ad
Deshabhimani

മുംബൈയിൽ കടുത്ത കുടിവെള്ള ക്ഷാമം; ക്ലബ്ബുകൾക്കും സർവീസ് സെന്ററുകൾക്കും വിലക്ക്

Mumbai.jpg
വെബ് ഡെസ്ക്

Published on Jun 18, 2026, 10:15 PM | 1 min read

മുംബൈ: കാലവർഷം വൈകിയതിനെത്തുടർന്ന് മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ കടുത്ത ജലപ്രതിസന്ധി. സ്ഥിതിഗതികൾ രൂക്ഷമായതോടെ നവി മുംബൈയിൽ ജലവിതരണത്തിന് കർശന നിയന്ത്രണങ്ങളും ജലദുരുപയോഗത്തിന് കനത്ത പിഴയും ഏർപ്പെടുത്തി മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിറക്കി.


പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി നവി മുംബൈ പരിധിയിലുള്ള നീന്തൽക്കുളങ്ങൾ, വാഹനം കഴുകുന്ന സെന്ററുകൾ, സോഡ ഉൾപ്പെടെയുള്ള കാർബണേറ്റഡ് പാനീയങ്ങളും പായ്ക്ക് ചെയ്ത കുടിവെള്ളവും നിർമ്മിക്കുന്ന യൂണിറ്റുകൾ എന്നിവയിലേക്കുള്ള ജലവിതരണം താൽക്കാലികമായി നിർത്തിവെച്ചു.


കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള ജലവിഹിതത്തിൽ 20 ശതമാനം (അഞ്ചിലൊന്ന്) കുറവ് വരുത്തിയിട്ടുമുണ്ട്. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ കമ്മീഷണർ ഡോ. കൈലാസ് ഷിൻഡെ മുന്നറിയിപ്പ് നൽകി.


വാഹനം കഴുകൽ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിച്ചാൽ ആദ്യതവണ 25,000 രൂപ പിഴ ഈടാക്കും. നിയമലംഘനം ആവർത്തിച്ചാൽ 1 ലക്ഷം രൂപ വരെ പിഴ ചുമത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.


നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനാ സംഘങ്ങളെ കോർപ്പറേഷൻ നിയോഗിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ നഗരത്തിലെ നൂറോളം കിണറുകൾ പുനരുദ്ധരിക്കുകയും 166 ബോർവെല്ലുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്.


റോഡ് ഡിവൈഡറുകളിലെ ചെടികൾ നനയ്ക്കുന്നതിനും നിർമ്മാണങ്ങൾക്കും ശുദ്ധീകരിച്ച മലിനജലം ഉപയോഗിക്കാനും കോർപ്പറേഷൻ നിർദ്ദേശിച്ചു. നവി മുംബൈയ്ക്ക് പുറമെ മുംബൈ നഗരത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.


ഭത്സ, അപ്പർ വൈതർണ, മിഡിൽ വൈതർണ, മോദക് സാഗർ, താൻസ, വിഹാർ, തുളസി എന്നീ ഏഴ് പ്രധാന ജലാശയങ്ങളെയാണ് മുംബൈ നഗരം കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. മഴ ശക്തമായി ജലസംഭരണികളിലെ നീരൊഴുക്ക് വർദ്ധിക്കുന്നത് വരെ ജലം പരമാവധി ജനങ്ങൾ കരുതലോടെ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home