ad
Deshabhimani

സച്ചിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിക്ക് 36 വയസ്സ്; ചരിത്രം കുറിച്ച മാഞ്ചസ്റ്റർ പോരാട്ടം

Sachin

സച്ചിൻ ടെണ്ടുൽക്കർ | Photo:getty images

വെബ് ഡെസ്ക്

Published on Aug 14, 2026, 12:39 PM | 1 min read

ന്യൂഡൽഹി : ക്രിക്കറ്റ് ലോകത്തെ സകല റെക്കോഡുകളും തിരുത്തിക്കുറിച്ച 'മാസ്റ്റർ ബ്ലാസ്റ്റർ' സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിക്ക് 36 വയസ്സ്. 1990ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് താരം തന്റെ 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ അധ്യായത്തിന് തുടക്കമിട്ടത്.


പതിനേഴാം വയസ്സിൽ ഇംഗ്ലണ്ടിനെതിരെ നേടിയ പുറത്താകാതെയുള്ള 119 റൺസ് ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ എന്ന അത്ഭുതപ്രതിഭയുടെ വരവറിയിക്കുകയും ചെയ്തു. ഈ ചരിത്ര ഇന്നിങ്‌സിന് മുൻപ് പാകിസ്ഥാനിലും ന്യൂസിലൻഡിലും അർധസെഞ്ചുറികൾ നേടി സച്ചിൻ ശ്രദ്ധ നേടിയിരുന്നെങ്കിലും, മാഞ്ചസ്റ്ററിലെ കനത്ത സമ്മർദ്ദത്തിന് ഒടുവിൽ നേടിയ ഈ സെഞ്ചുറിയാണ് താരത്തെ ലോകോത്തര ബാറ്ററുടെ തലത്തിലേക്ക് ഉയർത്തിയത്.


മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സിൽ 68 റൺസ് നേടിയ സച്ചിൻ, രണ്ടാം ഇന്നിങ്‌സിൽ 408 റൺസ് ലക്ഷ്യം പിന്തുടരുമ്പോൾ ആറാം നമ്പറിലാണ് ക്രീസിലെത്തിയത്. 103 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്കായി കളിയിലെ അവസാന ദിനം സച്ചിൻ പ്രതിരോധത്തിന്റെ കോട്ടകെട്ടി.


189 പന്തുകൾ നേരിട്ട താരം 17 ബൗണ്ടറികളോടെ 119 റൺസെടുത്തു. ഒരു ഘട്ടത്തിൽ 183 ന് 6 വിക്കറ്റ് എന്ന നിലയിലേക്ക് വീണ്ടും തകർന്ന ഇന്ത്യയെ ഏഴാം വിക്കറ്റിൽ മനോജ് പ്രഭാകറിനൊപ്പം (67) ചേർന്ന് സച്ചിൻ സമനിലയിലെത്തിച്ചു. മത്സരശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ഗ്രഹാം ഗൂച്ചും സംഘവും സച്ചിന്റെ പ്രകടനത്തെ കൈയടിച്ചാണ് അഭിനന്ദിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home