കവർച്ചാസംഘങ്ങളുടെ ഭീഷണി, കുടപിടിക്കുന്ന കേരള- കർണാടക സർക്കാർ: ഭീതിയിൽ കെഎസ്ആർടിസി

ബെംഗളൂരുവിൽ നിന്നും കാസർകോടേക്ക് പോയ ബസ്സിന് നേരെയുണ്ടായ മുട്ടയാക്രമണം
കാസർകോട്: പാതിരാത്രി റോഡരുകില്‍ നിന്ന മൂന്നുപേർ യാത്രക്കാരുടെയും തങ്ങളുടെയും ജീവനും സ്വത്തിനും നേരെ നീളുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്ന് കെഎസ്ആർടിസി ഡ്രൈവർ സുരേഷും കണ്ടക്ടർ സനുവും കരുതിയിരുന്നതേയില്ല. ബെംഗളൂരുവിൽ നിന്നും കാസർകോടേക്ക് വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസ് ബിഡദി മേഖലയിലെത്തിയപ്പോഴാണ് ബസിന്റെ മുൻവശത്തെ ഗ്ലാസിലേക്ക് അജ്ഞാത സംഘം മുട്ടയെറിഞ്ഞത്.
വർഷങ്ങളുടെ ദീർഘദൂര സർവീസ് പരിചയസമ്പത്തുള്ള സുരേഷ്, സമയോചിതമായി പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ഗ്ലാസിൽ മുട്ട വീണയുടൻ വൈപ്പർ ഇടാതെയും ബസ് നിർത്തിയിടാതെയും ആളനക്കവും വെളിച്ചവുമുള്ള ഇടത്തേക്ക് ഓടിച്ചുപോയതുകൊണ്ടാണ് യാത്രികർ സുരക്ഷിതരായത്.
ഓഗസ്റ്റ് 8-ന് ഇതേ സ്ഥലത്തുവച്ച് മറ്റൊരു കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറുമടക്കം രണ്ടുപേർ മരണപ്പെട്ടിരുന്നു. നിലവിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അന്ന് ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതും ഇത്തരത്തിൽ മുട്ടയേറ് മൂലമാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
കാഴ്ച മങ്ങിച്ച് കവർച്ച; സജീവമായി അക്രമിസംഘങ്ങൾ
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കേരളത്തിൽനിന്ന് കർണാടകയിലേക്ക് സർവീസ് നടത്തുന്ന ഭൂരിഭാഗം ഡ്രൈവർമാരും നിരന്തരം നേരിടുന്ന വലിയൊരു സുരക്ഷാ വെല്ലുവിളിയാണ്. ബിഡദി മേഖല കേന്ദ്രീകരിച്ച് ബസുകളുടെ കാഴ്ച മറച്ച് അപകടത്തിൽപ്പെടുത്തുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. പുതിയ നാഷണൽ ഹൈവേ വന്നതോടെ ഇത്തരത്തിലുള്ള അക്രമിസംഘങ്ങൾ കൂടുതൽ സജീവമായിട്ടുണ്ട്.
അക്രമികൾ സ്വീകരിക്കുന്ന രീതി
ബസിന്റെ മുൻവശത്തെ ഗ്ലാസിലേക്ക് മുട്ടയെറിയുമ്പോൾ ഡ്രൈവർമാർ സ്വാഭാവികമായും വൈപ്പർ പ്രവർത്തിപ്പിക്കും. ഇതോടെ മുട്ടയുടെ ഒട്ടിപ്പിടിക്കുന്ന പ്രകൃതം കാരണം വിൻഡ്സ്ക്രീൻ പൂർണമായും മങ്ങുകയും കാഴ്ച പൂർണമായി തടസ്സപ്പെടുകയും ചെയ്യും. തുടർന്ന് വാഹനം റോഡിൽ നിർത്താൻ നിർബന്ധിതരാകും. ഇതോടെ ഒളിച്ചിരിക്കുന്ന സംഘം യാത്രക്കാരിൽനിന്ന് സ്വർണ്ണവും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്നതാണ് ഇവരുടെ പ്രവർത്തനരീതി.
കണ്ണടച്ച് കർണാടക സർക്കാർ
20 വർഷത്തിന് മുകളിലായി കർണാടക റോഡുകളിൽ ഇത്തരം ആക്രമണങ്ങൾ നടക്കുന്നുണ്ടെങ്കിലും വിഷയം ഗൗരവമായി എടുക്കാൻ കർണാടക സർക്കാർ തയാറാകുന്നില്ല. കഴിഞ്ഞ പത്തു വർഷമായി ഇത്തരം മുട്ടയേറ് സംഭവങ്ങൾ വിരലിലെണ്ണാവുന്നവയായിരുന്നെങ്കിലും അടുത്തിടെയായി ഇത് വര്‍ധിച്ചിരിക്കുകയാണ്.
മുമ്പ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരത്തിലുള്ള വിഷയങ്ങളിൽ കേരളത്തിന്റെ ശക്തമായ ഇടപടലുണ്ടാവുകയും കർണാടക ഭരണകൂടവും പൊലീസും കാര്യക്ഷമമായി ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ കേരള കര്‍ണാടക സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുള്ള നിഷ്ക്രിയത്വം ഇത്തരം കവർച്ചാസംഘങ്ങൾക്ക് സഹായമാകുന്നു
കുടപിടിക്കുന്ന കേരള സർക്കാർ
കവർച്ചാസംഘങ്ങളിൽ നിന്നും കെഎസ്ആർടിസിയെ എങ്ങനെ രക്ഷപ്പെടുത്താം എന്ന് ചിന്തിക്കുന്നതിന് പകരം കേരള സർക്കാർ അതിന് കുടപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. അന്തർസംസ്ഥാന പാതകളിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ യാതൊരു താത്പര്യവും കാണിക്കുന്നില്ല.
രാത്രികാലങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ യാതൊന്നും ചെയ്യാതെ അവരെ പൂർണമായി അവഗണിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. തൊഴിലാളി ക്ഷേമം വാക്കുകളിൽ മാത്രം ഒതുക്കുകയും, പ്രായോഗികതലത്തിൽ അവരുടെ സുരക്ഷയെപ്പോലും കാറ്റിൽപ്പറത്തുകയും ചെയ്യുന്ന സർക്കാരിന്റെ ഈ നിരുത്തരവാദപരമായ നിലപാട് ജീവനക്കാർക്കിടയിൽ കടുത്ത അമർഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
അതിർത്തി കടന്നുള്ള രാത്രിസര്‍വീസുകളില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് ഭീഷണിയാകുകയാണ് ഇത്തരം സംഭവം. ഇതിനെതിരെ കർണാടക സർക്കാരിൽ ശക്തമായി സമ്മർദ്ദം ചെലുത്തി കർശന നടപടി സ്വീകരിക്ക് അവസരമുണ്ടാക്കണമെന്നാണ് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ഒന്നടങ്കമുള്ള ആവശ്യം.










0 comments