുറ്റം സമ്മതിച്ചിട്ടുണ്ട്.


സ്കൂൾ അധികൃതരുടെ പരാതിയിൽ കേസെടുത്ത പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജൂൺ 21-നാണ് ഇന്ത്യയിലുടനീളമുള്ള 5,440 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി നീറ്റ് യുജി പുനഃപരീക്ഷ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home