കോഴിക്കോട് വീണ്ടും ഷിഗെല്ല ഭീതി; നാദാപുരത്ത് ഏഴ് വയസുകാരിക്ക് രോഗബാധ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിൽ താമസിക്കുന്ന ഏഴ് വയസുകാരിയിലാണ് രോഗം കണ്ടെത്തിയത്. കടുത്ത ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് കുട്ടിയെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. പുതിയ കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ ആകെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു.
ഒരു മാസത്തിനിടെ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരുടെ ജീവനാണ് ജില്ലയിൽ ഷിഗെല്ല മൂലം നഷ്ടപ്പെട്ടത്. ഇതിന് പുറമെ മലേറിയ കേസുകളും റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. പ്രധാനമായും മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല പകരുന്നത് എന്നതിനാൽ ജനങ്ങൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി.
അതേസമയം സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ചിറ്റൂരിൽ അങ്കണവാടി ജീവനക്കാരി മരിച്ചു. പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിതയായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അടുത്തിടെ ഡെങ്കിപ്പനി ബാധിച്ച് അധ്യാപകൻ മരണപ്പെട്ടിരുന്നു. കരിമ്പുഴ കരിപ്പമണ്ണ പുളിക്കാഞ്ചേരി വള്ളിക്കാട്ടിൽ ജിജോ മോഹനാ(43)ണ് മരിച്ചത്. ഇതോടെ ഈ വർഷം പാലക്കാട് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് ആറ് പേർ മരണപ്പെട്ടു.
ജൂണിൽ മാത്രം നാല് പേരും, കഴിഞ്ഞമാസം 2 പേരും ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 75 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പ്രതിരോധപ്രവർത്തനങ്ങൾ അവതാളത്തിലായതോടെ സംസ്ഥാനത്ത് നിയന്ത്രിക്കാനാകാതെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയാണ്. ശുചീകരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു. മരണസംഖ്യ ഉയരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.









0 comments