വിപണിയിൽ വിൽപ്പന സമ്മർദം; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ

മുംബൈ : സെപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് നിരക്കിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷകൾ കുറഞ്ഞതും, പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ആശങ്കകൾ തുടരുന്നതിനാലും വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി ദുർബലമായി. ഇന്ന് രാവിലെ 11 മണിയോടെ സെൻസെക്സ് 338.13 പോയിന്റ് അഥവാ 0.43 ശതമാനം ഇടിഞ്ഞ് 77,741.83 എന്ന നിലയിലും നിഫ്റ്റി 50 87.65 പോയിന്റ് അഥവാ 0.36 ശതമാനം താഴ്ന്ന് 24,308.20 എന്ന നിലവാരത്തിലും എത്തി. വിദേശ നിക്ഷേപകർ വ്യാഴാഴ്ച ഇന്ത്യൻ ഓഹരികളിൽ നിന്ന് 511 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
സെൻസെക്സിൽ ഭാരതി എയർടെൽ, അദാനി പോർട്സ്, ടൈറ്റാൻ, എറ്റേണൽ എന്നീ ഓഹരികൾ മാത്രമാണ് നേട്ടത്തോടെ തുടരുന്നത്. ബാങ്കിംഗ്, ടെക് ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയിൽ അപ്പോളോ ഹോസ്പിറ്റൽ, ഭാരതി എയർടെൽ, അദാനി പോർട്സ്, അദാനി എന്റർടെയ്ൻമെന്റ്സ്, ബജാജ് ഓട്ടോ എന്നീ ഓഹരികൾ മികച്ചു നിന്നപ്പോൾ, ടാറ്റാ മോട്ടോഴ്സ്, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ് എന്നിവ കനത്ത നഷ്ടത്തിലാണ്.
വെള്ളിയാഴ്ച രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 95.43 എന്ന നിലയിലെത്തി. വിദേശ കറൻസികളുടെ മൂല്യം കുറഞ്ഞതാണ് കാരണം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ ആഗോള വിപണിയെ ബാധിച്ചെങ്കിലും വെള്ളിയാഴ്ചയും ക്രൂഡ് വിലയിൽ ഇടിവ് തുടരുകയാണ്. ബ്രെന്റ് ഫ്യൂച്ചേഴ്സ് വില ഇന്ന് 87.00 ഡോളറിലെത്തി. ഈ മാറ്റങ്ങളാണ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ചത്.









0 comments