കണ്ണമ്മൂല വിഷ്ണു കൊലക്കേസ്; പ്രതികൾക്ക് ജീവപര്യന്തം

പ്രതീകാത്മകചിത്രം
നെടുമങ്ങാട് : കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം. ഒന്നു മുതൽ ഏഴുവരെയുള്ള പ്രതികളെയാണ് നെടുമങ്ങാട് എസ്‍സി/എസ്ടി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അഞ്ചുപേരെ വെറുതെ വിട്ടു. ജീവപര്യന്തം തടവിന് പുറമെ, വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ 20 വർഷം കഠിനതടവും അനുഭവിക്കണം. പ്രതികളായ ഓരോരുത്തരും 1,75,000 രൂപ വീതം പിഴയൊടുക്കണം. ഈ പിഴത്തുകയിൽ നിന്നും കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മയ്ക്ക് (രണ്ടാം സാക്ഷി) അഞ്ച് ലക്ഷം രൂപ നൽകാൻ കോടതി വിധിച്ചു. കേസിലെ ഒന്നാം സാക്ഷിക്കും മൂന്നാം സാക്ഷിക്കും (വിഷ്ണുവിന്റെ അച്ഛനും അച്ഛന്റെ സഹോദരിക്കും) 3 ലക്ഷം രൂപ വീതം നൽകാനും വിധിയായി.
പതിനെട്ടുകാരനായ വിഷ്ണുവിനെ അച്ഛനമ്മമാരുടെ മുന്നിലിട്ട് കൊലപ്പെടുത്തിയതാണ് കേസ്. 2016 ഒക്ടോബർ ഏഴിനായിരുന്നു സംഭവം. സായുധരായ ഒരുസംഘം വിഷ്ണുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. അച്ഛൻ ജോസ് (അനിൽകുമാർ), അമ്മ ബിന്ദുകുമാരി, അച്ഛന്റെ സഹോദരി ലൈല എന്നിവർക്കും ഗുരുതര പരിക്കേറ്റിരുന്നു.
കണ്ണമ്മൂലയിലെ ഗുണ്ടാനേതാവ് അരുണിന്റെ നേതൃത്വത്തിലാണ് കൊലപ്പെടുത്തിയത്. എട്ടാം പ്രതിയുടെ സഹോദരനെ വെട്ടിക്കൊന്ന കേസിലെ പ്രതികളുമായി വിഷ്ണുവിന്റെ അച്ഛനുണ്ടായിരുന്ന അടുപ്പമാണ് കൊലയ്ക്ക് കാരണം. കേസിൽ വിഷ്ണുവിന്റെ അച്ഛന്റെ സഹോദരി ലൈലയുടെ മകൻ ആദിത്യൻ പ്രധാന സാക്ഷിയായി വിസ്തരിക്കപ്പെട്ടു. സംഭവസമയത്ത് ഏഴ് വയസ്സായിരുന്നു ആദിത്യന്.










0 comments