യുവതി മിന്നലേറ്റ് മരിച്ചു; പൈതൽമലയിൽ സഞ്ചാരികൾക്ക് വിലക്ക്

കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേയ്ക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. യുവതി മിന്നലേറ്റ് മരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. പുളിങ്ങോം വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് കൊല്ലാടയിലെ അഞ്ജു മാത്യുവാണ് (30) മരിച്ചത്. ഭർത്താവ് വാഴപ്പള്ളി സോനു സെബാസ്റ്റ്യൻ, വാച്ചർ അരങ്ങം സ്വദേശി വെള്ളമ്മകുന്നേൽ സതീശൻ എന്നിവർക്ക് ഇടിമിന്നലിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അപകടം.
പുതിയതായി വാങ്ങിയ സ്കൂട്ടറിൽ ഡ്രൈവിങ് പഠിക്കാൻ ഭർത്താവിനൊപ്പം പോയതാണ് അഞ്ജു. സ്കൂട്ടർ കാപ്പിമലയിൽ വച്ച ശേഷം മലകയറുകയായിരുന്നു. സന്ദർശന സമയം കഴിഞ്ഞും ഇവിടെ നിന്ന അഞ്ജുവിനേയും സോനുവിനേയും തിരിച്ചയയ്ക്കാൻ എത്തിയതായിരുന്നു വാച്ചർ സതീശൻ. സ്വർണാഭരണങ്ങൾ ധരിച്ച അഞ്ജുവിനാണ് കൂടുതൽ പരിക്കേറ്റത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കിലോമീറ്ററുകളോളം ചുമന്നാണ് താഴെ എത്തിച്ചത്. രണ്ടര മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കോളയാട് ഉള്ളൻതോട്ടത്തിൽ തങ്കച്ചൻ–മേരി ദമ്പതികളുടെ മകളാണ് അഞ്ജു. കാസർകോട്ട് എക്സൈസ് ഉദ്യോഗസ്ഥനാണ് സോനു. രണ്ട് വർഷം മുമ്പായിരുന്നു വിവാഹം.










0 comments