ഞെട്ടിച്ച ലഹരി വേട്ട; ഓസ്‌ട്രേലിയയിൽ 2.7 ടൺ കൊക്കൈൻ പിടികൂടി, പിന്നിൽ 21-ഉം 25-ഉം വയസ്സുള്ള രണ്ട് യുവാക്കൾ

സിഡ്നി: ലോകത്തെ തന്നെ ഞെട്ടിച്ച് ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. സിഡ്നിയുടെ പ്രാന്തപ്രദേശത്തുനിന്ന് 2.7 മെട്രിക് ടൺ കൊക്കൈൻ പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 81.6 കോടി ഓസ്‌ട്രേലിയൻ ഡോളർ വരുന്ന ചരക്കാണ്.
ഈ ലഹരിമരുന്ന് ശേഖരത്തിന് ഇന്ത്യൻ കറൻസിയിൽ കണക്കാക്കുമ്പോൾ ഏകദേശം 5,360 കോടി രൂപ വരും. സംഭവവുമായി ബന്ധപ്പെട്ട് സിഡ്നി സ്വദേശികളായ 21-ഉം 25-ഉം വയസ്സുള്ള രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭൂഗർഭ ബങ്കറുകളിലെ
രഹസ്യശേഖരം
സിഡ്നിയുടെ പടിഞ്ഞാറൻ അതിർത്തിയിലുള്ള ലണ്ടൻഡെറി എന്ന അർദ്ധ-ഗ്രാമീണ മേഖലയിലെ ഒരു പറമ്പിൽ നിന്നാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മൂന്ന് വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ സ്ഥാപിച്ച്, അവയ്ക്ക് കീഴിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു. പ്ലാസ്റ്റിക് ടബ്ബുകളിലാണ് കൊക്കൈൻ പൊതികൾ ശേഖരിച്ച് വെച്ചിരുന്നത്. കണ്ടെയ്നറുകൾക്ക് താഴേക്ക് പ്രവേശിക്കാൻ തക്ക പ്രത്യേക സംവിധാനങ്ങളും ഭൂഗർഭ ബങ്കറുകളും ലഹരിസംഘം നിർമ്മിച്ചിരുന്നതായി ക്വീൻസ്‌ലാൻഡ് ജോയിന്റ് ഓർഗനൈസ്ഡ് ക്രൈം ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.
കപ്പൽ വഴി തീരത്തേക്ക്,
റോഡ് മാർഗ്ഗം സിഡ്നിയിലേക്ക്
ലഹരിക്കടത്തിന്റെ പിന്നിലെ ആസൂത്രണം പൊലീസിനെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. ക്വീൻസ്‌ലാൻഡിലെ ജനവാസം കുറഞ്ഞ മിഡ്ജ് പോയിന്റ് തീരത്ത് ബോട്ട് മാര്‍ഗമാണ് മയക്കുമരുന്ന് ആദ്യം എത്തിച്ചത്. അവിടെ നിന്നും സിഡ്നിയിലെ 1,800 കിലോമീറ്ററിലധികം റോഡ് മാർഗ്ഗം തടസമില്ലാതെ സഞ്ചരിച്ചാണ് ഈ വൻ ശേഖരം സിഡ്നിയിൽ എത്തിച്ചത്. ഏകദേശം രണ്ട് എസ് യുവികളിൽ കൊള്ളുന്ന അത്രയും കൊക്കെയ്നാണിത്.

ബെലീസ് പതാകയേന്തിയ 'എം.വി വെൽത്ത്' എന്ന ചരക്കുകപ്പലിൽ നിന്നാണ് ഈ മയക്കുമരുന്ന് ഓസ്‌ട്രേലിയൻ തീരത്തേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ കപ്പൽ നിലവിൽ സോളമൻ ദ്വീപ് അധികൃതർ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ക്വീൻസ്‌ലാൻഡിൽ നിന്ന് ഏകദേശം 2,000 കിലോമീറ്റർ അകലെയാണ് സോളമൻ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്.
2024-ൽ ക്വീൻസ്‌ലാൻഡ് തീരത്തെ കെഗാരിക്കു സമീപം ഒരു മത്സ്യബന്ധന ബോട്ടിൽ നിന്ന് പിടികൂടിയ 2.34 ടൺ കൊക്കൈനായിരുന്നു ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ലഹരിവേട്ട. ഇതേ കപ്പലിൽ നിന്ന് നേരത്തെ കടത്തിയ 178 കിലോഗ്രാം കൊക്കൈനും 142 കിലോഗ്രാം മെത്താംഫെറ്റാമൈനും പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ ആറ് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്തിൽ തന്നെ കൊക്കൈന് ഏറ്റവും ഉയർന്ന വില നിലനിൽക്കുന്ന വിപണികളിലൊന്നാണ് ഓസ്‌ട്രേലിയ. ഇതാണ് വൻകിട അന്താരാഷ്ട്ര ലഹരിമാഫിയകളെ ഓസ്‌ട്രേലിയയിലേക്ക് ആകർഷിക്കുന്നത്. ക്വീൻസ്‌ലാൻഡിന്റെ 13,000 കിലോമീറ്ററോളം വരുന്ന വിശാലമായ തീരപ്രദേശം കേന്ദ്രീകരിച്ച് ലഹരിസംഘങ്ങൾ കടത്ത് ശക്തമാക്കുകയാണെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് കമാൻഡർ സ്റ്റീഫൻ ജേ വ്യക്തമാക്കി. തീരദേശ സുരക്ഷയും നിരീക്ഷണവും ശക്തമാക്കാനുള്ള നടപടികളിലാണ് ഇപ്പോൾ അന്വേഷണ ഏജൻസികൾ.










0 comments