print edition ഇവരും കേരളത്തിന്റെ മക്കളല്ലേ

പശ്ചിമഘട്ട മലനിരകളിലെ നീലഗിരിക്കുന്നുകളിൽ പരന്നുകിടക്കുന്ന 745 ചതുരശ്ര കിലോമീറ്റർ വന–കാർഷിക മേഖല. കേരളത്തിലെ ഏക ഗോത്രവർഗ താലൂക്ക്. അട്ടപ്പാടി എന്ന ഭൂപ്രദേശം ആദിവാസികളുടെ ലോകമാണ്. ഇന്ന് അവിടെനിന്ന് ഉയരുന്ന വിലാപങ്ങൾ പതിക്കുന്നത് ബധിരകർണങ്ങളിലാണ്. ഒരാഴ്ചക്കിടെ മൂന്നു നവജാതശിശുമരണം. ഇൗ മാസം അഞ്ചും. കഴിഞ്ഞ നാലുമാസത്തെ കണക്കെടുത്താൽ ശിശുമരണസംഖ്യ 10. എന്തേ അവരുടെ വേദന ഇൗ സർക്കാർ കാണാത്തത്. അവരും കേരളത്തിന്റെ മക്കളല്ലേ, അവർക്കും അവകാശങ്ങളും ആവശ്യങ്ങളുമില്ലേ.
ഇൗ മാറ്റം വെറും അഞ്ചുമാസംകൊണ്ട് ഉണ്ടായതെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ, അതാണ് സത്യം. അട്ടപ്പാടിയിൽ ആരോഗ്യമേഖലയാകെ തകർന്നു. യുഡിഎഫ് സർക്കാർ ജീവനക്കാരെ പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരാണ് ഉന്നതികളിൽ ചെന്ന് ഗർഭിണികളുടെയുംമറ്റും ആരോഗ്യസ്ഥിതി മനസ്സിലാക്കി ചികിത്സയ്ക്ക് നിർദേശം നൽകുന്നത്.
നാലുമാസമായി ഇവരാരും ഉന്നതികളിൽ എത്താറില്ല. അതോടെ ഗർഭിണികൾ, നവജാതശിശുക്കൾ, കുട്ടികൾ എന്നിവരുടെ ആരോഗ്യവിവരം അറിയാൻ കഴിയാതായി. ആംബുലൻസിൽ സജ്ജമാക്കിയ മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ, ആരോഗ്യവകുപ്പിന്റെ ജീപ്പിൽ സജ്ജമാക്കിയ ലാബ് എന്നിവയുടെ ഓട്ടവും നിലച്ചു; ഫണ്ടില്ലെന്ന കാരണത്താൽ. ഒന്നരമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് മാസം നൽകിയിരുന്ന 2000 രൂപ സഹായവും നിലച്ചു.
പാലക്കാട് രണ്ടു മന്ത്രിമാരുള്ള ജില്ലയാണ്. പട്ടികജാതി–വർഗ ക്ഷേമ മന്ത്രി കെ എ തുളസി, അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാട് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ എന്നിവർ. പാലക്കാട് എംപിയും മന്ത്രി തുളസിയുടെ ഭർത്താവുമായ വി കെ ശ്രീകണ്ഠനും ഇവിടെ ഉത്തരവാദിത്വം നിറവേറ്റേണ്ടതുണ്ട്. 10 കുട്ടികൾ മരിച്ചിട്ടും ഇൗ മന്ത്രിമാർ അട്ടപ്പാടിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. എംപിയാകട്ടെ, അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന നിലപാടിലുമാണ്. അട്ടപ്പാടി താലൂക്കിലെ മൂന്നു പഞ്ചായത്തുകളിൽ രണ്ടെണ്ണം യുഡിഎഫും ഒരെണ്ണം ബിജെപിയും ഭരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തും യുഡിഎഫാണ്. ഇൗ ഭരണസമിതികൾ ഒന്നുംതന്നെ ശിശുമരണം കണ്ടഭാവം നടിച്ചിട്ടില്ല.
2013കാലത്തെ അനുസ്മരിപ്പിക്കുന്ന ഗുരുതരസ്ഥിതിയാണ് ഇന്ന് അട്ടപ്പാടിയിൽ. 2012–13 വർഷത്തിൽമാത്രം 64 ശിശുമരണമാണ് അട്ടപ്പാടിയിലുണ്ടായത്. ശിശുമരണം കുറയ്ക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് പാലക്കാട് എംപിയായിരുന്ന എം ബി രാജേഷ് നിരാഹാരസത്യഗ്രഹമിരുന്നത് രാജ്യത്താകെ വലിയ വാർത്തയായി. അതിനുശേഷമാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. പിന്നീട് എൽഡിഎഫ് സർക്കാർ വന്നശേഷം മുഖ്യമന്ത്രിയായ പിണറായി വിജയൻ ആദ്യം സന്ദർശിച്ചത് അട്ടപ്പാടിയാണ്. നോഡൽ ഓഫീസറെ നിയമിച്ച് എല്ലാ വകുപ്പുകളുടെയും അവലോകനം മാസംതോറും നടത്തി.
രാജ്യത്തിന് മാതൃകയായി അട്ടപ്പാടി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. 2356 പേർക്ക് സൗജന്യ വിദഗ്ധചികിത്സ നൽകി. സഹകരണവകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതി ശിശുമരണം കുറയ്ക്കാനും ആദിവാസികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിച്ചു. അഞ്ചുവർഷംകൊണ്ട് ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അത് സാധ്യമാകുകയും ചെയ്തു. ഏറ്റവും കൂടുതൽപേർ ചികിത്സ തേടിയത് ഗൈനക്കോളജി വിഭാഗത്തിലാണ്. എല്ലാ മേഖലയിലുള്ള വിദഗ്ധചികിത്സയും അട്ടപ്പാടിക്കാർക്ക് ലഭിച്ചു.
അട്ടപ്പാടിയിലെ ആദിവാസികളെ അലട്ടിയിരുന്ന അരിവാൾ രോഗത്തിന് (സിക്കിൾ സെൽ അനീമിയ) കാരണം കണ്ടെത്തി ചികിത്സിച്ചു. അതാണ് മില്ലെറ്റ് ഗ്രാമം. പരമ്പരാഗത ചെറുധാന്യ ഭക്ഷണരീതിയിലേക്ക് ആദിവാസികൾ തിരിച്ചുവന്നു. ഇത്തരം ഉദ്യമങ്ങളുടെ നൂറിലൊന്നെങ്കിലും യുഡിഎഫ് സർക്കാർ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെയൊരു ദുർഗതി അട്ടപ്പാടിക്ക് വരില്ലായിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തിൽ എല്ലാം തകിടംമറിഞ്ഞു. സർക്കാർസംവിധാനങ്ങൾ തിരിഞ്ഞുനോക്കാതായതോടെ ആദിവാസിജീവിതം വീണ്ടും ദുരിതപൂർണവും ദുരന്തമയവുമായി. ഭരണമാറ്റം എന്നത് അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കടുപ്പമേറിയതാണ്.









0 comments