വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ്; എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതി

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ അനാസ്ഥ അനിശ്ചിതത്വത്തിലാക്കിയ വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ഒടുവിൽ പാരിസ്ഥിതിക അനുമതി. എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ ഔട്ടർ റിങ് റോഡ് പദ്ധതിക്ക് പല കാരണങ്ങൾ പറഞ്ഞ് കേന്ദ്രം ഇതുവരെ അനുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്ര ക്യാബിനറ്റ് അനുമതികൂടി ലഭിച്ചാൽ ഭൂമി വിട്ടുകൊടുത്തവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യാനാകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷം സംസ്ഥാന സർക്കാരുമായി ധാരണപത്രം ഒപ്പിടണം.
വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ് യഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ വികസനവീഥിയാണ് തുറക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ നിർദേശപ്രകാരമാണ് നാടിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്ന വൻകിട പദ്ധതി ദേശീയപാത അതോറിറ്റി തയ്യാറാക്കിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് വേഗത്തിൽ ചരക്കുനീക്കാൻ ഔട്ടർ റിങ് റോഡുവഴി കഴിയും.
എന്നാൽ പദ്ധതിയെ രാഷ്ട്രീയ ദുഷ്‌ടലാക്കോടെ കേന്ദ്രസർക്കാർ നാലുവർഷത്തോളമാണ് പ്രതിസന്ധിയിലാക്കിയത്. പാരിസ്ഥിതികാനുമതിയുടെ പേരിൽ കേന്ദ്ര സർക്കാർ അനാവശ്യമായി വൈകിപ്പിച്ചതോടെ ഭൂമി വിട്ടുനൽകിയ 12,000ത്തോളം കുടുംബങ്ങൾ ദുരിതത്തിലായി. ഭൂ ഉടമകൾക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രാനുമതി ലഭിച്ചശേഷമേ വിതരണം ചെയ്യാനാകൂ എന്ന നിലപാടിലായിരുന്നു കേന്ദ്രം. യുഡിഎഫ് സർക്കാർ കേന്ദ്രവുമായി ഒരു ചർച്ചയ്ക്കും തയ്യാറായില്ല.
ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ഏകദേശം 12,549.5 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നേരത്തേ വിഴിഞ്ഞം– തേക്കട, തേക്കട– നാവായിക്കുളം എന്നിങ്ങനെ രണ്ടു റീച്ചായി നിർമിക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി ഇപ്പോൾ 62.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ പദ്ധതിയായി നിർമിക്കാനാണ് തീരുമാനം. കഴിഞ്ഞവർഷം ഔട്ടർ റിങ് റോഡിന് പ്രാഥമിക വിജ്ഞാപനം (3എ) പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർബന്ധംപിടിച്ചതോടെ പദ്ധതി നീണ്ടു. ഇതോടെയാണ് 1629.24 കോടി രൂപയുടെ അധികബാധ്യത എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്. പദ്ധതി നീണ്ടതോടെ ആദ്യഘട്ട വിജ്ഞാപനം റദ്ദായി.










0 comments