ഇവർ പ്രോത്സാഹിപ്പിക്കുന്നത് കേരളത്തിന് പാര വയ്‌ക്കുന്നവരെ

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതുകൊണ്ടാകാം സംസ്ഥാന സർക്കാരിനെതിരെ നുണപ്രചാരണങ്ങളുടെ പേമാരിയാണ്. നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണ് തൽപ്പരകക്ഷികൾ. ഇക്കൂട്ടത്തിലൊന്നാണ് കൊല്ലത്തെ നിർദിഷ്ട ഇഎസ്‌ഐ മെഡിക്കൽ കോളേജ് വിഷയം. കേന്ദ്രസർക്കാർ 600 കോടി രൂപ ചെലവിട്ട് കൊല്ലം ആശ്രാമത്ത് സ്ഥാപിക്കാനിരുന്ന മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ തടഞ്ഞുവെന്നാണ് ആക്ഷേപം. 100–150 കുട്ടികൾക്ക് എംബിബിഎസ് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നുവെന്നും പ്രചാരണം നടക്കുന്നു. രാഷ്‌ട്രീയപ്രേരിതമായി ഉയർന്ന ആക്ഷേപം മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ഇഎസ്‌ഐ മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ പാര പണിയുന്നുവെന്നാണ് പ്രമുഖ യുഡിഎഫ് പത്രം മുഖപ്രസംഗം എഴുതിയത്.
മെഡിക്കൽ കോളേജ് തുടങ്ങാൻ സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടി--ഫിക്കറ്റ് നൽകിയില്ലെന്നതാണ് മഹാ പാതകമായി അവതരിപ്പിക്കുന്നത്. വസ്‌തുതകൾ പരിശോധിക്കുന്പോൾ സംസ്ഥാന സർക്കാരിനെ ആക്ഷേപിക്കാൻ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരംമാത്രമാണ് ഇൗ ആക്ഷേപമെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് ബോധ്യമാകും. 2025 ജൂണിൽ ഷിംലയിൽ ചേർന്ന ഇഎസ്ഐ കോർപറേഷൻ ബോർഡ് യോഗം കൊല്ലം ഉൾപ്പെടെ പത്തിടങ്ങളിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ആറുമാസം കഴിഞ്ഞ്, ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഇതിനാവശ്യമായ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഇഎസ്ഐ സംസ്ഥാന സർക്കാരിനെ സമീപിച്ചത്. ജനുവരി 19-നുതന്നെ സംസ്ഥാന സർക്കാർ വിദഗ്ധസംഘത്തെ അയച്ച് നിലവിൽ പ്രവർത്തിക്കുന്ന ഇഎസ്‌ഐ ആശുപത്രി പരിശോധിച്ചു. നാഷണൽ മെഡിക്കൽ കമീഷൻ നിഷ്‌കർഷിക്കുന്ന സൗകര്യങ്ങൾ ഇൗ ആശുപത്രിയിൽ ഇല്ലെന്നും ഇതെല്ലാം പരിഹരിച്ചാൽ സർട്ടിഫിക്കറ്റ് നൽകാവുന്നതാണെന്നും വിദഗ്ധരുടെ സംഘം 22ന് റിപ്പോർട്ട് നൽകി. പോരായ്‌മകൾ പരിഹരിക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ 25ന് ആശുപത്രി അധികൃതർക്ക് സർക്കാർ കത്ത് നൽകി. പദ്ധതിരേഖ സമർപ്പിക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ സർക്കാരിന് ഇഎസ്‌ഐ ഇൗ റിപ്പോർട്ട് കൈമാറിയിട്ടില്ല. ഇത് കിട്ടാതെ സർക്കാരിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാനുമാകില്ല. ആശുപത്രിയിൽ മതിയായ സൗകര്യങ്ങളുണ്ടെന്ന് സംസ്ഥാന സർക്കാർ സാക്ഷ്യപ്പെടുത്തുന്നതാണ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്.
കൊല്ലത്തുതന്നെ പാരിപ്പള്ളിയിൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് തുടങ്ങിയ ഇഎസ്‌ഐ മെഡിക്കൽ കോളേജിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഇതേ ഇഎസ്ഐ കോർപറേഷൻ അവിടെ മെഡിക്കൽ കോളേജ് ബോർഡ് വച്ചു; തികച്ചും അശാസ്‌ത്രീയമായി കുറച്ച് കെട്ടിടങ്ങൾ കെട്ടിപ്പൊക്കി. പക്ഷേ, പഠിപ്പിക്കാൻ അധ്യാപകർ ഉണ്ടായിരുന്നില്ല; ചികിത്സിക്കാൻ ഡോക്ടർമാരില്ല. അനുബന്ധ ലാബുകൾ, ജീവനക്കാർക്കും കുട്ടികൾക്കുമുള്ള ഹോസ്റ്റൽ, മാനദണ്ഡപ്രകാരമുള്ള ജീവനക്കാർ, മരുന്ന് അടക്കം അടിസ്ഥാന ആവശ്യങ്ങൾ എന്നിവ ഏർപ്പെടുത്തിയിരുന്നില്ല. ഇതൊക്കെ സജ്ജീകരിച്ചാൽമാത്രമേ മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാവുകയുള്ളൂ,
എംബിബിഎസ് പ്രവേശനം നടത്താൻ അഖിലേന്ത്യ മെഡിക്കൽ കമീഷൻ അംഗീകാരം നൽകുകയുള്ളൂ. അതുകൊണ്ടുതന്നെ ഉദ്‌ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും അവിടെ എംബിബിഎസ് കോഴ്‌സ് തുടങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ ആ ബാധ്യത മുഴുവൻ സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവച്ച് ഇഎസ്ഐ കോർപറേഷൻ മുങ്ങി. 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ വൻതോതിൽ ഫണ്ട് ചെലവിട്ട് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുകയും മെഡിക്കൽ കമീഷന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്‌തു.
വസ്‌തുത ഇതായിരിക്കെ ഇൗ വിഷയത്തിൽ ബിജെപിയും കൊല്ലം എംപിയും അടക്കം സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന കുപ്രചാരണം കേരളത്തിന് എയിംസ് അനുവദിക്കാൻ തയ്യാറാകാത്ത കേന്ദ്രനിലപാടിനെ വെള്ളപൂശാനുള്ള നീക്കമായിമാത്രമേ കാണാൻ കഴിയൂ. ആവശ്യത്തിന് ഡോക്ടർമാരോ ലബോറട്ടറിയോ ഇല്ലാത്ത ഒരിടത്ത് മെഡിക്കൽ കോളേജ് എന്ന ബോർഡ് വച്ചതുകൊണ്ട് ആർക്കാണ് ഗുണം? കുട്ടികൾക്ക് പഠിക്കാനോ രോഗികൾക്ക് ചികിത്സ തേടാനോ കഴിയില്ല. കേന്ദ്രത്തിന്റെ വീഴ്ചകൾ മറച്ചുവയ്‌ക്കാൻ കേരളത്തെ ബലിയാടാക്കുന്നത് ശരിയാണോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. കേരളത്തിന് പാര പണിയുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് ഫലത്തിൽ മാധ്യമങ്ങളും സംസ്ഥാനത്തെ പ്രതിപക്ഷപാർടികളും.










0 comments