യുഡിഎഫ് സർക്കാരിന് ഹൈക്കോടതിയിലും തിരിച്ചടി; ഡിഎച്ച്എസ് ട്രൈബ്യൂണൽ വിധിക്ക് സ്റ്റേയില്ല

കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ നിയമനത്തിൽ ചട്ടങ്ങൾ ലംഘിച്ച് കടുംവെട്ട് നടത്തിയ യുഡിഎഫ് സർക്കാരിന് ഹൈക്കോടതിയിലും കനത്ത പ്രഹരം. ഡോ. കെ ജെ റീനയ്ക്ക് അനുകൂലമായ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സർക്കാരിന്റെ അപ്പീൽ ഹർജിയിൽ ഹൈക്കോടതി നാളെ അന്തിമ വിധി പ്രസ്താവിക്കും.
യുഡിഎഫ് സർക്കാരിന്റെ പകപോക്കൽ രാഷ്ട്രീയത്തിന് നിയമപരമായി കിട്ടിയ വലിയൊരു തിരിച്ചടിയാണ് ഈ നീക്കം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ ഡിഎച്ച്എസ് പദവിയിൽ തുടരാനായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഡോ. കെ ജെ റീന ഓഫീസിൽ എത്തിയെങ്കിലും ചുമതല നിർവഹിക്കാൻ സർക്കാർ അനുവദിച്ചില്ല.
കോടതി ഉത്തരവ് നിലനിൽക്കെത്തന്നെ, ജനാധിപത്യ മര്യാദകൾ ലംഘിച്ച് സർക്കാർ താല്കാലിക ചുമതല നൽകിയ ഡോ. വി മീനാക്ഷി നേരത്തെ തന്നെ ഡയറക്ടറുടെ കസേര കൈയടക്കുകയായിരുന്നു. ഭരണപരമായ വിവേചനം കാണിച്ച് ഡോ. കെ ജെ റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായി തരംതാഴ്ത്തി സ്ഥലംമാറ്റിയ യുഡിഎഫ് സർക്കാരിന്റെ നടപടിയാണ് ട്രൈബ്യൂണൽ നേരത്തെ സ്റ്റേ ചെയ്തത്.
രണ്ടാഴ്ച കൂടി പദവിയിൽ തുടരാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.









0 comments