പിറന്നാൾ മധുരത്തിൽ 'പുഴുക്കൾ'; ചോക്ലേറ്റ് കഴിച്ച കുട്ടികൾ ആശുപത്രിയിൽ, കമ്പനിക്ക് കനത്ത പിഴ

പ്രതീകാത്മക ചിത്രം
നെല്ലൂർ: പത്താം ജന്മദിനം ആഘോഷമാക്കാൻ വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ. കേടായ ചോക്ലേറ്റ് കഴിച്ച് കുട്ടികൾ കൂട്ടത്തോടെ ആശുപത്രിയിലായ സംഭവത്തിൽ ചോക്ലേറ്റ് നിർമ്മാതാക്കൾക്കും വിറ്റ വ്യാപാരിക്കുമെതിരെ കൺസ്യൂമർ കോടതിയുടെ ശക്തമായ നടപടി. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ഇരയായ കുടുംബത്തിന് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
മകളുടെ ജന്മദിനത്തിനാണ് പരാതിക്കാരനായ പിതാവ് 210 രൂപ നൽകി കടയിൽ നിന്നും ചോക്ലേറ്റ് വാങ്ങിയത്. എന്നാൽ പാർട്ടിക്ക് ശേഷം ഈ ചോക്ലേറ്റ് കഴിച്ച കുട്ടികൾക്കെല്ലാം ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള കടുത്ത ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടികൾ കഴിച്ച ചോക്ലേറ്റിനുള്ളിൽ പുഴുക്കൾ കൂട്ടത്തോടെ അരിച്ചുകയറിയ നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് കുടുംബം നീതിതേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കാനാണ് ചോക്ലേറ്റ് കമ്പനിയും വ്യാപാരിയും ശ്രമിച്ചത്. ലാബ് റിപ്പോർട്ടിന്റെ അഭാവത്തിലും, കുടുംബം സമർപ്പിച്ച ചോക്ലേറ്റിന്റെ വ്യക്തമായ ചിത്രങ്ങളും കുട്ടികളെ ചികിത്സിച്ച ഡോക്ടർമാരുടെ മെഡിക്കൽ രേഖകളും കുറ്റകൃത്യം തെളിയിക്കാൻ പര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു.










0 comments