ad
Deshabhimani

തൊഴിലാളിവിരുദ്ധ കേരളവിരുദ്ധ വിബി ജി ആർഎഎംജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 14, 2026, 12:01 AM | 2 min read

​​തൊഴിലുറപ്പ്‌ പദ്ധതിയെ (എംജിഎൻആർഇജിഎ) അട്ടിമറിച്ച്‌ കേന്ദ്ര ബിജെപി സർക്കാർ കൊണ്ടുവന്ന വിബി ജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരികയാണ്‌. പുതിയ നിയമത്തിൽ ​ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയായ പദ്ധതിയിൽനിന്ന്‌ മഹാത്മാഗാന്ധിയുടെ പേര്‌ വെട്ടിമാറ്റിയതിനൊപ്പം അതിലെ സാധാരണക്കാരുടെ തൊഴിലവകാശങ്ങളെത്തന്നെ ഇല്ലാതാക്കുന്നു. സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ സാന്പത്തികഭാരവും അടിച്ചേൽപ്പിക്കുന്നു. തൊഴിലുറപ്പുനിയമത്തിന്റെ അടിസ്ഥാനസ്വഭാവത്തെ തകിടംമറിക്കുന്നതും ഗ്രാമീണമേഖലയിലെ ദരിദ്രതൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്നതുമായ പുതിയ നിയമം ഫെഡറലിസത്തിനും മറ്റു ഭരണഘടനാസ്ഥാപനങ്ങൾക്കും എതിരെ ബിജെപി നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിൽകൂടി വേണം വിലയിരുത്താൻ. വികസിതഗ്രാമങ്ങളെ ഒഴിവാക്കുമെന്ന നിബന്ധന, വികസനത്തിലും ജീവിതനിലവാരത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും പദ്ധതിയിൽനിന്ന്‌ ഒഴിവാക്കപ്പെടുന്ന അവസ്ഥയുമുണ്ടാകും. ആ തരത്തിൽ ഇ‍ൗ നിയമം കേരളവിരുദ്ധവുമാണ്‌.


2005-ൽ ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദത്താൽ രൂപംകൊണ്ട നിയമം റദ്ദാക്കിയാണ്‌ ‘വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ’ (വിബി ജി ആർഎഎംജി) എന്ന പുതിയ നിയമം കൊണ്ടുവരുന്നത്. ഇതോടെ തൊഴിൽ അവകാശമല്ലാതാകും. തൊഴിൽ നൽകിയില്ലെങ്കിൽ നഷ്‌ടപരിഹാരമെന്ന നിയമപരമായ ബാധ്യതയിൽനിന്ന്‌ കേന്ദ്രം ഒഴിവാക്കപ്പെടും. ഇ‍ൗ ഭാരവും സംസ്ഥാനങ്ങളുടെ ചുമലിൽ വീഴും. പദ്ധതി പൂർണമായും കേന്ദ്രത്തിന്റെ കാൽക്കീഴിലാകും. ഇതുവരെ തൊഴിലാളികളുടെ വേതനം പൂർണമായും കേന്ദ്രമാണ് നൽകിയിരുന്നതെങ്കിൽ, ഇനിമുതൽ അതിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരും. ഇതോടെ സാമ്പത്തികപ്രതിസന്ധിയിലായ സംസ്ഥാനങ്ങൾ പദ്ധതിയിൽനിന്ന് പിന്തിരിയുമെന്നും അതുവഴി പദ്ധതി സ്വാഭാവികമായും ഇല്ലാതാകുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.


കാർഷിക സീസണുകളിൽ 60 ദിവസംവരെ പദ്ധതി നിർത്തിവയ്ക്കാം എന്നതാണ് അതിലേറെ അപകടകരം. ഇത് ഗ്രാമീണ ദരിദ്രരുടെ വിലപേശൽശേഷി തകർക്കാനും വൻകിട ഭൂഉടമകൾക്ക് കുറഞ്ഞ കൂലിയിൽ തൊഴിലാളികളെ ലഭ്യമാക്കാനും മാത്രമേ സഹായിക്കൂ. ജനാധിപത്യപരമായ നടത്തിപ്പിനുപകരം മൊബൈൽ ആപ്പുകളും ബയോമെട്രിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടിച്ചേൽപ്പിക്കുന്നത് ഡിജിറ്റൽ സാക്ഷരത കുറഞ്ഞ പാവപ്പെട്ട തൊഴിലാളികളെ പദ്ധതിക്ക് പുറത്താക്കാനിടയാക്കും. ​രാജ്യത്തെ കോടിക്കണക്കിന് ദളിത്- ആദിവാസി കുടുംബങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിലാകും. ഫലത്തിൽ തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്നു പറയുന്നത് വെറും വാഗ്‌ദാനംമാത്രമാകും. അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുപിന്നാലെയാണ്‌ കേന്ദ്രസർക്കാർ നിയമം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചത്‌. ഏപ്രിൽ ഒന്നിന്‌ പ്രാബല്യത്തിലാകേണ്ടിയിരുന്ന പദ്ധതിയുടെ ചട്ടങ്ങൾക്ക്‌ രൂപംനൽകാനുള്ള നടപടികൾ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന്‌ സർക്കാർ വൈകിപ്പിച്ചു. നിലവിൽ തൊഴിലുറപ്പ്‌ പദ്ധതിയുമില്ല, പുതിയ പദ്ധതിയുമില്ല എന്ന അവസ്ഥയാണുള്ളത്‌. പദ്ധതിയുടെ വൈകിപ്പിക്കൽ തൊഴിൽ നഷ്ടപ്പെടാനും കാരണമായി.


കേരളത്തിലെ കാര്യമെടുത്താൽ, 19 ലക്ഷം കുടുംബങ്ങളിലായി 40 ലക്ഷത്തിലേറെ ആളുകളാണ് തൊഴിലുറപ്പ്‌ പദ്ധതിയെ ആശ്രയിച്ച്‌ കുടുംബം പുലർത്തുന്നത്. ശരാശരി എട്ടുകോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്ന കേരളത്തിൽ കോവിഡ് കാലയളവിൽ 10 കോടിയിലധികം തൊഴിൽദിനങ്ങൾ നൽകി. മഹാപ്രളയ പുനർനിർമാണത്തിലും ജലസംരക്ഷണത്തിലും കൃഷിയിടങ്ങളുടെയും ഉപജീവന ആസ്തികളുടെയും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെയും പുനരുജ്ജീവനത്തിലും തൊഴിലുറപ്പ്‌ പദ്ധതി സവിശേഷമായ പങ്കുവഹിച്ചു. എന്നാൽ, പുതിയ നിയമം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്‌ കേരളത്തെയായിരിക്കുമെന്നാണ്‌ വിദഗ്‌ധർ പറയുന്നത്‌.


നഗരവൽക്കരണത്തിന്റെയും അടിസ്ഥാനസൗകര്യ ലഭ്യതയുടെയും അടിസ്ഥാനത്തിൽ കേന്ദ്രം, പഞ്ചായത്തുകളെ എ, ബി, സി എന്നിങ്ങനെ വേർതിരിക്കുമെന്ന വ്യവസ്ഥയാണ്‌ കേരളത്തിന്‌ വിനയാകുക. കൂടുതൽ നഗരവൽക്കരണം നടന്ന പഞ്ചായത്തുകൾക്ക് വിഹിതം കുറവായിരിക്കും. അടിസ്ഥാനസൗകര്യവികസനത്തിലും നഗരവൽക്കരണത്തിലും മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ പഞ്ചായത്തുകൾ ഒരുപാട് മുന്നിലാണ്‌. അതുകൊണ്ടുതന്നെ വിഹിതം കുറയുക കേരളത്തിലെ പഞ്ചായത്തുകൾക്കായിരിക്കുമെന്നു തീർച്ച. ഈ പ്രതിസന്ധി മുന്നിൽ കണ്ട്‌ തൊഴിലാളികളെ സംരക്ഷിക്കാനായി കേരളം കഴിഞ്ഞ ബജറ്റിൽ 1000 കോടി മാറ്റിവച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയ സർക്കാർ ഇതിനോട്‌ എന്തു സമീപനം സ്വീകരിക്കുമെന്നു കാണാൻ കാത്തിരിക്കുകയാണ്‌ കേരളം.


പ്രതിപക്ഷം ഒന്നിച്ച്‌ എതിർത്തിട്ടും ഇതുസംബന്ധിച്ച്‌ ബിൽ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌ അയക്കാൻപോലും മോദിസർക്കാർ തയ്യാറായില്ല. ഇനി തൊഴിലാളിവർഗത്തിന്റെ ഐക്യപോരാട്ടങ്ങളിലൂടെമാത്രമേ ഈ അധിനിവേശത്തെ ചെറുക്കാനാകൂ. കേന്ദ്രത്തിന്റെ ഫെഡറൽവിരുദ്ധ, തൊഴിലാളിവിരുദ്ധ നിയമത്തിനെതിരെ മെയ് 15-ന് പ്രഖ്യാപിച്ച പണിമുടക്ക് ഗ്രാമീണജനതയുടെ അതിജീവനപോരാട്ടമായി മാറുമെന്ന്‌ ഉറപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home