ad
Deshabhimani

പനിച്ചുവിറച്ച് കേരളം; നിപയ്ക്കും ഷിഗെല്ല ഭീതിക്കും പിന്നാലെ എം പോക്സും

fever.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 18, 2026, 10:01 PM | 1 min read

തിരുവനന്തപുരം : പകർച്ചപ്പനികളുടെയും ​രോ​ഗങ്ങളുടെയും ആശങ്ക വിട്ടൊഴിയാതെ കേരളം. നിപയ്ക്കും ഷിഗല്ലയ്ക്കും പിന്നാലെ സംസ്ഥാനത്ത്‌ ആശങ്കവിതച്ച്‌ ഒരാൾക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുകയാണ്.


വ്യാഴാഴ്‌ച, തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത്‌ പുല്ലയിൽ വാർഡിൽ 45കാരനാണ്‌ രോഗബാധ. ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്‌. കഴിഞ്ഞദിവസമാണ്‌ ഇയാൾ സ‍ൗദി അറേബ്യയിൽ നിന്ന്‌ നാട്ടിലെത്തിയത്‌. വീട്ടുകാരും നിരീക്ഷണത്തിലാണ്‌. മഴക്കാലം ആരംഭിച്ചതോടെ പലതരം രോഗങ്ങളുടെ പിടിയിലാണ് സംസ്ഥാനം. നിപ ജാഗ്രതയില്‍ സംസ്ഥാന ആരോഗ്യവകുപ്പ് പൂര്‍ണപരാജയം സമ്മതിച്ചിരിക്കുന്ന സാഹചര്യത്തിലാണ്
നിപ, ഷിഗെല്ല, എബോള തുടങ്ങി തുടര്‍ച്ചയായി രോഗസ്ഥിരീകരണം നടത്തുന്നതെന്നതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

എബോള വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്ന സംശയത്തിൽ പാലാ സ്വദേശിനിയായ 52കാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്‌. ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. മൂന്നുദിവസം മുമ്പ്‌ നാട്ടിലെത്തി. പനി ബാധിച്ച്‌ പാലായിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗനിർണയത്തിനായി ഇവരുടെ സ്രവം പുണെയിലെ നാഷനൽ ലാബിലേക്ക്‌ അയച്ചു. പരിശോധന ഫലം വന്നെങ്കിൽ മാത്രമേ സ്ഥിരീകരണമാകൂ.


അതേസമയം, പുതുതായി 19 പേർക്ക്‌ കൂടി ഷിഗല്ലയും തലസ്ഥാനത്ത്‌ ഒരാൾക്ക്‌ അമീബിക്‌ മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്‌. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂർ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിവടങ്ങളിലാണ് വ്യാഴാഴ്‌ച ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് കൂടുതൽ രോഗ ബാധിതർ. നിൽവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ട്‌ബ്രേക്കുള്ളത്‌. തൃശൂർ നാട്ടികയിൽ ബുധനാഴ്‌ച മരിച്ച 67 കാരിക്ക്‌ ഡെങ്കിപ്പനിയാണെന്ന്‌ സ്ഥിരീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home