സ്കൂളിൽ മലാലയുടെയും ആന്‍ ഫ്രാങ്കിന്റെയും പുസ്തകങ്ങൾ നൽകിയതിനെതിരെ പ്രതിഷേധം; വർഗീയ വിഷം ചീറ്റി സംഘപരിവാർ

അഹമ്മദാബാദ്: വിദ്യാഭ്യാസ മേഖലയിൽ വർഗീയ വിഷം കലർത്തുന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും അജണ്ട വീണ്ടും കടുക്കുന്നു. നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ ആത്മകഥയും ലോകപ്രശസ്ത എഴുത്തുകാരി ആന്‍ ഫ്രാങ്കിന്റെ പുസ്തകങ്ങളും വിദ്യാർഥികൾക്ക് പൊതുവായനയ്ക്കായി നൽകിയതിനെതിരെ രൂക്ഷമായ വർഗീയ പ്രചാരണം. അഹമ്മദാബാദ് ശീലജിലെ ആനന്ദ് നികേതൻ സ്കൂളിലാണ് വിഎച്ച്പി, ബജ്റംഗ് ദൾ, എബിവിപി എന്നീ ബിജെപി അനുകൂല സംഘടനകൾ വർഗീയ അന്തരീക്ഷം സൃഷ്ടിച്ചത്.
കുട്ടികളിൽ പൊതുവായന വളർത്തുന്നതിനായി സ്കൂളിലെ ഓപ്ഷണൽ 'ബുക്ക് ക്ലബ്ബ്' വഴിയാണ് ഈ പുസ്തകങ്ങൾ നൽകിയത്. എന്നാൽ, അന്യമത സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന അസംബന്ധ ആരോപണമുന്നയിച്ച് സംഘപരിവാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷൻ ഓഫീസറുടെ നിർദേശത്തിനും സംഘപരിവാറിന്റെ ഭീഷണിക്കും വഴങ്ങി സ്കൂളിലെ പാഠ്യപദ്ധതി കൺസൾട്ടന്റായ മുനസ്സ ഷംസിന്റെ സേവനം മാനേജ്‌മെന്റ് അവസാനിപ്പിച്ചു.
സംഘപരിവാർ ഭീഷണിയെ തുടർന്ന് ഈ പുസ്തകങ്ങൾ നിർബന്ധിത സിലബസിന്റെ ഭാഗമല്ലെന്നും, വായനാശീലം വളർത്തുന്നതിനായി ബുക്ക് ക്ലബ്ബിൽ ഉൾപ്പെടുത്തിയ ഓപ്ഷണൽ പുസ്തകങ്ങൾ മാത്രമാണെന്നും സ്കൂൾ മാനേജ്‌മെന്റ് പറയുകയും വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നൽകുകയും ചെയ്തു
വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൂർണ്ണമായി കാവിവൽക്കരിക്കുന്നതിന്റെയും പാഠ്യപദ്ധതിയുടെ ഭാഗമല്ലാതെ തികച്ചും വ്യക്തിഗത വായനയ്ക്കായി നൽകിയ പുസ്തകങ്ങളെപ്പോലും വർഗീയ ധ്രുവീകരണത്തിന് ഉപകരണമാക്കുന്ന സംഘപരിവാർ അജണ്ടയുടേയും നേർ സാക്ഷ്യംകൂടിയാണ് ഈ സംഭവം.










0 comments