ad
Deshabhimani

ട്രംപിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഇറാൻ സംഘം മടങ്ങി; ചര്‍ച്ചയിൽ 'പുരോഗതി'യെന്ന് മധ്യസ്ഥ രാജ്യങ്ങൾ

war
വെബ് ഡെസ്ക്

Published on Jun 22, 2026, 02:36 PM | 2 min read

സൂറിച്ച്: യുദ്ധം അവസാനിപ്പിക്കുന്നതിനും ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി സ്വിറ്റ്സർലൻഡിൽ ആരംഭിച്ച യു എസ് - ഇറാൻ ഉന്നതതല ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചു. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിവാദ പ്രസ്താവനകളിൽ ഇറാൻ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ച നാടകീയമായി നിര്‍ത്തിയത്. ഉന്നതതല പ്രതിനിധികൾ മടങ്ങിയെങ്കിലും സമാധാന ശ്രമങ്ങൾ പൂർണ്ണമായി തകർന്നിട്ടില്ലെന്ന് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും പാകിസ്ഥാനും അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച 60 ദിവസത്തെ കരാറിന്റെ അടിസ്ഥാനത്തിലുള്ള സാങ്കേതികതല ചർച്ചകൾ ഈ ആഴ്ചയും സ്വിറ്റ്സർലൻഡിൽ തുടരുമെന്നും അറിയിച്ചു.


ലൂസേൺ തടാകത്തിന് സമീപമുള്ള റിസോർട്ടിൽ ചർച്ചകൾ നടക്കുമ്പോഴാണ് ട്രംപ് ഇറാന് മുന്നറിയിപ്പുമായി സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്. ഇതോടെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരടങ്ങുന്ന സംഘം സൂറിച്ച് വിമാനത്താവളം വഴി ടെഹ്റാനിലേക്ക് തിരിച്ചതായാണ് വാര്‍ത്തകൾ.


ട്രംപിന്റെ പ്രസ്താവനയും

ഇറാന്റെ വിയോജിപ്പും


ലബനനിലെ തങ്ങളുടെ നിഴൽ യുദ്ധസംഘങ്ങളെ ഇറാൻ അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കഴിഞ്ഞ ആഴ്ച നൽകിയതിനേക്കാൾ ശക്തമായ തിരിച്ചടി യു എസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. കരാര്‍ പുതുക്കുകയും സമാധാന ചര്‍ച്ച തുടരുകയും ചെയ്യുമ്പോഴാണ് പതിവ് പോലെ ഭീഷണി സ്വരം.


ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നും ഇറാൻ പിടിച്ചെടുക്കുമെന്നും ട്രംപ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട് പുറത്തെത്തി. ട്രംപിന്റെ സന്ദേശം അപമാനകരമാണെന്നും ഇതിൽ പ്രതിഷേധിച്ച് ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചതായുമാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഔദ്യോഗിക അറിയിപ്പുകളോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ല.


തർക്കങ്ങൾക്കിടയിലും, ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ ചില നിർണായക തീരുമാനങ്ങളിൽ ഇരുവിഭാഗവും എത്തിച്ചേർന്നിരുന്നു. ലബനനിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഒരു 'ഡി-കോൺഫ്ലിക്ഷൻ സെൽ' രൂപീകരിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു. ആഗോള ഇന്ധന ഇറക്കുമതിക്ക് നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ പ്രത്യേക ആശയവിനിമയ സംവിധാനം ഏർപ്പെടുത്താനും ധാരണയായിട്ടുണ്ട്.


യു.എസ് വക്താക്കളായ ജാരെദ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ചർച്ചകൾ. ശനിയാഴ്ച മേഖലയിൽ നിലവിൽ വന്ന വെടിനിർത്തലിനെ തുടർന്ന് ഇസ്രായേൽ-ലബനൻ അതിർത്തിയിൽ നിലവിൽ ശാന്തത തുടരുകയാണ്. ഇറാന്റെ ആണവപദ്ധതി, മരവിപ്പിച്ച ഇറാൻ ആസ്തികൾ തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങളാണ് വരും ദിവസങ്ങളിൽ ചർച്ച ചെയ്യാനിരിക്കുന്നത്.


യു എസും ഇസ്രയേലും ഫെബ്രുവരി 28-ന് സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണമാണ് പശ്ചിമേഷ്യയെത്തന്നെ യുദ്ധത്തിലേക്ക് തള്ളിവിട്ടത്. പശ്ചിമേഷ്യായുദ്ധത്തിൽ ഇറാൻ വിജയിച്ചെന്ന് ഭൂരിഭാഗം ഇസ്രയേൽകാരും വിശ്വസിക്കുന്നതായുള്ള സർവേ റിപ്പോര്‍ട് പുറത്ത് വന്നത് ബഞ്ചമിൻ നെതന്യാഹുവിന് മേൽ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home