ഓണമെത്തിയിട്ടും ആശ്വാസമില്ല; സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം തൊഴിലാളികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം : സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം തൊഴിലാളികളുടെ കൂലി എട്ടുമാസമായി മുടങ്ങി. ഓണമടുത്തിട്ടും തൊഴിലാളികൾക്ക് ആശ്വാസകരമായ നടപടിയൊന്നും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും ആയിരക്കണക്കിന് തൊഴിലാളികൾക്കും ആശ്വാസമായിരുന്ന പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണിത്.
തൊഴിലും കൂലിയും ഇല്ലായതോടെ കൈത്തറി മേഖല ഉപേക്ഷിച്ചുപോയ ആയിരക്കണക്കിന് തൊഴിലാളികൾ തിരികെ വന്നത് എൽഡിഎഫ് സർക്കാരിന്റെ സൗജന്യ യൂണിഫോം പദ്ധതിയിലൂടെയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജൂൺ, ജൂലൈ മാസങ്ങളിൽ തന്നെ സ്കൂളുകളിൽ കൃത്യമായി യൂണിഫോം എത്തിയിരുന്നു. 2024-25 വർഷത്തിൽ യൂണിഫോമിനായി ജനുവരിയിൽ തന്നെ 80 കോടി രൂപയും 2025-26 ൽ 79 കോടിയും എൽഡിഎഫ് സർക്കാർ അനുവദിച്ചിരുന്നു. എസ്എസ്കെ ഫണ്ടിന് പുറമേ 100 കോടി രൂപ സംസ്ഥാന സർക്കാർ നൽകിയാലേ പദ്ധതി മുന്നോട്ട് പോകൂ. പുതിയ യുഡിഎഫ് സർക്കാർ ആദ്യ ബജറ്റിൽ തന്നെ യൂണിഫോമിനുള്ള തുക 70 കോടിയിൽ നിന്നും 56 കോടിയായി വെട്ടിക്കുറച്ചു. ഇതോടെ ഈ അധ്യയന വർഷം പല സ്കൂളുകളിലും യൂണിഫോം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. എസ്എസ്കെ ഫണ്ടിൽ നിന്നുള്ള വിഹിതവും ഇതുവരെ ലഭിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതു മുതൽ ഫണ്ട് ലഭിക്കുന്നത് നിന്നു. പുതിയ സർക്കാർ അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും ഫണ്ട് പാസായിട്ടില്ല.
അറുപതും എഴുപതും വയസ്സ് പിന്നിട്ടവരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും. ഇതിൽ തന്നെ 75 ശതമാനത്തിലധികം സ്ത്രീകളാണ്. ഒക്ടോബർ പകുതി മുതലുള്ള കൂലിയാണ് ഇവർക്ക് ലഭിക്കാനുള്ളത്. തുച്ഛമായ വരുമാനത്തിന് പുറമെ നിശ്ചിത മീറ്ററിലധികം നെയ്താൽ ലഭിച്ചിരുന്ന പ്രൊഡക്ഷൻ ഇൻസെന്റീവും ഇപ്പോൾ കിട്ടുന്നില്ല. ഇതോടെ ജീവിക്കാൻ നിവൃത്തിയില്ലാതെ പലരും നെയ്ത്ത് തൊഴിൽ ഉപേക്ഷിക്കുകയാണ്.
ഓണവിപണിയും തികച്ചും മങ്ങിയ അവസ്ഥയിലാണ്. അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന മൂലധനം കണ്ടെത്തേണ്ട ഓണവിപണി മേളകളിൽ ആവശ്യത്തിന് തുണികളില്ല. ഹാൻടെക്സിൽ നിന്നാണ് കൈത്തറി സംഘങ്ങൾക്ക് ഫണ്ട് നൽകേണ്ടതെങ്കിലും അവരും സാമ്പത്തിക നഷ്ടത്തിലാണ്. ഓണവിപണിക്ക് ശേഷമേ ഫണ്ട് നൽകാനാവൂ എന്നാണ് ഹാൻടെക്സ് നിലപാട്. സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടിട്ടും യാതൊരു അനുകൂല പ്രതികരണവുമില്ലെന്ന് കേരള സ്റ്റേറ്റ് ഹാൻഡ്ലൂം സൊസൈറ്റീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബാബു എ വി പ്രതികരിച്ചു. യൂണിഫോം തുണികൾക്കുള്ള നൂൽ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞുവെന്ന് നൂൽ ഉൽപ്പാദക തൊഴിലാളികളുടെ പ്രതിനിധി സന്തോഷും ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിൽ നിന്നും ലഭിച്ചിരുന്ന നൂലിന്റെ ലഭ്യതയും ഇല്ലാതായി. 500 കോടിയോളം രൂപയുടെ കയറ്റുമതിയുണ്ടായിരുന്ന മേഖലയാണ് സർക്കാരിന്റെ അവഗണനയിൽ കൂപ്പുകുത്തുന്നത്.
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി സംരക്ഷിക്കണമെന്നും കുടിശ്ശികയായ കൂലിയും നൂലും അടിയന്തരമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കൈത്തറി സഹകരണസംഘം അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും ഇതിനകം നിവേദനം നൽകിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എം എം ബഷീർ വ്യക്തമാക്കി. ഓണത്തിന് മുമ്പ് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരപരിപാടികളിലേക്ക് നീങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.









0 comments